Capturing Business 360°

ഇന്ത്യയില്‍ പുതിയ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍ററുമായി ചോക്ലേറ്റ് നിര്‍മാതാക്കളായ മോണ്ടെലെസ്; കാഡ്ബറീസില്‍നിന്ന് ലോകവ്യാപകമായി വിപണിയിലെത്തുന്ന ചോക്ലേറ്റ് വെറൈറ്റി ഇനി ഇന്ത്യയില്‍നിന്ന്

ന്യൂഏജ് ന്യൂസ്

മുംബൈ: ഇനി കാഡ്ബറീസില്‍നിന്ന് ലോകവ്യാപകമായി വിപണിയിലെത്തുന്ന ചോക്ലേറ്റ് വെറൈറ്റി ഒരുപക്ഷേ ഇന്ത്യയില്‍ വികസിപ്പിച്ചതായിരിക്കും! കാഡ്ബറീസ് ചോക്ലേറ്റ് ബ്രാന്‍ഡിന്‍റെയും ബോണ്‍വിറ്റയുടെയും നിര്‍മാതാക്കളായ മോണ്ടെലെസ് ഇന്ത്യയില്‍ പുതിയ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്‍റ് സെന്‍റര്‍ തുറന്നു. അത്യാധുനിക സൗകര്യങ്ങളോടെ 15 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് മുംബൈയിലെ താനെയില്‍ ഈ സെന്‍റര്‍ തുറന്നത്. കമ്ബനിയുടെ ചോക്ലേറ്റ്, ബിവറേജസ് സെഗ്‌മെന്‍റുകളിലേക്കുള്ള റിസര്‍ച്ചുകളാണ് ഇവിടെ നടക്കുക. യുകെയിലെ ബോണ്‍വില്ലെയിലുള്ള സെന്‍ററിനുശേഷം (ചോക്ലേറ്റുകളുടെ റിസര്‍ച്ച്‌ ഇവിടെയാണ് നടക്കുന്നത്) മോണ്ടെലെസ് തുടങ്ങുന്ന രണ്ടാമത് അതി നൂതന ആര്‍ ആന്‍ഡ് ഡി സെന്‍ററും ബ്രസീല്‍, പോളണ്ട്, സിംഗപ്പൂര്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സെന്‍ററുകളില്‍ പത്താമത്തേതുമാണ് താനെയില്‍ തുറന്നത്.

ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഭക്ഷണം, അവശ്യമായ സമയത്ത്, ശരിയായ വഴിയിലൂടെ നിര്‍മിച്ചുനല്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോണ്ടെലെസ് ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക പ്രസിഡന്‍റ് മൗറീഷിയോ ബ്രൂസഡെലി പറഞ്ഞു. മോണ്ടെലെസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റുകളിലൊന്നായ ഇന്ത്യയില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആര്‍ ആന്‍ഡ് ഡി സെന്‍റര്‍ തുറന്നിരിക്കുന്നത്. രാജ്യത്തെ ചോക്ലേറ്റ് വിപണിയില്‍ 65 ശതമാനവും കൈയാളുന്നത് മോണ്ടെലെസിന്‍റെ കാഡ്ബറീസ് ആണ്.

12,000 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള പുതിയ റിസര്‍ച്ച്‌ സെന്‍ററില്‍ ഫുഡ് സയന്‍റിസ്റ്റുകള്‍, എന്‍ജിനിയര്‍മാര്‍, അനലിറ്റിക്കല്‍ കെമിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ 150ല്‍പരം സ്പെഷലിസ്റ്റുകളുണ്ടാകും. താനെയിലെ പഴയ പ്ലാന്‍റില്‍ വികസിപ്പിക്കുന്ന ചില ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോള വിപണിയിലും ശ്രദ്ധേയമാണ്. ഡാര്‍ക്ക് മില്‍ക്ക്, കാഡ്ബറി 5 സ്റ്റാര്‍ (ഇത് ബ്രസീല്‍, ഫിലിപ്പീന്‍സ്, മലേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്), ബോണ്‍വിറ്റ (നൈജീരിയ) എന്നിവ ആഗോള വിപണിയിലെ താരങ്ങളാണ്.

അതേസമയം, ഡെയറി മില്‍ക്ക് ക്രിസ്പെല്ലോ, ഡെയറി മില്‍ക്ക് ലിക്കബിള്‍സ്, ഫുസെ, 5 സ്റ്റാര്‍ 3ഡി, സ്ത്രീകള്‍ക്കുള്ള ബോണ്‍വിറ്റ എന്നിവ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കു മാത്രമായി വികസിപ്പിക്കും.ലോകത്തിലെതന്നെ വളര്‍ന്നുവരുന്ന വിപണിയില്‍ മികച്ച ഉത്പന്നങ്ങള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരിച്ച ആര്‍ ആന്‍ഡ് ഡി സെന്‍റര്‍ മോണ്ടെലെസ് തുറന്നിരിക്കുന്നത്. താനെയില്‍ കൂടുതല്‍ മികച്ച കണ്ടുപിടിത്തങ്ങള്‍ നടത്തുമെന്ന് മോണ്ടെലെസ് ഇന്ത്യ ഫുഡ്സ് മാനേജിംഗ് ഡയറക്ടര്‍ ദീപക് അയ്യര്‍ പറഞ്ഞു.