Capturing Business 360°

ക്രൂഡ് വിലയില്‍ ഉലയുന്ന സമ്പദ് ലോകം – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

അനുദിനം കുതിച്ചുകയറുന്ന ഇന്ധന വിലക്കയറ്റത്തില്‍ ആഗോളസമ്പദ് രംഗം കടുത്ത ആശങ്കയിലാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കഴിഞ്ഞ നാലു വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ ബാരലിന് 81.45 ഡോളര്‍ നിലവാരത്തിലെത്തിയത് തുടര്‍ന്നും ക്രൂഡ് വിലയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ടാണ്. പെട്രോളിയം എക്‌സ്‌പോര്‍ട്ടിങ്ങ് കമ്പനികളുടെ ഓര്‍ഗനൈസേഷന്‍ (ഒപെക്) ഉല്പാദനം വെട്ടിക്കുറച്ചതും യുഎസ്സും ഇറാനും തമ്മിലുളള അസ്വാരസ്യങ്ങളുമാണ് ക്രൂഡ് വില കുതിച്ചുയരാന്‍ ഇടയാക്കിയതെന്നാണ് വിലയിരുത്തുന്നത്. നവംബര്‍ 2014 – നു ശേഷം അസംസ്‌കൃത എണ്ണയ്ക്ക് ഇത്രയും വില ഉയരുന്നത് ഇതാദ്യമാണ്. ഒപെക് കര്‍ക്കശ നിലപാട് തന്നെ തുടരുന്ന സാഹചര്യത്തില്‍ 2019 – ഓടെ ക്രൂഡ് വില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തര വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ആഭ്യന്തര വിപണിയിലും ഇന്ധനവിലയില്‍ കുതിപ്പ് തുടരുകയാണ്.

രാജ്യത്ത് പെട്രോള്‍ വില 90 ലും ഡീസല്‍ വില 80 ലും എത്തിയ തോടെ വിലക്കയറ്റവും പണപ്പെരുപ്പത്തോതും വര്‍ദ്ധിക്കാനുളള സാഹചര്യമാണ് നിലവിലുളളത്. ഇറക്കുമതിച്ചെലവ് ഉയരുന്നത് ധനക്കമ്മിയിലും വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ട്. ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷം ലക്ഷ്യമിടുന്നതിന്റെ 97.4 ശതമാനത്തിലെത്തിയെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന 19 -ഓളം വസ്തുക്കള്‍ക്ക് ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ടുളള സര്‍ക്കാര്‍ തീരുമാനം നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിലേക്കുളള ശ്രമത്തിന്റെ ഭാഗമാണ്. എക്‌സൈസ് നികുതിയില്‍ നല്‍കിയ ഇളവും എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്നുളള ഇളവും വഴി രണ്ടര രൂപയുടെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഡോളറിനെതിരെ രൂപ 74 നും മുകളിലെത്തിയതും രാജ്യത്തെ ഇന്ധന വില ക്രമാതീതമായി ഉയര്‍ന്നതും സാമ്പത്തിക രംഗത്ത് വലിയ വിഷമസന്ധി തീര്‍ത്തിരിക്കുന്നു. രൂപയുടെ മൂല്യം ഈ സാമ്പത്തിക വര്‍ഷം 12 ശതമാനത്തിലേറെ ഇടിഞ്ഞിരിക്കുന്നു. ഏപ്രില്‍ – ജൂണ്‍ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 2.4 ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്കും കറന്റ് അക്കൗണ്ട് കമ്മി വര്‍ദ്ധനവിനും സര്‍ക്കാരിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തല്‍ ഗുണം ചെയ്യുമെന്നു തന്നെയാണ് കരുതുന്നത്. എന്നാല്‍, ദിവസങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക അവലോകനയോഗം കൈക്കൊണ്ട ബദല്‍ നടപടികള്‍ വേണ്ടത്ര ഫലം ചെയ്തില്ലെന്ന വിലയിരുത്തലാണ് ഉണ്ടാകുന്നത്. എക്‌സൈസ് നികുതി കുറച്ചത് വഴി രണ്ടര രൂപയുടെ കുറവുണ്ടായിട്ടുണ്ടെങ്കിലും വിലക്കയറ്റം തുടരുകയാണ്. എണ്ണ ഉല്പാദകരാജ്യങ്ങള്‍

ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറാകാത്തതും അമേരിക്കയും ഇറാനും തമ്മിലുളള അസ്വാരസ്യങ്ങള്‍ക്ക് ശമനമുണ്ടാകാത്തതും ക്രൂഡ് വിലക്കയറ്റം ഇനിയും തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. ഇത് രൂപയെയും രാജ്യത്തെ മറ്റ് സാമ്പത്തിക സാഹചര്യങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വില ഉയരാനാണ് സാദ്ധ്യത. രാജ്യം ഈ പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യുമെന്നതാണ് സാമ്പത്തികലോകം ഉറ്റുനോക്കുന്നത്.

