Capturing Business 360°

സ്വര്‍ണ്ണത്തിന്റെ ആഗോള ഡിമാന്റില്‍ നേരിയ വര്‍ധന; ജൂലൈ – സെപ്റ്റംബര്‍ കാലയളവില്‍ വിട്ടത് 964 ടണ്‍ സ്വര്‍ണം

ന്യൂഏജ് ന്യൂസ്

സ്വര്‍ണ്ണത്തിന്റെ ആഗോള ഡിമാന്റില്‍ ജൂലൈ – സെപ്റ്റംബര്‍ കാലയളവില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 964 ടണ്‍ സ്വര്‍ണമാണ് ഇക്കാലയളവില്‍ വില്പനയായത്. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണത്തിലുള്ള ഭ്രമം വര്‍ധിച്ചതിന് പുറമെ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിയതും ഡിമാന്റില്‍ തിളക്കം കൂടാന്‍ കാരണമായി. ഇന്ത്യയില്‍ ആഭരണങ്ങളുടെ ഡിമാന്റില്‍ പത്ത് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. സെന്‍ട്രല്‍ ബാങ്കുകള്‍ ഈ മൂന്ന് മാസകാലയളവില്‍ മൊത്തം 148 ടണ്‍ സ്വര്‍ണ്ണം വാങ്ങിയിട്ടുണ്ട്.

കോയിന്‍, ബാര്‍ എന്നിവയുടെ ലോകത്തെ ഒന്നാമത്തെ വിപണിയായ ചൈനയില്‍ ഡിമാന്റില്‍ 25 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 86 ടണ്‍ സ്വര്‍ണ്ണം അവിടെ വിറ്റഴിഞ്ഞു. ഇറാന്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ സ്വര്‍ണ്ണം വിറ്റഴിഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വില്പനയില്‍ തിരിച്ചടി നേരിട്ടു. ഇവിടെ വില്പന 12 ശതമാനം കുറഞ്ഞു.

2015നു ശേഷം കേന്ദ്ര ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയതും ജൂലൈ – സെപ്റ്റംബര്‍ കാലയളവിലാണ്. കേന്ദ്ര ബാങ്കുകളുടെ ആവശ്യത്തില്‍ 22 ശതമാനം വളര്‍ച്ച ഉണ്ടായി.
എന്നാല്‍ സ്വര്‍ണ്ണത്തിന്റെ സപ്ലയില്‍ രണ്ടു ശതമാനം കുറവുണ്ടായതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്വര്‍ണ്ണം റീസൈക്കിള്‍ ചെയ്യുന്നതില്‍ കുറവുണ്ടായതാണ് കാരണം. റീസൈക്ലിങ്ങില്‍ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തി. 306 ടണ്‍ സ്വര്‍ണ്ണമാണ് ഈ രീതിയില്‍ വിപണിയില്‍ എത്തിയത്. എന്നാല്‍ മൈനുകളില്‍ നിന്നുള്ള ഉത്പാദനം രണ്ടു ശതമാനം വര്‍ധിച്ച്‌ 875 ടണ്ണിലെത്തി. റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് സ്വര്‍ണ്ണ ഖനനം ഊര്‍ജ്ജിതമായത്. മൊത്തം 1162 ടണ്ണിന്റെ സപ്ലൈ ആണ് ജൂലൈ – സെപ്റ്റംബര്‍ കാലയളവില്‍ ആഗോള സ്വര്‍ണ്ണ മാര്‍ക്കറ്റില്‍ ഉണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.