Capturing Business 360°

‘ശത്രു ഓഹരികള്‍’ വിൽക്കാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം, ലക്ഷ്യമിടുന്നത് 3,000 കോടി രൂപ സമാഹരിക്കാന്‍, നടപടി സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: ‘ശത്രു ഓഹരികള്‍’ (എനിമി പ്രോപ്പര്‍ട്ടി) വിറ്റ‌് 3,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ശത്രുരാജ്യങ്ങളുടെയോ, അവിടത്തെ പൗരന്മാരുടെയോ സ്ഥാപനങ്ങളുടെയോ ഇന്ത്യയിലെ ആസ‌്തിവകകളാണ‌് 1968ലെ നിയമപ്രകാരം ‘ശത്രു സ്വത്ത‌്’. വിഭജനശേഷം ഇന്ത്യ വിട്ടുപോയി മറ്റ‌് രാജ്യങ്ങളില്‍ പൗരത്വം സ്വീകരിച്ചവരെയാണ‌് ‘ശത്രു’ക്കളായി കരുതുന്നത‌്. നിലവില്‍ 996 കമ്ബനികളിലായി 20,323 ഉടമകള്‍ക്ക‌് 6.50 കോടിയില്‍പരം ഓഹരികളുണ്ടെന്നാണ‌് കണക്ക‌്. ഇവയില്‍ സജീവമായ 588 കമ്ബനികളില്‍ 139 എണ്ണം ഓഹരിവിപണിയില്‍ ലിസ‌്റ്റ‌്ചെയ്യപ്പെട്ടവയാണ‌്.

ധനമന്ത്രിയുടെ അധ്യക്ഷതയില്‍, ഉപരിതല ഗതാഗതമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെട്ട സമിതി ഓഹരിവില്‍പ്പനയ‌്ക്ക‌് മേല്‍നോട്ടം വഹിക്കും. സെക്രട്ടറിതല സമിതി നടപടികള്‍ക്ക‌് സഹായം നല്‍കും. കേന്ദ്രം നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ‌് പുതിയ തീരുമാനമെടുക്കാന്‍ കാരണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പന വഴി നടപ്പുസാമ്ബത്തികവര്‍ഷം ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന‌് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന നടക്കുന്നില്ല.

ശത്രുസ്വത്തുക്കള്‍ വിറ്റഴിക്കാന്‍ 2017ല്‍ മോഡി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിരുന്നു. നിലവില്‍ ഓഹരികള്‍ വിറ്റഴിക്കാനാണ‌് തീരുമാനമെങ്കിലും വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ വിറ്റഴിക്കുകയാണ‌് ലക്ഷ്യമെന്നും ആരോപണമുയര്‍ന്നിട്ടുണ്ട‌്.