രാജ്യാന്തര വിലവര്‍ദ്ധനമാത്രമല്ല വിലക്കയറ്റത്തിനു കാരണം – കെ.ടി. ജോസഫ്

രാജ്യാന്തരവിപണിയില്‍ ക്രൂഡ് വില ഉയര്‍ന്ന് നില്‍ക്കുന്നുവെന്നത് ശരിതന്നെയാണെങ്കിലും അത് മാത്രമല്ല പെട്രോള്‍ – ഡീസല്‍ വിലയിലെ കുതിപ്പിനു കാരണം. ഇറക്കുമതി ചെയ്ത് ശുദ്ധികരിച്ച പെട്രോളിന് മുകളില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ചുമത്തുന്ന ഭാരിച്ച നികുതി നിരക്കുകള്‍ വഴിയാണ് വില്പന വില ഇത്രയും അധികരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് വിലയില്‍ ഇടിവുണ്ടായപ്പോഴും രാജ്യത്തെ ഇന്ധനവിലയില്‍ അത് പ്രതിഫലിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിന് ഈ നേട്ടം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുകയായിരുന്നു. നിലവില്‍ രാജ്യാന്തര വിപണി വിലയും രൂപയുടെ തകര്‍ച്ചഭ

യുമൊക്കെ ഇന്ധനവിലക്കയറ്റത്തിന് കാരണമാണെങ്കിലും നികുതി നിരക്കുകള്‍ കുറക്കുകവഴി സര്‍ക്കാരിന് വിലക്കയറ്റത്തെ കാര്യമായി പ്രതിരോധിക്കാന്‍ കഴിയുമെന്നതാണ് വാസ്തവം. ഇതില്‍ കേന്ദ്രം മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും ചിലത് ചെയ്യാന്‍ സാധിക്കും. നികുതി ഘടനയിലെ മാറ്റമോ ജിഎസ് ടി നടപ്പാക്കലോ വഴി വിലവര്‍ദ്ധനയ്ക്ക് തടയിടാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

സാമ്പത്തിക രംഗം വലിയ സങ്കീര്‍ണ്ണതയിലേക്ക് – പി.രാധാകൃഷ്ണന്‍ നായര്‍

ദിവസേന കുതിച്ചുയരുന്ന ഇന്ധനവിലയില്‍ രാജ്യത്തെ സമ്പദ് രംഗം കടുത്ത ആശങ്കയിലാണ്. കാരണം വിലക്കയറ്റം വഴി പണപ്പെരുപ്പത്തിനുളള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്. ഇത് പലിശ നിരക്കുകള്‍ ഇനിയും ഉയരാന്‍ കാരണമാവും. രാജ്യത്തിന്റെ ധനകമ്മി വര്‍ദ്ധിക്കുന്നതിനും ഇന്ധവിലക്കയറ്റം കാരണമാകുമെന്നു തന്നെയാണ് കരുതേണ്ടത്. ഇറക്കുമതി കയറ്റുമതി മേഖലകളിലും ഇതിന്റെ പ്രഭാവമുണ്ടാവാം. ഇറക്കുമതി തീരുവ ഉയര്‍ത്തിക്കൊണ്ടുളള പ്രതിരോധത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഫലപ്രദമാവുമോയെന്നതാണ് അറിയേണ്ടത്. അമേരിക്കന്‍ ഫെഡ് റിസര്‍വ്വ് വീണ്ടും പലിശ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതോടെ ഡോളര്‍ കൂടുതല്‍ കരുത്ത് നേടുകയാണ്. ഇത് ഇന്ധനവിലയിലെന്ന പോലെ രൂപയുടെ കാര്യത്തിലും തിരിച്ചടിയാവുമെന്നാണ് കരുതുന്നത്. ആഗോളതലത്തില്‍ ഉരുത്തിരിയുന്ന സാമ്പത്തിക സാഹചര്യങ്ങളും രാജ്യത്തിനകത്തുളള സാമ്പത്തിക സാഹചര്യങ്ങളുമെല്ലാം ചേര്‍ന്ന് സമ്പദ് രംഗം വലിയ സങ്കീര്‍ണ്ണതയിലേക്ക് എത്തുന്നുവെന്നതാണ് വിലയിരുത്തല്‍.

(ബിസ്സിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

വിലക്കയറ്റം രൂക്ഷമാവാന്‍ ഇടയാക്കും – ജോസഫ് കാട്ടേത്ത്

രാജ്യത്ത് ഇന്ധനവില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സൂചികകളിലെല്ലാം നെഗറ്റീവ് ട്രെന്‍ഡ് പ്രകടമാവുന്നുണ്ട്. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ്. രാജ്യത്ത് പെട്രോള്‍ വില 90 ലും ഡീസല്‍ വില 80 ലും എത്തിയത് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്. ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറച്ചത് വില ഉയരാന്‍ കാരണമാണ്. റീട്ടെയില്‍ പണപ്പെരുപ്പം വിലക്കയറ്റത്തില്‍ സുനിശ്ചിതമായിരിക്കുന്നു. രൂപ തകര്‍ച്ചയിലായതും ഡോളര്‍ കരുത്ത് നേടുന്നതും സമ്പദ് രംഗത്ത് സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇറക്കുമതി ചെലവ് ഉയര്‍ന്നുകഴിഞ്ഞു. ധനകമ്മി ലക്ഷ്യത്തിന്റെ 97 ശതമാനത്തിനും മുകളിലെത്തി. ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് രൂപയുടെ തകര്‍ച്ച തടയുന്നതിനും ഉപകരിക്കുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കുകളില്‍ വര്‍ദ്ധന വരുത്തിയത് വീണ്ടും ഡോളറിന് കരുത്തു പകര്‍ന്നിട്ടുണ്ട്. രാജ്യാന്തര സാഹചര്യങ്ങളും ആഭ്യന്തര സാഹചര്യങ്ങളും വിലക്കയറ്റത്തിന് അനുകൂലമായി നില്‍ക്കുമ്പോള്‍ വിലവര്‍ദ്ധന രൂക്ഷമാവുമെന്നു തന്നെയാണ് കരുതേണ്ടത്. നികുതി കുറച്ചിട്ടും ഇന്ധനവിലയില്‍ വര്‍ദ്ധന തുടരുകതന്നെയാണ്.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)