Capturing Business 360°

ഇ-ലേണിങ് നടപ്പിലാക്കാന്‍ വിപുലമായ പദ്ധതിയുമായി കേരള സര്‍ക്കാര്‍; സാങ്കേതിക സഹായങ്ങൾക്കായി ഖാന്‍ അക്കാദമിയുമായി ധാരണാപത്രം ഒപ്പുവെച്ചു, അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നത് സംസ്ഥാനത്തെ നാലായിരത്തിലേറെ സ്‌കൂളുകളില്‍

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം, അധ്യാപക സമൂഹത്തെ ശാക്തീകരിക്കാനും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഖാന്‍ അക്കാദമി ഇന്ത്യയുമായി (കെ എ ഐ ) ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, കെ ഐ ടി ഇ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അന്‍വര്‍ സാദത്ത്, ഹയര്‍ സെക്കന്‍ഡറി എജുക്കേഷന്‍ ഡയറക്റ്റര്‍ സുധീര്‍ ബാബു, ഖാന്‍ അക്കാദമി ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ സന്ദീപ് ബാപ്ന, കണ്‍ട്രി സ്ട്രാറ്റജിസ്റ്റ് മധു ശാലിനി എന്നിവര്‍ സന്നിഹിതരായിരുന്നു.

ഖാന്‍ അക്കാദമിയുമായുള്ള പങ്കാളിത്തം സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച്‌ ഏറെ സന്തോഷം പകരുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിഗത തലത്തിലുള്ള പരിശീലനം ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. ‘ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ സജ്ജമാക്കുന്ന പശ്ചാത്തല സൗകര്യങ്ങളും നമ്മുടെ തന്നെ വിഭവങ്ങളും ഖാന്‍ അക്കാദമി വികസിപ്പിച്ചെടുത്തിട്ടുള്ള വിഭവങ്ങളും സാമഗ്രികളുമായി ചേരുന്നതോടെ കുട്ടികളുടെ പഠന നിലവാരം കുറേക്കൂടി മെച്ചപ്പെടും എന്നാണ് കരുതുന്നത്. സംസ്ഥാനത്തുടനീളമുള്ള വിദ്യാലയങ്ങളിലെ അധ്യാപകരുടെ ശാക്തീകരണത്തിനും മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും പഠന മികവിനും ഈ പങ്കാളിത്തം കാരണമായിത്തീരും എന്നാണ് പ്രതീക്ഷ, ‘ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ 4775 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒരു ലക്ഷത്തോളം അധ്യാപകരും എട്ടാം ക്ളാസുമുതല്‍ മുതല്‍ പന്ത്രണ്ടാം ക്ളാസുവരെയുള്ള 20 ലക്ഷത്തോളം സയന്‍സ്, ഗണിത വിദ്യാര്‍ത്ഥികളും ഇതില്‍ ഭാഗഭാക്കാകും. ഈ വര്‍ഷം മുതല്‍ പദ്ധതി നടപ്പിലാക്കി തുടങ്ങും. കരാറിന്റെ കാലാവധി അഞ്ചു വര്‍ഷമാണ്.

ഹൈടെക് സ്‌കൂള്‍ പദ്ധതി കുറേക്കൂടി കാര്യക്ഷമമാക്കാനും വ്യക്തിഗത പരിശീലനത്തിലൂടെ അധ്യാപനം സുഗമമാക്കാനും പങ്കാളിത്തം പ്രയോജനപ്പെടുമെന്ന് കെ ഐ ടി ഇ എക്‌സിക്യൂട്ടീവ് ഡയറക്റ്ററും വൈസ് ചെയര്‍മാനുമായ അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. ‘ ഏതാണ്ട് ഒരു വര്‍ഷക്കാലമായി ഖാന്‍ അക്കാദമിയുമായി യോജിച്ചുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ട്. ആദ്യവര്‍ഷം 20 സ്‌കൂളുകളില്‍ തുടങ്ങിവെയ്ക്കുന്ന പദ്ധതി പിന്നീട് സംസ്ഥാനത്തെ 4775 സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയും പരിശീലനം നല്‍കിയും വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കും. ഗുണഫലങ്ങള്‍ വിലയിരുത്തി മുന്നോട്ടുപോകാനാണ് തീരുമാനം, ‘ അദ്ദേഹം പറഞ്ഞു.

കെ ഐ ടി ഇ നടപ്പിലാക്കുന്ന ഹൈടെക് സ്‌കൂള്‍ പ്രൊജക്റ്റിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇതിനോടകം തന്നെ ബ്രോഡ് ബാന്‍ഡ് കണക്റ്റിവിറ്റിയോടെ ലാപ്‌ടോപ്പുകളും പ്രൊജക്റ്ററുകളും ഐ സി ടി ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, ഓണ്‍ലൈനിലൂടെ കണ്ടന്റും അധ്യാപകര്‍ക്ക് ലഭ്യമാക്കുന്ന ‘സമഗ്ര’ എന്ന പേരിലുള്ള ഒരു പോര്‍ട്ടലും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഖാന്‍ അക്കാദമിയുടെ വിഭവങ്ങള്‍ സമഗ്രയുമായി സമന്വയിപ്പിക്കും. ഈ വിഭവങ്ങളെ അടിസ്ഥാനമാക്കി 2018-2019 അക്കാദമിക് വര്‍ഷത്തില്‍ സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനം. വ്യക്തിഗത പരിശീലനം സാധ്യമാക്കാനായി ആദ്യ വര്‍ഷം 20 സ്‌കൂളുകളിലെ ഐ സി ടി പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ ഐ ടി ഇ.

ഓരോ തലത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പ്രശ്‌നോത്തരികള്‍, ചോദ്യങ്ങള്‍ എന്നിവ വഴി പഠന നിലവാരം മെച്ചപ്പെടുത്തുകയാണ് ഉദ്ദേശ്യം. കുട്ടികളുടെ പഠന പുരോഗതി അധ്യാപകര്‍ക്ക് അടിക്കടി വിലയിരുത്താനാവും. കുറവുകള്‍ അതിവേഗം നികത്താനും കഴിയും. ഓരോ വിദ്യാര്‍ത്ഥിയുടെയും കുറവുകള്‍ തിരിച്ചറിഞ്ഞു പരിഹരിക്കാനും മൊത്തത്തിലുള്ള ക്ളാസ് റൂം ചര്‍ച്ചകള്‍ക്കും പ്രചോദനം നല്‍കും വിധത്തിലാണ് കണ്ടന്റ് വികസിപ്പിച്ചിട്ടുള്ളത്. ആദ്യ വര്‍ഷത്തെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട രീതിയില്‍ പദ്ധതി നടപ്പിലാക്കും.

‘അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും എന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ അക്കാദമി അതീവ കൃതാര്‍ത്ഥരാണ്. അനായാസവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വഴി പഠന നിലവാരം മെച്ചപ്പെടുത്താനുള്ള നിരന്തര ശ്രമമാണ് ഞങ്ങള്‍ നടത്തുന്നത്. കേരളത്തിന് പുറമെ നിരവധി സര്‍ക്കാരുകളും സ്‌കൂളുകളുമായി അക്കാദമിക്ക് പങ്കാളിത്തമുണ്ട്, ‘ ഖാന്‍ അക്കാദമി മാനേജിങ് ഡയറക്ടര്‍ സന്ദീപ് ബാപ്ന പറഞ്ഞു.