Capturing Business 360°

വന്‍തുക വായ്പ എടുത്തിട്ടുള്ള അകൗണ്ടുകളില്‍ പ്രത്യേക പരിശാധന നടത്താന്‍ റിസര്‍വ് ബാങ്ക് നീക്കം; നടപടി വായ്പകള്‍ക്ക് ബാങ്കുകള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ

ന്യൂഏജ് ന്യൂസ്

കിട്ടാക്കടം പെരുകുന്ന സാഹചര്യത്തില്‍ വന്‍തുകകള്‍ വായ്പയായി എടുത്തിട്ടുള്ള 200 അകൗണ്ടുകളില്‍ പ്രത്യേക പരിശാധന നടത്താന്‍ റിസര്‍വ് ബാങ്ക് നീക്കം തുടങ്ങി. ഈ അകൗണ്ടുകളില്‍ നല്‍കിയ വായ്പകള്‍ക്ക് അതാത് ബാങ്കുകള്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നത് അടക്കമുള്ള പരിശോധനകളാണ് ആര്‍ ബി ഐ നടത്തുക.

വീഡിയോകോണ്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ എന്നിവ അടക്കമുള്ള പ്രമുഖ കമ്ബനികള്‍ക്ക് നല്‍കിയ വന്‍ തുകക്കുള്ള വായ്പകള്‍ കുടിശിക ആയിട്ടുണ്ട്. ഇത്തരം വായ്പകളിലാണ് പ്രത്യേകം പരിശോധിക്കുന്നത്. സാധാരണ വാര്‍ഷിക പരിശോധന മാത്രമാണിതെന്ന് വിശദീകരണം നല്‍കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 200 അകൗണ്ടുകള്‍ തിരഞ്ഞെടുത്ത് പരിശോധിക്കുന്നത്.

ബാങ്കുകളുടെ കിട്ടാക്കടം കുമിഞ്ഞു കൂട്ടുന്ന സാഹചര്യത്തില്‍ ഇതിനു പ്രത്യേക പ്രാധാന്യമുണ്ടെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു. 2018 മാര്‍ച്ച്‌ മാസത്തില്‍ കിട്ടാക്കടം 10.3 ലക്ഷം കോടി രൂപയാണ്. 2017 മാര്‍ച്ചില്‍ ഇത് എട്ടു ലക്ഷം കോടി രൂപയായിരുന്നു. ബാങ്കുകള്‍ നല്‍കിയിരിക്കുന്ന മൊത്തം വായ്പകളുടെ 11 .2 ശതമാനം കിട്ടാകടമായി മാറിയിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനകളില്‍ യെസ് ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകള്‍ കിട്ടാക്കടം മറച്ചു വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു സാമ്ബത്തിക വര്‍ഷങ്ങളിലായി യെസ് ബാങ്ക് ഇങ്ങനെ 11,000 കോടി രൂപയുടെ വായ്പക്ക് മതിയായ നീക്കിവെയ്പ്പ് നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. 2015 -16 സാമ്ബത്തിക വര്‍ഷത്തില്‍ ഐ സി ഐ സി ഐ ബാങ്ക് 5000 കോടി രൂപയും ആക്സിസ് ബാങ്ക് 14,000 കോടി രൂപയും ഇത് പോലെ മറച്ചുവെച്ചതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മുതല്‍ ആര്‍ ബി ഐ ഇത്തരം വീഴ്ചകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ചില വന്‍കിട വായ്പകളുടെ തിരിച്ചടവ് പ്രത്യേകം പരിശോധിക്കുന്നത്.