Capturing Business 360°

മാറുന്ന ബിസ്സിനസ്സ് അന്തരീക്ഷം…എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

സാമ്പത്തിക നയമാറ്റത്തിന്റെ വേലിയേറ്റത്തില്‍പ്പെട്ട് ആടിയുലയുന്ന ഇന്ത്യന്‍ സമ്പദ് രംഗത്ത് പ്രതീക്ഷയുണര്‍ത്തുന്ന സൂചികയാവുകയാണ് ലോകബാങ്ക് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട്. ബിസ്സിനസ്സ് അനുകൂലസാഹചര്യത്തിന്റെ കാര്യത്തില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മുന്‍നിരയിലേക്ക് എത്തിയെന്ന ശുഭവാര്‍ത്തയാണ് ലോകബാങ്ക് പങ്കുവെയ്ക്കുന്നത്. ബിസ്സിനസ്സ് സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതിലും അവ നടത്തിക്കൊണ്ടുപോകുന്നതിലുമുളള 10 മാനദണ്ഡങ്ങളില്‍ ആറിലും ഇന്ത്യ തൃപ്തികരമായി മുന്നേറിയതായി റിപ്പോര്‍ട്ട് പറയുന്നു.കഴിഞ്ഞ വര്‍ഷം ലോകബാങ്ക് പട്ടികയില്‍ നൂറാം സ്ഥാനത്ത് നിന്നിരുന്ന രാജ്യം ഇക്കുറി 77-ാം റാങ്കിലേക്ക് ഉയര്‍ന്നു. സംരംഭത്തിന്റെ തുടക്കം,നിര്‍മ്മാണ അനുമതി, വൈദ്യുതി ലഭ്യത, വായ്പാ ലഭ്യത, അതിര്‍ത്തികടന്നുളള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ എന്നിവയിലാണ് പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യം ബിസ്സിനസ്സ് അന്തരീക്ഷത്തിന്റെ കാര്യത്തില്‍ 2014 – ല്‍ 142 – ാം സ്ഥാനത്താണ് നിലയുറപ്പിച്ചിരുന്നത്. 2017- ല്‍ ഇത് 131 -ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പിന്നീട് 100 -ാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തി. ലോകത്ത് ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ പുരോഗതി കൈവരിച്ച 10 പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളിലൊന്നാവുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഈ നേട്ടം രാജ്യത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നതാണെന്നും ലോകബാങ്ക് വിലയിരുത്തുന്നു. ബിസ്സിനസ്സ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതില്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുളള ചില നടപടികള്‍ ഫലം ചെയ്യുന്നുവെന്നതിന്റെ സൂചനയായും ലോകബാങ്ക് റിപ്പോര്‍ട്ടിനെ വിലയിരുത്താം. വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പ്രത്യേകബോര്‍ഡ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത് ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. പുത്തന്‍ സംരംഭകര്‍ക്കായുളള വായ്പാ പദ്ധതികള്‍ക്കു തുടക്കമിട്ടതും പുതുസംരംഭങ്ങള്‍ക്കായുളള നടപടിക്രമങ്ങള്‍ കൂടുതല്‍ ലിബറലാക്കിയതും ബിസ്സിനസ്സ് അന്തരീക്ഷം മെച്ചപ്പെടാന്‍ കാരണമായിട്ടുണ്ട്.

