Capturing Business 360°

ഇസ്രയേല്‍ വിളിക്കുന്നു, മലയാളി യാത്രികരെ; ഇസ്രയേലിലേക്ക് ഇന്ത്യയില്‍ നിന്നെത്തുന്ന സഞ്ചാരികളില്‍ അഞ്ചിലൊന്നും മലയാളികൾ

ന്യൂഏജ് ന്യൂസ്

കൊച്ചി: ഇന്ത്യന്‍ സഞ്ചാരികളെ ഇസ്രയേലിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇസ്രയേല്‍ വിനോദ സഞ്ചാര മന്ത്രാലയം സംഘടിപ്പിക്കുന്ന റോഡ് ഷോ കൊച്ചിയില്‍ നടന്നു. ഇസ്രയേലിലേക്ക് ഇന്ത്യയില്‍ നിന്നെത്തുന്ന ആകെ സഞ്ചാരികളില്‍ അഞ്ചിലൊന്നും സംഭാവന ചെയ്യുന്നത് കേരളമായിരിക്കെ ഇവിടത്തെ ജനങ്ങൾക്ക് ഇസ്രയേല്‍ വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ റോഡ് ഷോ സംഘടിപ്പിച്ചതെന്ന് ഇന്ത്യയുടെയും ഫിലിപ്പൈന്‍സിന്റെയും ചുമതലയുള്ള ഇസ്രയേലി വിനോദ സഞ്ചാര മന്ത്രാലയം ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാരും ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ള എൺപതോളം പ്രമുഖ സ്ഥാപനങ്ങളുമായി ഇസ്രയേല്‍ സംഘം ചര്‍ച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ഹസാന്‍ മധാ, ഇസ്രയേലി വിനോദ സഞ്ചാര മന്ത്രാലയം വിപണന വിഭാഗം ഡയറക്ടര്‍ ജുഡാ സാമുവല്‍ എന്നിവരാണ് പ്രതിനിധി സംഘത്തെ നയിച്ചത്.

കേരളത്തില്‍ നിന്നുള്ള സഞ്ചാരികള്‍ തീര്‍ത്ഥാടന കേന്ദ്രമായാണ് ഇസ്രയേലിനെ പൊതുവെ പരിഗണിച്ചിരുന്നതെന്നും ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ കൂടി ഇസ്രയേലിനെ ഉയര്‍ത്തിക്കാട്ടുകയാണ് ലക്ഷ്യമെന്നും ഹസാന്‍ മധാ പറഞ്ഞു. ഇവിടെ നിന്നുള്ളവര്‍ക്ക് തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്കു പുറമേ വിനോദ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്കും താല്‍പ്പര്യം വര്‍ധിക്കുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടത്.

‘കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്നുള്ള അവസരങ്ങള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്താനാണ് ഇസ്രായേലി ടൂറിസം മന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇസ്രയേലി എയര്‍ലൈനായ ആര്‍കിയ ദക്ഷിണേന്ത്യയില്‍ നിന്ന് പ്രവര്‍ത്തനമാരംഭിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. വരും വര്‍ഷങ്ങളില്‍ കൊച്ചിയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള യാത്രകള്‍ വര്‍ധിക്കാന്‍ ഇത് വഴിയൊരുക്കും’.

ഇസ്രയേലി വിനോദ സഞ്ചാര മന്ത്രാലയം ഡയറക്ടര്‍ ഹസാന്‍ മധാ

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇസ്രയേലിലേക്കുള്ള യാത്രകൾക്ക് സബ്‌സിഡി നൽകുന്ന കാര്യവും ഹസാൻ മധാ എടുത്തു പറഞ്ഞു. മഹാരാഷ്ട്ര കർഷകർക്ക് ഇസ്രയേലിലേക്കുള്ള കാർഷിക പഠന യാത്രകൾക്ക് സബ്‌സിഡി നൽകുമ്പോൾ ആന്ധ്ര തീർത്ഥാടനയാത്രകൾക്കാണ് സബ്‌സിഡി നൽകുന്നത്.

2018 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയില്‍ നിന്ന് 48,800 പേരാണ് ഇസ്രയേല്‍ സന്ദര്‍ശിക്കാനെത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 58 ശതമാനം വളര്‍ച്ച. ഇന്ത്യന്‍ പൗരന്‍മാര്‍ക്കായുള്ള വീസാ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും നടപടികളുണ്ടായതായി ഹസന്‍ മധാ പറഞ്ഞു. അതിവേഗ വീസാ നടപടിക്രമങ്ങള്‍, അമേരിക്ക, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സന്ദർശിച്ചിട്ടുള്ളവർക്ക് രേഖകളില്‍ ഇളവ് തുടങ്ങിയവ ഇതില്‍ പെടുന്നു. വീസാ ഫീസ് 1,100 രൂപയായി കുറച്ചത് ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേര്‍ തങ്ങളുടെ അവധിക്കാല കേന്ദ്രമായി ഇസ്രയേലിനെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചരിത്ര നഗരമായ ജറുസലേം മുതല്‍ ബീച്ച് നഗരമായ ടെല്‍ അവീവ് വരേയും ചാവു കടല്‍ മുതല്‍ ചെങ്കടല്‍ വരേയും വ്യാപിച്ചു കിടക്കു നിരവധി ആകര്‍ഷണങ്ങളാണ് സഞ്ചാരികള്‍ക്കായി ഇസ്രയേലിലുള്ളത്.