Capturing Business 360°

കുടുംബശ്രീയും ലക്ഷ്യപൂര്‍ത്തീകരവും – എഡിറ്റോറിയൽ

ന്യൂഏജ് ന്യൂസ്

സംസ്ഥാനത്തിന്റെ സാമൂഹിക – സാമ്പത്തിക വികസനചരിത്രത്തിലെ ഈടുറ്റതും വേറിട്ടതുമായ ഒരു അദ്ധ്യായം തന്നെയാണ് കുടുംബശ്രീ. സംസ്ഥാന സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപരിപാടിക്കുകീഴില്‍ തദ്ദേശഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 1998 – ല്‍ സമാരംഭം കുറിച്ച കുടുംബശ്രീ ഇപ്പോള്‍ പ്രവര്‍ത്തിപഥത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. സ്ത്രീശാക്തീകരണത്തില്‍ ഊന്നിയുളള സാമ്പത്തിക വികസനവും ദാരിദ്ര്യലഘൂകരണവുമാണ് കുടുംബശ്രീ പദ്ധതി വഴി വിഭാവനം ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിന്റെ കേരളീയ സാമൂഹിക വികസനത്തിന്റെ ഭൂമികയില്‍ ഈ പ്രസ്ഥാനം നിര്‍വ്വഹിച്ച പങ്ക് വളരെ വിലപ്പെട്ടതുതന്നെയായിരുന്നു. കൂട്ടായ്മകളുടെ അനുഭവങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീശാക്തിരണത്തിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും ഊന്നിയ പ്രവര്‍ത്തനരീതിയ്ക്കാണ് രൂപം നല്‍കിയത്. സാധാരണക്കാരായ സ്ത്രീകളുടെയിടയില്‍ സംരംഭകത്വവും അതിലൂടെയുളള സാമ്പത്തിക സ്വാശ്രയത്വവും വളര്‍ത്തുന്നതില്‍ കുടുംബശ്രീക്ക് വലിയ പങ്കുവഹിക്കാനായി. രാജ്യത്തെ 16 -ഓളം സംസ്ഥാനങ്ങള്‍ ഈ മാതൃക നടപ്പാക്കിക്കഴിഞ്ഞു. പല വിദേശരാജ്യങ്ങളും കുടുംബശ്രീയെ സ്വാഗതം ചെയ്തുവെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളിലായി 46 ലക്ഷം അംഗങ്ങള്‍ കുടുംബശ്രീക്കുണ്ട്. 30,000 ത്തിലധികം സംരംഭങ്ങള്‍ക്ക് തുടക്കമിടുക വഴി സാമ്പത്തിക പുരോഗതിയില്‍ സ്ത്രീ പങ്കാളിത്തമെന്നത് പകരം വെയ്ക്കാനില്ലാത്ത മാതൃകതന്നെയായി.സ്ത്രീകളുടെ കേപബിലിറ്റി ബില്‍ഡിങ്ങിന് കുടുംബശ്രീ സഹായകമായിത്തീര്‍ന്നു. 2002 -ല്‍ ഹരിതശ്രീ യെന്ന പേരില്‍ ആരംഭിച്ച പാട്ടകൃഷി ഇന്ന് 50,000 ഹെക്ടറിലേക്ക് വളര്‍ന്നു. കൃഷി, മൃഗസംരക്ഷണം, ചെറുകിട സംരംഭങ്ങള്‍ എന്നിവയ്ക്ക് 4 ശതമാനം പലിശ നിരക്കില്‍ ബാങ്ക് വായ്പകള്‍ അനായാസം ലഭ്യമാക്കിയതുവഴി കൊളളപലിശക്കാരുടെ ചൂഷണത്തില്‍ നിന്ന് സാധാരണക്കാരെ മോചിപ്പിക്കാന്‍ സാധിച്ചു. 1998 മുതല്‍ മൊത്തം 14000 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കിയത്. അംഗങ്ങളുടെ കുടുംബങ്ങളിലെ പുരുഷന്മാരെ കൂടി ഉള്‍പ്പെടുത്തി ആരംഭിച്ച യുവശ്രീ യും ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചുളള പ്രവര്‍ത്തനങ്ങളും പദ്ധതിയെ കൂടുതല്‍ ജനകീയമാക്കി മാറ്റി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ പ്രാദേശിക സാമ്പത്തിക വികസനവും സ്ത്രീ ശാക്തീകരണവും ഉറപ്പാക്കിക്കൊണ്ടുളള ദാരിദ്യ നിര്‍മ്മാര്‍ജ്ജനമാണ് കുടുംബശ്രീയുടെ പ്രഖ്യാപിത ലക്ഷ്യം. ആ ലക്ഷ്യ പൂര്‍ത്തീകരണത്തില്‍ ബഹുകാതം മുന്നോട്ടുപോകാന്‍ കുടുംബശ്രീക്ക് സാധിച്ചുവെന്നത് പ്രധാനമാണ്. ആമുന്നേറ്റം ഇനിയും അഭംഗുരം തുടരേണ്ടതുണ്ട്. അതിന് ബോധവത്കരണശ്രമങ്ങള്‍ക്കൊപ്പം കാതലായ പ്രവര്‍ത്തനപദ്ധതികളും തുടരേണ്ടതുണ്ട്.

