Capturing Business 360°

ആഗോളതാപനം ഏറ്റവും ബാധിക്കുക ഇന്ത്യയെയെന്ന‌് ഐപിസിസി പഠനം; ആഗോളതാപന തോത‌് സമീപഭാവിയില്‍ 1.5 ഡിഗ്രി സെല്‍ഷ്യസ‌് വരെ ഉയർന്നേക്കും

ന്യൂഏജ് ന്യൂസ്

കൊച്ചി: ആഗോളതാപനം ഉയരുന്നത‌് ഏറ്റവും ഗുരുതരമായി ബാധിക്കാന്‍പോകുന്നത‌് ഇന്ത്യയെ എന്ന‌് റിപ്പോര്‍ട്ട‌്. ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച‌് പഠിക്കുന്ന അന്തര്‍ദേശീയ ഭരണതല പ്രതിനിധി സംഘമാണ‌് ഇന്ത്യക്ക‌് മുന്നറിയിപ്പ‌് നല്‍കിയിരിക്കുന്നത‌്. ലോകത്തിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച‌് പഠിക്കുന്ന ഏറ്റവും വലിയ ശാസ‌്ത്ര കൂട്ടായ‌്മയാണ‌് ഐപിസിസി (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ‌് ചേഞ്ച‌്).

ഇപ്പോള്‍ ആഗോളതാപന തോത‌് 1.0 ഡിഗ്രി സെല്‍ഷ്യസാണ‌്. സമീപഭാവിയില്‍ ഇത‌് 1.5 ഡിഗ്രി സെല്‍ഷ്യസ‌് വരെ ഉയരാം. ആഗോളതാപന തോത‌് രണ്ടു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിര്‍ത്തണമെന്നാണ‌് പാരീസ‌് ഉടമ്ബടിയുടെ വ്യവസ്ഥ. എന്നാല്‍, നേരിയ വ്യതിയാനങ്ങള്‍പോലും ഇനി ഇന്ത്യക്ക‌് താങ്ങാനാകില്ലെന്നാണ‌് ഐപിസിസിയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍.

ആഗോളതാപനംമൂലം ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ ഏറ്റവും അധികം ബാധിക്കുക വികസ്വര രാജ്യങ്ങളെയാണ‌്. ചൂട‌് കൂടുന്നതും തണുപ്പ‌് കൂടുന്നതും മഴ കൂടുന്നതുമായ പ്രതിഭാസം ആഗോളതാപനംമൂലം ഉണ്ടാകും. കാലാവസ്ഥ പ്രവചനാതീതമാകുന്നതിനാല്‍ പ്രകൃതിദുരന്തങ്ങളും വന്നുഭവിക്കാം. വെള്ളപ്പൊക്കം, കൊടുങ്കാറ്റ‌് എന്നിവ നിത്യസംഭവങ്ങളാകും. ഇതിന്റെ ലക്ഷണങ്ങള്‍ ഇന്ത്യയില്‍ കണ്ടുതുടങ്ങിയതായും ഐപിസിസിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ വിദഗ‌്ധര്‍ പറയുന്നു. കേരളത്തിലെ പേമാരിയും ഇതിന്റെ ഭാഗമായിരുന്നു എന്ന സൂചനയും റിപ്പോര്‍ട്ടിലുണ്ട‌്.

