Capturing Business 360°

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ രാജിവെച്ചേക്കും? ഈ മാസം 19നു രാജി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്, നടപടി സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ

ന്യൂഏജ് ന്യൂസ്

റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേൽ ഈ മാസം 19നു രാജി വച്ചേക്കുമെന്ന് പ്രമുഖ ഓൺ ലൈൻ സാമ്പത്തിക മാധ്യമമായ ‘മണി ലൈഫ്’ റിപ്പോർട്ട് ചെയ്തു. ബാങ്കിന്റെ നിർണ്ണായകമായ ഡയറക്ടർ ബോർഡ് യോഗം അന്നാണ്. യോഗത്തിന് ശേഷം പട്ടേൽ രാജി നൽകുമെന്നാണ് അറിയുന്നതെന്ന് മണി ലൈഫിന്റെ സ്ഥാപകരിൽ ഒരാളും പ്രമുഖ സാമ്പത്തിക മാധ്യമ പ്രവർത്തകയുമായ സുചേതാ ദലാൽ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായ സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ താത്പര്യമില്ലെന്ന് അടുത്ത വൃത്തങ്ങളോട് അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ടിൽ ഉള്ളത്. മാത്രവുമല്ല, ഇപ്പോഴത്തെ തർക്കങ്ങളിൽ ഉർജിത് പട്ടേൽ വല്ലാതെ അസ്വസ്ഥനാണെന്നും അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചതായും സുചേതാ ദലാൽ പറയുന്നു. അദ്ദേഹത്തോടൊപ്പം പ്രായമേറിയ മാതാവും താമസിക്കുന്നുണ്ട്. മാതാവിന്റെ സൗകര്യാർത്ഥം അദ്ദേഹം ഇതുവരെ റിസർവ് ബാങ്ക് ഗവർണർക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക ബംഗ്ലാവിലേക്ക് താമസം മാറ്റിയിട്ടില്ല.

അതിനിടെ ഇക്കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നും പട്ടേൽ രാജി വയ്ക്കുന്നെങ്കിൽ വയ്ക്കട്ടെ എന്നാണ് സർക്കാർ നിലപാടെന്നും വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഡെപ്യൂട്ടി ഗവർണർ വിരാൾ ആചാര്യക്കും പുതിയ സംഭവ വികാസങ്ങളിൽ കടുത്ത അസംതൃപ്തി ഉണ്ട്. ഉർജിത് പട്ടേൽ രാജി വച്ചാൽ ആചാര്യയും ഒഴിഞ്ഞേക്കുമെന്ന് സൂചനകൾ ഉണ്ട്. ന്യൂയോർക്കിലെ സ്റ്റേൺ ബിസിനസ് സ്‌കൂളിലെ ഫാക്കൽറ്റി അംഗമാണ് അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.