സ്ത്രീകളെ സംഘടിത അദ്ധ്വാന ധാരയിലേക്ക് എത്തിച്ചു-ജഗജീവന്‍

സംസ്ഥാനത്ത് കുടുംബശ്രീയ്ക്ക് തുടക്കം കുറിച്ചത് സാധാരണ നിയോലിബറല്‍ ഡെവലപ്‌മെന്റ് അപ്രോച്ചിലൂടെയായിരുന്നില്ല. ജനകീയാസൂത്രണത്തിന്റെ തുടര്‍ച്ചയായി അധികാര വികേന്ദ്രീകരണത്തിന്റെ പാതയില്‍ മുന്നേറിയ സംസ്ഥാനത്തിന് പോവര്‍ട്ടി ഇറാഡിക്കേഷനില്‍ ഒരു സംഘടിത രൂപകല്പനയിലുളള ഓര്‍ഗനൈസേഷന്‍ വേണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു. മലബാറിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ആലപ്പുഴയിലെ ഡി പങ്കജാക്ഷകുറുപ്പിന്റെ നേതൃത്വത്തിലുളള കര്‍ഷക കൂട്ടായ്മയുമൊക്കെ ഇതില്‍ പ്രചോദനമായിരുന്നു. ലിറ്ററസി മിഷന്റെ ഭാഗമായും വനിതാകൂട്ടായ്മകള്‍ അന്ന് ഏറെ സജീവമായിരുന്നു. വ്യാപകമായ ഇത്തരം കൂട്ടായ്മകളുടെ അനുഭവങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ത്രീശാക്തിരണത്തിലും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിലും ഊന്നിയ പ്രവര്‍ത്തനരീതിയ്ക്കാണ് രൂപം നല്‍കിയത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് അവരുടെ ശാക്തീകരണത്തിലൂടെയുളള സാമൂഹിക സാമ്പത്തിക വികസനമെന്ന വലിയ ലക്ഷ്യമാണ് വിഭാവനം ചെയ്യപ്പെട്ടത്. സ്ത്രീകളുടെ കൂട്ടായ്മകളായ അയല്‍ക്കൂട്ടങ്ങളും എഡിഎസ്സുകളും സിഡിഎസുകളും തദ്ദേശഭരണസ്ഥാപനങ്ങളും ഉള്‍ക്കൊളളുന്ന ഓര്‍ഗനൈസേഷനാണ് രൂപപ്പെട്ടത്. സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായാണ് ഇത് നിലവില്‍ വന്നത്. 2003 – ഓടെ ഈ നെറ്റ് വര്‍ക്ക് വ്യാപകമായി. 2006 – ലെ പഠനത്തില്‍ ഇതിലെ പങ്കാളിത്തത്തില്‍ അമ്പതു ശതമാനത്തിനും മുകളില്‍ പഞ്ചായത്തുകളുടേതായിരുന്നു. നെറ്റ് വര്‍ക്ക് ഓവര്‍കണ്‍ട്രോള്‍ഡ് ആവുന്ന സ്ഥിതിയിലെത്തിയതോടെ ഓര്‍ഗനൈസേഷണല്‍ ഓട്ടോണമിയ്ക്കു വേണ്ടി 2008 – ല്‍ ബൈലാ ഭേദഗതി ചെയ്തു. തുടര്‍ന്ന് 2008 – നുശേഷം ഈ കൂട്ടായ്മകളിലേക്ക് സ്ത്രീകളുടെ സജീവ സാന്നിദ്ധ്യം വര്‍ദ്ധിച്ചു. സ്വയം രംഗത്തു വരാനും സംസാരിക്കാനും തര്‍ക്കിക്കാനുമൊക്കെയുളള കഴിവും സ്വന്തം കഴിവു തെളിയിക്കാനുളള പാടവവും അവര്‍ നേടിയെടുത്തു. സാമൂഹിക – രാഷ്ട്രീയ ബൗദ്ധിക – ഭൗതികമേഖലകളില്‍ ചലനാത്മകമാവാന്‍ അവര്‍ക്ക് സാധിച്ചു. അങ്ങനെ കേപബിലിറ്റി ബില്‍ഡിങ്ങിന് കുടുംബശ്രീ സഹായകമായിത്തീര്‍ന്നു. എന്റര്‍പ്രൈസ് ഡെവലപ് ചെയ്യുന്നതിലും മാര്‍ക്കറ്റിങ്ങ് ശക്തിപ്പെടുത്തുന്നതിലുമൊക്കെ മുന്നേറാന്‍ കഴിഞ്ഞു. എക്കണോമിക് ഡെവലപ്‌മെന്റിലും സോഷ്യല്‍ ഡെവലപ്‌മെന്റിലും ജെന്റര്‍ എംപവര്‍മെന്റിലും ഈ കൂട്ടായ്മ വഴി ഉണ്ടായ മുന്നേറ്റം വിസ്മയാവഹമാണ്. പുരുഷാധിപത്യത്തില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ പോലും വിടുതല്‍ നേടിയിട്ടില്ലാത്ത സമൂഹത്തില്‍ കുടുംബശ്രീ വഴിയുണ്ടായ സ്ത്രീ മുന്നേറ്റത്തിന് വലിയ പ്രാധാന്യമുണ്ട . ്ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമെന്നത് ധനസഹായം നല്‍കലല്ല. കേപബിലിറ്റി ഡെവലപ്‌മെന്റ് വഴിയാണ് അത് സാദ്ധ്യമാകുന്നത്. ഇരുപതുവര്‍ഷം കൊണ്ട് സാധാരണ സ്ത്രീകളില്‍ കേപബിലിറ്റി ബില്‍ഡ് അപ് ചെയ്യാന്‍ സാധിച്ചുവെന്നത് പ്രധാനം തന്നെയാണ്. ഇപ്പോള്‍ നടക്കുന്നത് മൂന്നാം ഘട്ടമാണ്. ഇത് റൈറ്റ് ടൈമാണ്. ഇവരുടെ വളര്‍ത്തിയെടുത്ത കര്‍മ്മശേഷിയെ വേണ്ടരീതിയില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതിനുളള ശ്രമങ്ങളാണ് ഈ ഘട്ടത്തില്‍ ഉണ്ടാകേണ്ടത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കൊണ്ട് സ്ത്രീകളെ സംഘടിത അദ്ധ്വാനധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നത് ഈ പ്രസ്ഥാനത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.

