Capturing Business 360°

മൂന്ന് മാസത്തിനു ശേഷം രാജ്യത്ത് കാർ വിൽപന കൂടി; ഒക്ടോബറിൽ വിറ്റുപോയത് 24.95 ലക്ഷം വാഹനങ്ങൾ, സ്വകാര്യ വാഹനങ്ങളുടെ വില്പന 279,000 ആയി ഉയർന്നു

ന്യൂഏജ് ന്യൂസ്

മൂന്ന് മാസക്കാലത്തെ ഇടവേളക്ക് ശേഷം ഒക്ടോബറിൽ കാർ വില്പനയിൽ നേരിയ തോതിൽ ഉണർവ് രേഖപ്പെടുത്തി. ഒക്ടോബറിൽ 187,000 കാറുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ ഇത് 185,000 ആയിരുന്നു. ഇതുൾപ്പെടെ സ്വകാര്യ വാഹനങ്ങളുടെ വില്പന 279,000 ആയി ഉയർന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 284,000 യുണിറ്റ് ആയിരുന്നു.

എന്നാൽ കൊമേർഷ്യൽ വാഹനങ്ങളുടെ വില്പനയിൽ മികച്ച വളർച്ച രേഖപ്പെടുത്തിയതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മൻഫാച്ചേഴ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചരക്ക് വാഹനങ്ങളുടെ വില്പനയിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. 24.82 ശതമാനം വർധന ഉണ്ടായി. 87,147 വാഹനങ്ങൾ ഈ ഇനത്തിൽ വില്പനയായി. 17.82 ശതമാനം വളർച്ച ഉണ്ടായ ഇരുചക്ര വാഹനങ്ങളാണ് രണ്ടാം സ്ഥാനത്ത്. ഒക്ടോബറിൽ 20,53,497 ഇരുചക്ര വാഹനങ്ങളാണ് വിറ്റുപോയത്. മുച്ചക്ര വാഹനങ്ങളുടെ വില്പന 12 .86 ശതമാനം വർധിച്ച് 69,483 ആയി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 61,568 ആയിരുന്നു. ഒക്ടോബറിൽ വിറ്റഴിഞ്ഞ മൊത്തം വാഹനങ്ങളുടെ എണ്ണം 24,94,426 ആണ്. 15 .33 ശതമാനം വർധന.