Capturing Business 360°

ഹോം സ്റ്റേകള്‍ നേരിടുന്ന പ്രതിസന്ധി – എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

സംസ്ഥാനം ലോകത്തിന്റെ സജീവ ശ്രദ്ധയിലുളള മികച്ച ഒരു വിനോദസഞ്ചാര മേഖലയെന്ന ഖ്യാതിനിലനിര്‍ത്തുമ്പോള്‍ തന്നെ ഈ മേഖലയിലെ അനുബന്ധ ബിസ്സിനസ്സ് സംരംഭങ്ങള്‍ പലതും പ്രതിസന്ധികള്‍ക്ക് നടുവിലാണ്. ടൂറിസം രംഗത്തെ വില്ലേജ് ടൂറിസം പദ്ധതിയോടനുബന്ധിച്ച് വ്യാപകമാക്കപ്പെട്ട ഹോംസ്റ്റേകള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. ഈ മേഖലയിലെ അംഗീകൃത സംരംഭങ്ങള്‍ക്ക് തുടര്‍ന്നു പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. അശാസ്ത്രീയമായ നികുതി ചുമത്തലും വ്യക്തതയില്ലാത്ത നിയമങ്ങളും മൂലം അംഗീകൃതരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോംസ്റ്റേകള്‍ക്കൊപ്പം അനധികൃതഹോംസ്റ്റേകളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായാണ് തെളിയുന്നത്. ഇത് ഈ രംഗത്ത് അനാരോഗ്യകരമായ പല പ്രവണതകള്‍ക്കും വഴിതെളിക്കുന്നുവെന്നതും വസ്തുതയാണ്. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമായി വര്‍ത്തിക്കേണ്ട ഒരു മേഖലയാകെ മുരടിപ്പിലേക്ക് നീങ്ങുന്നതായാണ് സൂചന. ഹോംസ്റ്റേകള്‍ നിലനിര്‍ത്തുന്നതില്‍ ടൂറിസം വകുപ്പ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന പരാതിയാണ് ഹോംസ്റ്റേകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വിവിധതലങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ഭാരിച്ച നികുതി നിരക്കുകളും വിവിധ വകുപ്പുകളില്‍ നിന്നുളള ഏകോപനമില്ലായ്മയും ഹോംസ്റ്റേ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഹോംസ്റ്റേകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ പോലും സര്‍ക്കാരിന് വ്യക്തതയില്ലെന്നും പരാതിയുണ്ട്.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഹോംസ്റ്റേകള്‍ക്ക് പോലും അംഗീകാരം അഥവാ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിനുളള നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. ഹോംസ്റ്റേകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുളള ചുമതല ടൂറിസം വകുപ്പിനാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍ð മാത്രമെ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ അനുവദിക്കുകയുളളൂ. എന്നാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹോം സ്റ്റേകളെപ്പറ്റി വ്യക്തമായ ധാരണയില്ലെന്നതാണ് വസ്തുത. ബന്ധപ്പെട്ട ചട്ടങ്ങളിലൊന്നും ഹോംസ്റ്റേകളെ സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് നഗരകാര്യവകുപ്പിന്റെയും നിലപാട്. ഇവയെല്ലാം ഹോംസ്റ്റേകള്‍ക്ക് തിരിച്ചടിയായി മാറുന്നുണ്ട്. വ്യക്തമായ ഭരണനിര്‍വ്വഹണചട്ടങ്ങളുടെ അഭാവമാണ് സങ്കീര്‍ണ്ണതയ്ക്ക് കാരണമാകുന്നത്. ഇതിന് പരിഹാരം കാണണം. എന്‍ഒസിയ്ക്കായി തദ്ദേശസ്ഥാപനങ്ങളെ സമീപിക്കുന്ന സംരംഭകര്‍ പലരും പ്രശ്‌നപരിഹാരമില്ലാതെ പെരുവഴിയിലാവുകയാണ്. തദ്ദേശസ്ഥാപനങ്ങളില്‍ പലതും എന്‍ഒസി നല്‍കുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെയാണെന്നതും ന്യൂനതയാണ്. ടൂറിസം വകുപ്പിന്റെ അംഗീകാരം ലഭിക്കുന്നതിന് വലിയ തുക ഫീസായി നല്‍കേണ്ടിവരുന്നതും ഹോം സ്റ്റേകള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്.