(കുടുംബശ്രീ ആദ്യകാല പ്രവര്‍ത്തകനും മുന്‍പ്രോഗ്രാം ഓഫീസറുമാണ് ലേഖകന്‍)

ഇരുപത് വര്‍ഷംകൊണ്ട് തൃപ്തികരമായ വളര്‍ച്ചയുണ്ടായി – എസ്.ഹരികിഷോര്‍

1998 – ല്‍ കേരളസര്‍ക്കാരിന്റെ ദാരിദ്ര്യ ലഘൂകരണപരിപാടിയ്ക്കു കീഴില്‍ തുടക്കം കുറിച്ച കുടുംബശ്രീ പദ്ധതി കഴിഞ്ഞ ഇരുപതു വര്‍ഷം കൊണ്ട് സംസ്ഥാനം മുഴുവന്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിച്ചിട്ടുണ്ട്. ഇങ്ങനെ തൃപ്തികരമായ തരത്തില്‍ സ്‌കെയില്‍ അപ് ചെയ്യാന്‍ സാധിച്ചുവെന്നത് പ്രധാനമാണ്. തദ്ദേശഭരണസ്ഥാപനങ്ങളുമായുളള കണ്‍വര്‍ജന്‍സില്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ത്രീ ശാക്തീകരണം കൂടി സാദ്ധ്യമാക്കിയുളള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് കുടുംബശ്രീ യുടെ പ്രഖ്യാപിത ലക്ഷ്യം. അതില്‍ ശ്രദ്ധേയമായ മുന്നേറ്റം തന്നെയാണ് ഉണ്ടായിട്ടുളളത്. 2.77 ലക്ഷം അയല്‍ക്കൂട്ടങ്ങളും 47 ലക്ഷം അംഗങ്ങളും കുടുംബശ്രീ യ്ക്ക് കീഴിലുണ്ട്. സ്ത്രീകള്‍ക്കിടയില്‍ സാമ്പത്തിക സ്വാശ്രയത്വം വളര്‍ത്തിയെടുക്കുന്നതിനായി സംരംഭങ്ങള്‍ക്കുളള ബാങ്ക് വായ്പകള്‍ 4% പലിശ നിരക്കില്‍ കുടുംബശ്രീ ലഭ്യമാക്കുന്നുണ്ട്. 1998 മുതല്‍ ഇത്തരത്തില്‍ 14000 കോടി രൂപയുടെ ബാങ്ക് വായ്പയാണ് ലഭ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം മാത്രം 2000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കി. കൃഷി, മൃഗസംരക്ഷണം, മറ്റു ചെറുകിട സംരംഭങ്ങള്‍വഴി ജീവനോപാധി കണ്ടെത്തുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 60,000 ഗ്രൂപ്പുകളിലായി 4 ലക്ഷം വനിതാകര്‍ഷകര്‍ കുടുംബശ്രീയിലുണ്ട്. പാട്ടകൃഷി വഴി തരിശുരഹിതപഞ്ചായത്തുകള്‍ പ്രഖ്യാപിക്കപ്പെട്ടത് ഇതിലൂടെയാണ്. മറ്റ് കാറ്ററിങ്ങ് സംരംഭങ്ങള്‍ കണ്‍സ്ട്രക്ഷന്‍ യൂണിറ്റുകള്‍, ഫാര്‍മസികള്‍, പ്രസ്സുകള്‍………. തുടങ്ങി കുടുംബശ്രീ വഴി പലതരം സംരംഭങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സ്ത്രീശാക്തീകരണത്തിലും സ്ത്രീസുരക്ഷയിലും വേറിട്ട ഒരു മാതൃകയായി കുടുംബശ്രീ വളര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മറ്റ് വിദേശരാജ്യങ്ങളും ഈ പദ്ധതി നടപ്പിലാക്കുന്നത് അതിന്റെ വലിയ സ്വീകാര്യതയാണ് കാണിക്കുന്നത്.

(കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകന്‍)

കുടുംബശ്രീ പ്രവര്‍ത്തനം വളര്‍ച്ചയുടെ പാതയില്‍ തന്നെ – അജിത ജയരാജന്‍

സംസ്ഥാനത്ത് കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ ഘട്ടം ഘട്ടമായി വളര്‍ച്ചയിലായിരുന്നു. തുടക്കമിട്ട് നാലു വര്‍ഷം കൊണ്ട് തന്നെ അത് സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സാധിച്ചു. 1998 – ല്‍ മലപ്പുറത്താണ് ഔദേ്യാഗികമായി സമാരംഭം കുറിച്ചത്. തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദാരിദ്ര്യലഘൂകരണ പരിപാടിയ്ക്കു കീഴില്‍ തുടക്കം കുറിച്ച പദ്ധതി. സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വവും അതിലൂടെയുളള ശാക്തീകരണവുമാണ് വിഭാവനം ചെയ്തത്. പ്രാദേശികമായ സാമ്പത്തിക വികസനം ഇതില്‍ ലക്ഷ്യമാക്കുന്നുണ്ട്. ഈ രംഗത്ത് ഫലപ്രദമായ രീതിയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കുടുംബശ്രീയ്ക്ക് സാധിച്ചു. ചെറുകിട സംരംഭങ്ങള്‍ക്കായി കുറഞ്ഞ പലിശയില്‍ വായ്പയനുവദിക്കുന്നതിലും മറ്റ് തരത്തിലുളള ഗൈഡ്‌ലൈന്‍സ് നല്‍കുന്നതിലും സഹായം നല്‍കി. സ്ത്രീ സുരക്ഷയിലും മദ്യ-മയക്കുമരുന്ന് വിപത്തിലുമൊക്കെ വേണ്ടതായ ബോധവല്‍ക്കരണം നല്‍കുന്നതിലും മുന്നിട്ടുനിന്നു. ഈ പ്രവര്‍ത്തനങ്ങള്‍ വളരെ ബാലന്‍സ്ഡ് ആയ രീതിയില്‍ തന്നെയാണ് മുന്നേറുന്നത്. പ്രളയദുരിതബാധിതര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിലും കുടുംബശ്രീ ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീ വഴിയുളള ഉല്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിങ്ങ് സൗകര്യങ്ങള്‍ പരിമിതമാണ്. അതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാവാന്‍ ഈ പദ്ധതിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ വിദേശ രാജ്യങ്ങളും പദ്ധതിയെ സ്വാഗതം ചെയ്യുന്നുണ്ട്.

(തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയറാണ് ലേഖിക)