Capturing Business 360°

ഫേസ്ബുക്കിൽ വ്യാപകമായി ഡ്യൂപ്ലിക്കേറ്റ് ഫ്രണ്ട് റിക്വസ്റ്റ്; പ്രൊഫൈൽ ക്ലോണിങുമായി പുതിയ തട്ടിപ്പ്

ന്യൂഏജ് ന്യൂസ്

ഫേസ്ബുക്കില്‍ ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് എന്ന രീതിയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. നിരവധി ഉപഭോക്താക്കളാണ് ഇപ്പോള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഫേക്ക് ക്ലോണിങിന് ഇരയായിട്ടുണ്ടെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും സമാനമായ പ്രൊഫൈല്‍ മറ്റാരോ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള തരത്തില്‍ ഉപയോക്താവിന് വ്യാജ സന്ദേശം നല്‍കി, ആശങ്കയിലാഴത്തുന്ന സ്പാം മെസേജുകളാണ് ഫേക്ക് ക്ലോണുകള്‍. സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്യൂ എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫ്രണ്ട് റിക്വസ്റ്റിന്റെ തരത്തിലുള്ള സ്പാം ഫേസ്ബുക്കില്‍ കടന്നു കൂടിയിരിക്കുന്നത്.

‘ഹായ്, നിങ്ങളുടെ പ്രൊഫൈലില്‍ നിന്നും വീണ്ടും ഒരു റിക്വസ്റ്റ് കൂടി കിട്ടിയിട്ടുണ്ട്. പക്ഷേ ഞാന്‍ അത് ഒഴിവാക്കിയിട്ടുണ്ട്. അക്കൗണ്ട് ആരെങ്കിലും ഹാക്ക് ചെയ്തോ എന്ന് പരിശോധിക്കുന്നത നല്ലതായിരിക്കും. കോണ്‍ടാക്ടിലുള്ള എല്ലാവര്‍ക്കും ഇത് ഫോര്‍വേഡ് ചെയ്യുക, ഞാന്‍ ഓരോരുത്തര്‍ക്കായി ഇരുന്ന് അയയ്ക്കുകയാണ്. ആശംസകള്‍’ എന്നായിരുന്നു ഞായറാഴ്ച ഉപഭോക്താക്കള്‍ക്ക് എത്തിയ സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഫേസ്ബുക്ക് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇത്തരം മെസേജുകള്‍ ഡിലീറ്റ് ചെയ്യുകയേ നിവൃത്തിയുള്ളുവെന്നും പ്രതികരിക്കരുതെന്നും സാങ്കേതിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 2016 സമാനമായ ആക്രമണം ഫേസ്ബുക്കില്‍ ഉണ്ടായിരുന്നു. ഒരാളുടെ യഥാര്‍ത്ഥ ഫേസ്ബുക്ക് അക്കൗണ്ടിന് സമാനമായി തട്ടിപ്പുകാര്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതിനെയാണ് ക്ലോണിങ് എന്ന് പറയുന്നത്. ഇതിലൂടെ പണം തട്ടിയെടുക്കുകയാണ് ഇത്തരക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതും. ഹാക്കിങിന്റെ മറ്റൊരു വകഭേദം എന്നൊക്കെ പറയാം.

ഫേസ്ബുക്ക് ക്ലോണിങിനെ ഒരു പരിധിവരെ ചെറുക്കാന്‍ ചില മുന്‍കരുതല്‍ കൊണ്ട് കഴിയും. Who can see your friends list എന്നത് only me എന്നാക്കുക. who do you want see your next post? എന്നത് Friends എന്നാക്കുക. പോസ്റ്റ് ചെയ്ത ഫോട്ടോ ഓപ്ഷനില്‍ friends എന്നാക്കി മാറ്റുക. നിങ്ങളുടെ അക്കൗണ്ട് ഇതിനകം ക്ലോണ്‍ ചെയ്തിട്ടുണ്ടെന്ന് തോന്നിയാല്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഈ വിവരം സുഹൃത്തുക്കളെ ഉടന്‍ തന്നെ ധരിപ്പിക്കുക. എന്റെ പ്രൊഫൈലില്‍ നിന്നും വീണ്ടും റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് അറിയിക്കുക. ഇത്തരത്തില്‍ ക്ലോണിങ് പ്രശ്നങ്ങള്‍ ഒരു പരിധി വരെ തടയിടാനാവും.