Capturing Business 360°

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ചരിത്രവിജയവുമായി മലയാളി; ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് അട്ടിമറിജയം നേടിയത് ഡെമോക്രാറ്റ് പാർട്ടിയുടെ കെ.പി. ജോർജ്

ന്യൂഏജ് ന്യൂസ്

ഫോര്‍ട്ട് ബെന്റ് കൗണ്ടി, ടെക്സാസ്: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ മലയാളിക്ക് ചരിത്രനേട്ടം. ഡെമോക്രാറ്റ് സ്ഥാനാർത്ഥി കെ.പി. ജോർജാണ് ടെക്‌സാസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് അട്ടിമറിജയം നേടി രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചത്. തുടർച്ചയായി പതിനഞ്ച് വർഷം ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് ആയിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റോബർട്ട് ഹേബർട്ടിനെയാണ് ആവേശകരമായ പോരാട്ടത്തിൽ ജോർജ് പരാജയപ്പെടുത്തിയത്. ഫോര്‍ട്ട് ബെന്റ് കൗണ്ടി ജഡ്ജ് സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജൻ കൂടിയാണ് കെ.പി. ജോർജ്.

പ്രചാരണസമയത്ത് തന്നെ, 140 ഓളം ഭാഷകള്‍ സംസാരിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഫോര്‍ട് ബെന്റ് കൗണ്ടി ഉൾപ്പെടുന്ന ടെക്‌സാസ് സംസ്ഥാനം. ചിട്ടയായ പ്രവര്‍ത്തനവും നിലവിലെ രാഷ്ടിയ സാഹചര്യങ്ങളും കെ പി ജോര്‍ജിന്റെ വിജയത്തിനു കാരണമായെന്നാണ് വിലയിരുത്തൽ. പൊതുവെ തിരഞ്ഞെടുപ്പിനോടും വോട്ട് രേഖപ്പെടുത്തുന്നതിനോടും വിമുഖത പുലർത്തിയിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്‍ഡ്യന്‍ വോട്ടര്‍മാര്‍ ഇത്തവണ കാര്യമായിത്തന്നെ പോളിങ്ങ് സ്റ്റേഷനുകളിലെത്തിയതും വിജയത്തിന് സഹായകമായി. പതിനായിരത്തോളം മലയാളി കുടുംബങ്ങള്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടിയിൽ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കേരളത്തിലെ വിവിധ സഭകളുടെ പള്ളികള്‍, വിവിധ ക്ഷേത്രങ്ങള്‍, മലയാളി അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ എന്നിങ്ങനെ മലയാളി സാന്നിധ്യം ഏറെ ശക്തമാണ്.

കെ പി ജോര്‍ജും കുടുംബവും
പത്തനംതിട്ട സ്വദേശിയായ കെ.പി. ജോര്‍ജും കുടുംബവും തൊണ്ണൂറുകളിലാണ് അമേരിക്കയില്‍ എത്തുന്നത്. സാധാരണ കുടിയേറ്റക്കാരില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തന്നെ അമേരിക്കന്‍ രാഷ്ട്രിയത്തിലും പൊതു രംഗത്തും സജീവമാകാന്‍ കഴിഞ്ഞു എന്നതാണു അദ്ദേഹത്തിന്റെ പ്രത്യേകത. ഫോര്‍ട്ട് ബെന്റ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ടിന്റെ ബോര്‍ഡ് മെംബര്‍ ആയി സേവനം ചെയ്ത് വരികെയാണ് ജോർജിനെത്തേടി പുതിയ നിയോഗമെത്തുന്നത്. തുടര്‍ച്ചയായി രണ്ട് പ്രാവശ്യം വലിയ ഭൂരിപക്ഷത്തോടെയാണ് ആ പദവിയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതും.

ഫോര്‍ട്ട് ബെന്റ് കൗണ്ടിയുടെ 2600-ഓളം വരുന്ന ജീവനക്കാരുടെയും 365 മില്ല്യന്‍ ഡോളര്‍ വലുപ്പമുള്ള ബഡ്ജറ്റ് വിഹിതത്തിന്റെയും ചുമതലയുള്ള പദവിയാണു കൗണ്ടി ജഡ്ജിയുടേത്. ഉദ്ദേശം 7,70,000 ജനസംഖ്യയുള്ള കൗണ്ടിയുടെ ഭരണചുമതലയും കൗണ്ടി ജഡ്ജിന്റേതാണ്. ചുരുക്കത്തിൽ പതിനായിരക്കണക്കിന് മലയാളികൾ ഉൾപ്പെടുന്ന വലിയൊരു ജനസമൂഹത്തിന്റെ ഉത്തരവാദിത്തമാണ് പുതിയ പദവിയിലൂടെ കെ.പി. ജോർജ് എന്ന അമേരിക്കൻ മലയാളിയെ തേടിയെത്തുന്നത്.