ഇന്ത്യയുടെ കാര്‍ഷികവൃത്തിയെയാകും ഇത‌് ഏറ്റവും അധികം പ്രതികൂലമായി ബാധിക്കുക. കാര്‍ഷികമേഖലയെ ആശ്രയിച്ച‌് ജീവിക്കുന്നവരുടെ ജീവിതം താറുമാറാകും. അപ്രതീക്ഷിത സമയങ്ങളില്‍ വരുന്ന കൊടും വേനലും അതിതീവ്ര മഴയും വരള്‍ച്ചയും കാര്‍ഷികരംഗത്തെ അടിമുടി മാറ്റിമറിക്കും. ഇത‌് ഇന്ത്യയുടെ സമ്ബദ‌് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. കാര്‍ഷികവിളകള്‍ നശിക്കുമ്ബോള്‍ ഭക്ഷ്യക്ഷാമവും കടന്നുവരാം. ഇത്തരം കാര്യങ്ങള്‍ എളുപ്പത്തില്‍ പരിക്കേല്‍പ്പിക്കുന്ന ഇന്ത്യയില്‍ കടുത്ത പട്ടിണിവരെ ഉണ്ടായേക്കാമെന്നാണ‌് റിപ്പോര്‍ട്ടില്‍ പറയുന്നത‌്. കടലില്‍ ജലനിരപ്പ‌് ഉയരുന്നത‌് പുഴകളുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കും. പുഴകളിലെ ജലത്തില്‍ ലവണാംശം വര്‍ധിക്കും. കുടിവെള്ളത്തിന‌് ക്ഷാമം നേരിടും.

കാര്‍ഷികമേഖല കഴിഞ്ഞാല്‍ ഇന്ത്യയുടെ ഒരു പ്രധാന വരുമാനമാര്‍ഗം മത്സ്യബന്ധനമാണ‌്. ആഗോളതാപന തോത‌് ഇനിയും ഉയര്‍ന്നാല്‍ കടലിനോടടുത്ത പ്രദേശങ്ങളില്‍ കടല്‍ക്ഷേ‌ാഭം രൂക്ഷമാകും. കടലിലെ ജലനിരപ്പ‌് ക്രമാതീതമായി ഉയരും. ഇത‌് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കും. മത്സ്യങ്ങള്‍ തീരംവിട്ടുപോകാനും ഇടവരും. ഇന്ത്യക്ക‌് വിദേശനാണ്യം നേടി ത്തരുന്ന ഈ മേഖല ശുഷ‌്കമാകും. പല മീനുകളും ജീവികളും വീണ്ടെടുക്കാനാകാത്തവിധം നശിച്ചുപോകുകയും പരിസ്ഥിതിക്ക‌് അനുയോജ്യമല്ലാത്ത മറ്റ‌ു ജീവികള്‍ വിരുന്നുവരികയും ചെയ്യും.

ടൂറിസം മേഖലയെയും ഇത‌് പ്രതികൂലമായി ബാധിക്കും. അപ്രതീക്ഷിതമായ കൊടുങ്കാറ്റും പേമാരിയും വരള്‍ച്ചയും ടൂറിസം മേഖലയെ തളര്‍ത്തും. ഒരു വര്‍ഷത്തില്‍ പെയ്യുന്ന മഴയുടെ ശരാശരി തോതില്‍ മാറ്റം വരുന്നില്ലെങ്കിലും പെയ്യുമ്ബോള്‍ കൂടുതല്‍ പെയ്യുകയും ഇല്ലാത്തപ്പോള്‍ കടുത്ത വേനല്‍ വരികയും ചെയ്യുന്ന അവസ്ഥയാകും ഭാവിയില്‍ വരാന്‍ പോകുക. ഇന്ത്യയുടെ ജിഡിപി നിരക്കിനെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രതിഭാസം നിയന്ത്രിക്കണമെങ്കില്‍ ലോകരാഷ‌്ട്രങ്ങളെല്ലാം ഒത്തൊരുമിച്ച‌് പ്രവര്‍ത്തിക്കണം. ഇപ്പോള്‍ പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ‌് 2030ല്‍ പകുതിയായും 2050 മുഴുവനായും കുറച്ചാല്‍മാത്രമേ ഇതില്‍നിന്ന‌് രക്ഷപ്പെടാനാവുകയുള്ളൂ എന്ന‌് കുസാറ്റ‌് റെഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാ‌സ‌്ത്രജ്ഞന്‍ ഡോ. എം ജി മനോജ‌് പറഞ്ഞു.