Capturing Business 360°

അമേരിക്കയില്‍ മൂന്നിരട്ടി വില്‍പന ലക്ഷ്യമിട്ട് റോയല്‍ എന്‍ഫീല്‍ഡ്; അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മീഡിയം ബൈക്കുകളുടെ വില്പനയില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിയേക്കും

ന്യൂഏജ് ന്യൂസ്

അമേരിക്കയില്‍ വില്‍പന മൂന്നിരട്ടി ആക്കി ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ബുള്ളറ്റ് നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ബുള്ളറ്റ് ബൈക്കുകളുടെ വില്‍പന 2000 ആയി ഉയര്‍ത്തുന്നതിനാണ് നീക്കം. 2017 -18 സാമ്ബത്തിക വര്‍ഷത്തില്‍ 700 ബൈക്കുകളാണ് അമേരിക്കന്‍ വിപണിയില്‍ കമ്ബനി വില്‍പന നടത്തിയത്.

അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മീഡിയം ഭാരമുള്ള ബൈക്കുകളുടെ വില്പനയില്‍ ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തെത്തുകയാണ് ലക്ഷ്യമെന്ന് കമ്ബനിയുടെ നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് റോഡ് കോപ്സ് പറഞ്ഞു. 10,000 ത്തിനും 15,000 ത്തിനും ഇടയ്ക്ക് വില്‍പ്പനയാണ് ലക്‌ഷ്യം, അദ്ദേഹം പറഞ്ഞു.

4000 ഡോളറാണ് അമേരിക്കയില്‍ ബുള്ളറ്റിന്റെ സ്റ്റാര്‍ട്ടിങ് പ്രൈസ്. 8000 ഡോളര്‍ വരെയുള്ള ബൈക്കുകളുടെ വില്‍പന കമ്ബനി ലക്ഷ്യമിടുന്നു. ബുള്ളറ്റിന്റെ പ്രധാന എതിരാളികളായ ഹാര്‍ലി ഡേവിഡ്‌സണിന്റെ തുടക്ക വില 6899 ഡോളറാണ്. ഏറ്റവും ഉയര്‍ന്ന മോഡലിന്റെ വില 43,889 ഡോളറാണ്. 2017 -18 സാമ്ബത്തിക വര്‍ഷത്തില്‍ ഹാര്‍ലി വിറ്റത് 144893 ബൈക്കുകളാണ്.
ഇടത്തരം ഭാരമുള്ള ബൈക്കുകളുടെ വില്‍പന കൂടുതല്‍ ശക്തമാക്കാനാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ ലക്ഷ്യമിടുന്നത്. ഇതിനായി സ്ട്രീറ്റ് 500 , സ്ട്രീറ്റ് 750 , സ്ട്രീറ്റ് റോഡ് റേഞ്ച് എന്നീ മൂന്ന് മോഡലുകള്‍ കമ്ബനി അവതരിപ്പിച്ചിട്ടുണ്ട്. മീഡിയം ഭാരമുള്ള ബൈക്കുകളുടെ രംഗത്താണ് ബുള്ളറ്റ് ഹാര്‍ലിയുമായി മത്സരത്തിന് ഒരുങ്ങുന്നത്.