പവര്‍ പ്രോജക്ടുകള്‍ക്ക് നല്‍കിയ പ്രാധാന്യം. ഊര്‍ജ്ജ സ്രോതസ്സുകളില്‍ വരുത്തിയ വൈവിധ്യവല്‍ക്കരണം തുടങ്ങിയവയെല്ലാം പവര്‍സെക്ടറിലെ പ്രശ്‌നങ്ങള്‍ക്ക് അയവുണ്ടാക്കിയെന്നതും പ്രധാനമാണ്. വ്യവസായങ്ങള്‍ക്ക് വളര്‍ച്ച നേടാന്‍ കഴിയുമെന്ന വിശ്വാസം ജനിപ്പിക്കുന്നതിനൊപ്പം കരാറുകളിലും വ്യവസ്ഥകളിലുമൊക്കെ കൂടുതല്‍ കൃത്യതയും സുതാര്യതയും കൊണ്ടുവരാനുളള നടപടികളുണ്ടായതും ബിസ്സിനസ്സ് കോണ്‍ഫിഡന്‍സിനെ സ്വാധീനിച്ചിട്ടുണ്ട്. ബിസ്സിനസ്സ് അനുകൂല അന്തരീക്ഷത്തിന്റെ കാര്യത്തില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന അമ്പത് രാജ്യങ്ങളില്‍ ഒന്നായി മാറുകയെന്ന വലിയ സ്വപ്‌നമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഷങ്ങള്‍ക്കു മുന്‍പ് പങ്കുവെച്ചത്. ഈ ലക്ഷ്യം ശ്രമകരമാണെങ്കില്‍ കൂടി ഇന്ത്യയെ സംബന്ധിച്ച് അത് അപ്രാപ്യമല്ലെന്നും ലോകബാങ്ക് അഭിപ്രായപ്പെടുന്നുണ്ട്. പോളിസി മേക്കിങ്ങിന്റെ കാര്യത്തില്‍ വന്നവേഗത സമ്പദ് രംഗത്ത് ചിലതരം സന്നിഗ്ദ്ധതകള്‍ക്കും സങ്കീര്‍ണ്ണതകള്‍ക്കും കാരണമായിട്ടുണ്ടെങ്കില്‍ കൂടി തികച്ചും നയരഹിതമായ ഒരു അവസ്ഥയില്‍ നിന്നുളള മാറ്റം ബിസ്സിനസ്സ് അന്തരീക്ഷത്തെ ഗുണപരമായി സ്വാധീനിക്കുന്നുവെന്നു തന്നെയാണ് വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ ബിസ്സിനസ്സ് സൗഹൃദ അന്തരീക്ഷത്തില്‍ ശ്രദ്ധേയമായ മുന്നേറ്റമുണ്ടായിയെന്ന ലോകബാങ്ക് റിപ്പോര്‍ട്ട് അതിന് തെളിവാകുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഉണ്ടായ മാറ്റം ശ്രദ്ധേയം – അനില്‍ കുമാര്‍ ശര്‍മ്മ

രാജ്യത്തെ ബിസ്സിനസ്സ് അനുകൂല സാഹചര്യങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നുവെന്ന വേള്‍ഡ് ബാങ്ക് പഠനറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് വലിയ അംഗീകാരമായി മാറുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലുണ്ടായിട്ടുളള മാറ്റം വളരെയേറെ ശ്രദ്ധേയമാണ്. ലോകത്ത് വളരെ ചുരുങ്ങിയ കാലയളവില്‍ വര്‍ദ്ധിച്ച പുരോഗതിയിലെത്തിയ 10 പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന ലോകബാങ്കിന്റെ വിലയിരുത്തല്‍ രാജ്യത്തെ നയപരിഷ്‌കരണങ്ങള്‍ക്കുളള പരോക്ഷപിന്തുണ കൂടിയാണ്. മുന്‍കാലത്തെ നയരഹിതമായ അവസ്ഥയില്‍ നിന്ന് വ്യക്തമായ നയങ്ങളിലേക്കുളള ചുവടുവെയ്പുണ്ടായിയെന്നത് പ്രധാനമാണ്. പുറമെ നിന്നു നോക്കുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെപ്പറ്റി വിശ്വാസം ജനപ്പിക്കുന്നുണ്ട്.

രാജ്യത്തെ സംബന്ധിച്ച് ഉയര്‍ന്ന ക്രൂഡ് വില മാത്രമാണ് ഭീഷണിയായുളളത്. പലിശ നിരക്കുകള്‍ കുറയുന്നതും ആശ്വാസകരമാണ്. നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു സേഫ് സോണ്‍ ആയി മാറിയെന്നത് പ്രധാനമാണ്. ഒന്നും ചെയ്യാതിരിക്കുന്ന അവസ്ഥയില്‍ നിന്നു മാറി ധൈര്യപൂര്‍വ്വമുളള നടപടികളിലേക്ക് രാജ്യം മാറിയെന്നതിനുളള അംഗീകാരം തന്നെയാണ് ലോകബാങ്ക് റിപ്പോര്‍ട്ട്.

