Capturing Business 360°

ഇന്ത്യൻ ബഹിരാകാശ സംഘടനയ്ക്ക് ഇരട്ടനേട്ടം; ജിസാറ്റ്-29 പ്രവർത്തനക്ഷമമായതോടെ രാജ്യത്തെ ഇന്റർനെറ്റ് വേഗതയിൽ പ്രതീക്ഷിക്കുന്നത് വലിയ കുതിച്ചുചാട്ടം, ചന്ദ്രയാൻ-2 ദൗത്യത്തിന് കൂടുതൽ ആത്മവിശ്വാസം പകർന്ന് ‘ബാഹുബലി’ റോക്കറ്റിന്റെ വിക്ഷേപണ വിജയവും

ന്യൂഏജ് ന്യൂസ്

ജിഎസ്എൽവി-മാർക്ക്- 3 റോക്കറ്റ് ഇനി ഐഎസ്ആർഒയുടെ ഔദ്യോഗിക വിക്ഷേപണ വാഹനങ്ങളുടെ പട്ടികയിൽ. നിരന്തരമായ പരീക്ഷണ വിക്ഷേപങ്ങൾക്കൊടുവിൽ ജിഎസ്എൽവി-മാർക്ക്- 3 പൂർണ പ്രവർത്തന സജ്ജമായതായി ഇസ്രോ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ അത്യാധുനിക വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 വിജയകരമായി ലക്ഷ്യത്തിൽ എത്തിച്ചതോടെയാണ് നാം ഏറെ കാലമായി കാത്തിരുന്ന ആ പ്രഖ്യാപനം ഇസ്രോ നടത്തിയത്.

3423 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്–29 ലക്ഷ്യത്തിലെത്തിയതോടെ ഇന്ത്യൻ ബഹിരാകാശ ഏജൻസി അതിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുകയാണ്. കഴിഞ്ഞ മാസം നടന്ന ജിസാറ്റ്6എ ഉപഗ്രഹത്തിന്റെ വിക്ഷേപണ പരാജയത്തിൽ നിന്നും നാം പൂർവാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുന്നു. ജിസാറ്റ്‌ 6എ വിക്ഷേപണ പരാജയത്തിന് ശേഷം മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ വഹിച്ചുള്ള വിക്ഷേണം വിജയകരമായി നടന്നിരുന്നുവെങ്കിലും ഇന്ത്യയുടെ സ്വന്തം ഉപഗ്രഹം വഹിച്ചുള്ള വിക്ഷേപണം ഇതാദ്യമാണ്.

ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കൂടുതൽ ശക്തിപകരുന്നതാണ് ജിസാറ്റ്–29 ന്റെ വിക്ഷേപണ വിജയം. കശ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവനങ്ങൾ വർധിപ്പിക്കാൻ വേണ്ടിയാകും ജിസാറ്റ്-29 പ്രധാനമായും ഉപയോഗപ്പെടുത്തുക. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഈ സംസ്ഥാനങ്ങളിലെ എല്ലാ ഭാഗത്തേക്കും വാര്‍ത്താവിനിമയ സേവനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. ഗ്രാമങ്ങളിൽ പോലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇന്ത്യൻ മഹാസമുദ്രത്തിലെ ശത്രുക്കളുടെ കപ്പലുകളെ നിരീക്ഷിക്കാനും ജിസാറ്റ്–29 ഉപയോഗപ്പെടുത്തും.

ഉപഗ്രഹത്തിന് പത്തുവര്‍ഷത്തെ പ്രവര്‍ത്തന കാലാവധിയാണുള്ളത്. 3,423കിലോഗ്രാം ഭാരവും 43.4 മീറ്റര്‍ ഉയരവുമുള്ള ജിസാറ്റ്-29 ഇന്ത്യ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്. ജി.എസ്.എല്‍.വി-മാര്‍ക്ക്- 3 യുടെ രണ്ടാമത്തെ ഭാരമേറിയ വിക്ഷേപമാണ് പൂർത്തിയായിരിക്കുന്നത്.

ജിഎസ്എൽവി-മാർക്ക്- 3 റോക്കറ്റിൽ ജിസാറ്റ്-29 വിജയകരമായി ലക്ഷ്യത്തിലെത്തിച്ചതോടെ ഇരട്ട വിജയമാണ് ഇസ്രോ നേടുന്നത്. ഇന്ത്യയുടെ വാർത്താവിനിമയ സാങ്കേതിക വിദ്യകളും അടിസ്ഥാന സൗകര്യങ്ങളും വലിയ തോതിൽ മെച്ചപ്പെടുത്തുവാൻ ഇസ്രോയ്ക്ക് ജിസാറ്റ്-29 പ്രവർത്തനക്ഷമമാകുന്നതോടെ സാധ്യമാകും. ഇതോടെ രാജ്യത്തെ, പ്രത്യേകിച്ച് കാശ്മീരിലെയും നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ഇന്റർനെറ്റ് വേഗത വളരെയധികം മെച്ചപ്പെടും. മറ്റൊരു സുപ്രധാന നേട്ടം കൈവരിച്ചത് ലോഞ്ച് വെഹിക്കിളിന്റെ പ്രവർത്തനക്ഷമതയുടെ കാര്യത്തിലാണ്. ഇസ്രോയുടെ വിക്ഷേപണ വാഹനങ്ങളുടെ കൂട്ടത്തിൽ ബാഹുബലി എന്ന പേരിൽ അറിയപ്പെടുന്ന ജിഎസ്എൽവി-മാർക്ക്- 3 പൂർണ പ്രവർത്തന സജ്ജമാകുന്നതോടെ ചന്ദ്രയാൻ-2 വിക്ഷേപണത്തിന് ഒരുങ്ങുന്ന രാജ്യത്തിന് അത് കൂടുതൽ ആത്മവിശ്വാസം നൽകും. 2019 ജനുവരിയിൽ നടക്കും എന്ന കരുതപ്പെടുന്ന ചന്ദ്രയാൻ-2 ദൗത്യത്തിൽ നിരീക്ഷണ പേടകത്തെ വഹിച്ച് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് കുതിക്കുക ജിഎസ്എൽവി-മാർക്ക്- 3 റോക്കറ്റ് ആയിരിക്കും.