നിലവില്‍ സംസ്ഥാനത്ത് അയ്യായിരത്തോളം ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ടൂറിസം വകുപ്പിന്റെ അംഗീകാരമുളളത് എഴുനൂറ് ഹോംസ്റ്റേകള്‍ക്ക് മാത്രമാണ്. ബാക്കിയുളളവ ടൂറിസം വകുപ്പിന്റെ കണക്കിന് പുറത്താണ്. അംഗീകൃത സംരംഭങ്ങളില്‍ നിന്ന് വാണിജ്യ / വ്യവസായ വിഭാഗത്തില്‍പ്പെടുത്തി പല വകുപ്പുകളും വന്‍ തുക ഫീസ് ഈടാക്കുന്നത് അനധികൃതസ്ഥാപനങ്ങള്‍ വളരാന്‍ കാരണമായിട്ടുണ്ട്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്തുനിന്നും അനുഭാവപൂര്‍ണ്ണമായ നടപടികള്‍ ഉണ്ടാവണം. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സാഹചര്യം ഒരുക്കുന്നതില്‍ ഹോംസ്റ്റേകള്‍ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല. അതുകൊണ്ട് തന്നെ അവ നിലനില്‍ക്കേണ്ടതുണ്ട്. ഹോംസ്റ്റേകളുടെ ആരോഗ്യകരമായ വളര്‍ച്ച ഉറപ്പാക്കുന്ന നയങ്ങളും നടപടികളും സര്‍ക്കാര്‍ ഭാഗത്തു നിന്നും താമസംവിനാ ഉണ്ടാകേണ്ടതുണ്ട്.

സംരംഭകരെ പിന്തിരിപ്പിക്കുന്ന നടപടികളുണ്ടാകുന്നു – എം.പി.ശിവദത്തന്‍

സംസ്ഥാനത്ത് ടൂറിസം മേഖലയ്ക്ക് വളരുന്നതിനുളള അനുകൂലഘടകങ്ങള്‍ വളരെയേറെയുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താറില്ലെന്ന വലിയ പോരായ്മയാണ് നിലവിലുളളത്. ഹോംസ്റ്റേകളുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ഒട്ടേറെ സംരംഭകര്‍ ഈ രംഗത്ത് എത്താറുണ്ടെങ്കിലും അവര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി രംഗത്ത് സജീവമായി തുടരാനുളള സാഹചര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുകയാണ്. ടൂറിസ്റ്റുകള്‍ക്ക് സാധാരണ കേരളീയകുടുംബാന്തരീക്ഷവും രുചികൂട്ടുകളുമൊക്കെ അനുഭവവേദ്യമാക്കിക്കൊണ്ട് യാത്രാമാര്‍ഗ്ഗങ്ങള്‍ അവിസ്മരണീയമാക്കിത്തീര്‍ക്കാനുളള അവസരമാണ് ഹോംസ്റ്റേ പ്രസ്ഥാനം ഒരുക്കുന്നത്. ഗ്രാമീണ ടൂറിസം രംഗത്ത് ഹോംസ്റ്റേകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്. ലോഡ്ജ്, ഹോട്ടല്‍ സൗകര്യങ്ങള്‍ പരിമിതമായി മാത്രമുളള നാട്ടിന്‍പുറങ്ങളില്‍ ഹോംസ്റ്റേകള്‍ സഞ്ചാരികള്‍ക്ക് വലിയ അനുഗ്രഹം തന്നെയായി മാറും.

വിദേശികള്‍ക്ക് നമ്മുടെ ജീവിതപരിസരം അടുത്തറിയാന്‍ സാധിക്കുന്നുവെന്നതും പ്രധാനമാണ്. ഇത്തരം സവിശേഷതകളേറെയുളള ഹോംസ്റ്റേകള്‍ നിലനില്‍ക്കേണ്ടതുണ്ട്. കൂടുതല്‍ ലിബറലായ നയസമീപനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണം വ്യക്തമായ ചട്ടങ്ങളും വ്യവസ്ഥകളും മേഖലയ്ക്ക് ആവശ്യമാണ്. അതില്ലെന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം അടിസ്ഥാനം. ഈ രംഗത്തെത്തുന്ന സംരംഭകരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും അവരെ നിരുത്സാഹപ്പെടുത്താതിരിക്കാനുളള കരുതലെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ലൈസന്‍സ് അനുവദിച്ചുകിട്ടുന്നതില്‍ പോലും വലിയ കാലതാമസമുണ്ടാകുന്നുവെന്നത് സംരംഭകരെ സംബന്ധിച്ചിടത്തോളം അവമതിപ്പിനു കാരണമാണ്. ഈ സാഹചര്യമാണ് പ്രധാനമായും ഒഴിവാക്കപ്പെടേണ്ടത്. സംരംഭകര്‍ നിരാശരായി മടങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. എന്റെ കുട്ടി നന്നായി പാടും നൃത്തം ചെയ്യും എന്നൊക്കെ പറയുന്ന പിതാവ് കുട്ടിയെ നൃത്തം ചെയ്യാന്‍ സമ്മതിക്കാത്തതുപോലെ ഹോംസ്റ്റേകളുടെ പ്രാധാന്യം പറയുന്നുണ്ടെങ്കിലും അത് നടത്താന്‍ സമ്മതിക്കുന്നില്ലെന്നതാണ് അവസ്ഥ. ഹോംസ്റ്റേയുമായി ബന്ധപ്പെട്ടവര്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉളളൂ. അത് മൂലം അനധികൃത പ്രവര്‍ത്തനം ഉണ്ടാകുന്നു. ഖജനാവിന് ലഭിക്കേണ്ട വരുമാനം നഷ്ടമാകുന്നു. സുഗമമായി പ്രവര്‍ത്തിക്കാനുളള നിയമം ഉണ്ടാവണം. ഇതില്‍ രാഷ്ട്രീയം കാണാതെയുളള നടപടികള്‍ ആവശ്യമാണ്.

(കേരളാഹോസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി ഡയറക്ടറാണ് ലേഖകന്‍)

ഹോംസ്റ്റേകള്‍ കാലങ്ങളായി പ്രതിസന്ധിയില്‍ തുടരുന്നു-പി.എന്‍.പ്രസന്നകുമാര്‍

ലോകത്ത് ഗ്രാമീണ ടൂറിസവും അതുമായി ബന്ധപ്പെട്ട ബിസ്സിനസ്സ് മേഖലകളും അനുദിനം വളര്‍ച്ചയിലാണ്. ഈ മേഖലയിലെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുളള മുന്നേറ്റമാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ ടൂറിസം മേഖലയിലും വില്ലേജ് ടൂറിസവും അതുമായി ബന്ധപ്പെട്ട മേഖലകള്‍ക്കും വലിയ സാദ്ധ്യതയാണുളളത്. എന്നാല്‍ ഇവിടെയുളള ഹോംസ്റ്റേകള്‍ കാലങ്ങളായി പരാധീനതകള്‍ക്കു നടുവില്‍ തന്നെയാണ്. വിവിധവകുപ്പുകള്‍ തമ്മിലുളള ഏകോപനമില്ലായ്മയും ഉദ്ദേ്യാഗസ്ഥതലത്തിലെ അജ്ഞതയും മെല്ലെപ്പോക്കുമൊക്കെയാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം.

സര്‍ക്കാര്‍ പല കാര്യങ്ങളും തത്വത്തില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അതില്‍ തുടര്‍നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഇപ്പോള്‍ പ്രളയം കൂടി ബാധിച്ചതോടെ മേഖലയാകെ തകര്‍ച്ചയിലെത്തിയിരിക്കുന്നു. ഏറെ ടൂറിസ്റ്റുകള്‍ എത്താറുളള ഈ അവസരത്തില്‍ പോലും കാര്യമായ ചലനമുണ്ടാകുന്നില്ലെന്നതാണ് ഇന്നത്തെ അവസ്ഥ. സംസ്ഥാനത്ത് 900 – ത്തോളം അംഗീകൃത ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നവയാണ് ഏറെയും. ഇത് നികുതി ചോര്‍ച്ചയ്ക്കും മറ്റ് ദുരുപയോഗത്തിനും കാരണമാവുന്നുണ്ട്. സര്‍ക്കാര്‍ നടപടികള്‍ ലിബറലാവുകയും ഉദ്ദ്യോഗസ്ഥതലത്തില്‍ ശരിയായ ബോദ്ധ്യമുണ്ടാവുകയും വേണം. സംരംഭകരെ പല തരത്തില്‍ വട്ടം കറക്കി പിന്നോട്ടടിക്കുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം. ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളാണ് ഇവിടെ ഉണ്ടാകേണ്ടത്.

(കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി ചെയര്‍മാനാണ് ലേഖകന്‍)

ഹോംസ്റ്റേകള്‍ക്ക് പ്രവര്‍ത്തിക്കാനാവശ്യമായ സാഹചര്യമുണ്ടാവണം – എം.കെ.അജിത്ത്

സംസ്ഥാനം വിനോദസഞ്ചാര രംഗത്ത് വലിയ സാദ്ധ്യതയുളള ഭൂപ്രദേശമെന്ന നിലയില്‍ ശ്രദ്ധേയമാണെങ്കിലും സ്വയം സൃഷ്ടിക്കുന്ന ചില തടസ്സങ്ങളില്‍ തട്ടി വളര്‍ച്ച മുരടിക്കുന്ന അവസ്ഥയാണ് ഇന്നുളളത്. ടൂറിസത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഉണ്ടാകുന്നത്. മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും ഹോട്ടല്‍ സൗകര്യങ്ങളും ടൂറിസം വളര്‍ച്ചയ്ക്ക് അത്യാവശ്യമാണെങ്കിലും നമുക്കതില്‍ വളരെയധികം പരിമിതികള്‍ നിലവിലുണ്ട്. വിദേശികളെന്നോ സ്വദേശികളെന്നോ ഉളള വ്യത്യാസമില്ലാതെ സഞ്ചാരികള്‍ ആധുനികമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

സഞ്ചാരവഴികളില്‍ തന്നെ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് ഹോംസ്റ്റേകളുടെ നിലനില്‍പ്പിനെപ്പറ്റി ചിന്തിക്കേണ്ടത്. വില്ലേജ് ടൂറിസമൊക്കെ ഭാവിയില്‍ വലിയ സാദ്ധ്യത തുറന്നിടുന്ന സാഹചര്യത്തില്‍ ഹോംസ്റ്റേ സംരംഭകര്‍ക്ക് അത് പ്രയോജനപ്പെടുത്താന്‍ സാധിക്കണം. ഹോംസ്റ്റേ ആരംഭിക്കാനുളള നടപടിക്രമങ്ങള്‍ ലിബറലാവണം. നികുതികള്‍ കുറച്ച് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുക വഴി ഈ രംഗത്തെ സങ്കീര്‍ണ്ണതകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കണം.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)