(കേരളകൗമുദി ബിസ്സിനസ്സ് എഡിറ്ററാണ് ലേഖകന്‍)

പല കാര്യങ്ങളുടെ ആകെത്തുകയായി കാണണം – ഡോ.വി.കെ.വിജയകുമാര്‍

ലോകത്ത് ബിസ്സിനസ്സ് അനുകൂലസാഹചര്യത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറുന്നുവെന്ന റിപ്പോര്‍ട്ട് മാസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു. കൂടുതല്‍ വിശ്വാസം ജനിപ്പിക്കുന്ന തരത്തില്‍ സമ്പദ് രംഗത്ത് അനുകൂല ഘടകങ്ങളുണ്ടായതിന്റെ പരിണതിയായി തന്നെ ഇതിനെ കാണാം. ലോകബാങ്ക് റിപ്പോര്‍ട്ട് പല മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുളളതാണ്. ഗവണ്‍മെന്റ് പോളിസികള്‍ ഉണ്ടാക്കുന്നുവെന്നത് പ്രധാനം തന്നെയാണ്. അതിനൊപ്പം പല കാര്യങ്ങളും സ്വാധീനിക്കുന്നുണ്ട്.

വായ്പാലഭ്യത, പവ്വര്‍ ജനറേഷന്‍, തുടങ്ങിയ കാര്യങ്ങളൊക്കെ ഇതില്‍ മാനദണ്ഡങ്ങളാണ്. രാജ്യത്ത് ക്രെഡിറ്റ് റേറ്റിങ്ങ് ഉയര്‍ന്നിരിക്കുന്നു. എക്‌സ്റ്റേണല്‍ കമേഴ്‌സ്യല്‍ ബോറോവിങ്ങിന്റെ പലിശ നിരക്കിനെ ഇത് ഗുണകരമായി സ്വാധീനിക്കുന്നുണ്ട്. ക്യാപിറ്റല്‍ ഫോര്‍മേഷനിലുളള ബുദ്ധിമുട്ട് ഇവിടെ ലഘൂകരിക്കപ്പെടുന്നുണ്ട്. ഇതൊക്കെ രാജ്യത്തെ ബിസ്സിനസ്സ് അനുകൂലഅന്തരീക്ഷം ഉരുത്തിരിയുന്നതില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. പലകാര്യങ്ങളുടെ ആകെത്തുകയായി ഈ മാറ്റത്തെ കാണേണ്ടതുണ്ട്.

(പ്രമുഖ ധനകാര്യവിദഗ്ദ്ധനാണ് ലേഖകന്‍)

സര്‍ക്കാര്‍ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നുവെന്നത് പ്രധാനം – കെ.ടി.ജോസഫ്

രാജ്യത്ത് ബിസ്സിനസ്സ് അനുകൂല അന്തരീക്ഷം സംജാതമാവുന്നുവെന്നതിനുപിന്നില്‍ ഒരു ക്രിയാത്മക സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പോളിസി മേക്കിങ്ങ് രാജ്യത്തെ സംബന്ധിച്ച് വളരെ പ്രാധാന്യത്തോടെ കാണേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ ബോദ്ധ്യമാവുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പോളിസി രഹിതമായ അവസ്ഥയിലൂടെയാണ് രാജ്യം നീങ്ങിയിരുന്നത്. ആര്‍ബിഐ വായ്പാ നയങ്ങളില്‍ ഇത് പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. ആ നയരഹിത സാഹചര്യത്തില്‍ നിന്നുളള മാറ്റത്തിലൂന്നിയാണ് മോദിസര്‍ക്കാര്‍ ഭരണത്തിലെത്തിയത്. ആ പ്രതീക്ഷയ്‌ക്കൊപ്പമെത്താന്‍ മോദിക്ക് സാധിച്ചോയെന്നത് സംശയമാണെങ്കിലും ചില ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിയെന്നത് പ്രധാനമാണ്.

പുറത്തുവന്ന ലോകബാങ്ക് റിപ്പോര്‍ട്ട് തന്നെ ആ ശ്രമങ്ങളെ ബോദ്ധ്യമാക്കുന്നുണ്ട്. ബിസ്സിനസ്സ് അനുകൂല സാഹചര്യങ്ങളുടെ കാര്യത്തില്‍ രാജ്യം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വര്‍ഷം ലോകബാങ്ക് പട്ടികയില്‍ നൂറാം സ്ഥാനത്തായിരുന്ന രാജ്യമാണ് ഇത്തവണ 77-ാം റാങ്കിലെത്തിയിരിക്കുന്നത്. 2014 – ലാവട്ടെ 142 -ാം സ്ഥാനം മാത്രമായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. ചുരുങ്ങിയ കാലയളവില്‍ കൂടുതല്‍ പുരോഗതിയിലേക്കെത്തിയ 10 പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യം തന്നെയാണ്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)