Capturing Business 360°

ഡോളര്‍ കുതിച്ചുയർന്നതോടെ തിരിച്ചടി നേരിട്ട് സ്വര്‍ണ വിപണി; ഒമ്പത് മാസത്തിനിടയില്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ നേരിട്ടത് ആറ് ശതമാനം ഇടിവ്

ന്യൂഏജ് ന്യൂസ്

ഡോളര്‍ വിലയില്‍ ജനുവരി മുതല്‍ പ്രകടമാകുന്ന മുന്നേറ്റം ആഗോള തലത്തില്‍ സ്വര്‍ണ വിപണിക്ക് തിരിച്ചടിയാകുന്നു. ജപ്പാനിലെ യെന്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയ പ്രമുഖ കറന്‍സികള്‍ക്കെതിരെ യു എസ് ഡോളര്‍ കഴിഞ്ഞ ഒമ്ബത് മാസത്തിനിടയില്‍ അഞ്ച് ശതമാനം ഉയര്‍ന്നു. ഇതേ കാലയളവില്‍ സ്വര്‍ണത്തിന്റെ വില രാജ്യാന്തര മാര്‍ക്കറ്റില്‍ ആറ് ശതമാനം കുറഞ്ഞു. ഡോളര്‍ വില കൂടുമ്ബോള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുകയൂം നിക്ഷേപക താത്പര്യം ഡോളറിലേക്ക് മാറുകയും ചെയ്യുന്നു. ഈ പ്രവണത ഇപ്പോള്‍ ശക്തമാണ്. അതുകൊണ്ട് സ്വര്‍ണത്തിന്റെ വില കുറയുന്നതിനുള്ള സാധ്യതയാണ് ലോക കമ്ബോളത്തില്‍ കാണുന്നത്.

1980 മുതല്‍ 2000 വരെയുള്ള രണ്ടു ദശകകാലത്ത് ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 850 ഡോളറില്‍ നിന്ന് 300 ഡോളര്‍ വരെയായി താഴ്ന്നിരുന്നു. 2011 ആഗസ്ത് 22 നാണ് സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിയത്. അന്ന് ഒരു ഔണ്‍സ് ഗോള്‍ഡിന് 1917.90 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. എന്നാല്‍ 2018 സെപ്റ്റംബര്‍ 27 നു 1183.20 ഡോളറിലേക്ക് താഴ്ന്നു. ഈ വര്‍ഷം ഏപ്രിലില്‍ 1360 ഡോളറിലേക്ക് ഉയര്‍ന്ന വില പിന്നീട് തുടര്‍ച്ചയായി താഴുകയായിരുന്നു.

ഡോളര്‍ വില കൂടുന്നതാണ് ഇതിനു മുഖ്യ കാരണം. അമേരിക്കയില്‍ പലിശ നിരക്ക് കൂടുന്നതും സ്വര്‍ണത്തിലുള്ള നിക്ഷേപ താത്പര്യം കുറയ്ക്കുന്ന ഘടകമാണ്. ഈ സാമ്ബത്തിക ഘടകങ്ങള്‍ വിലയിരുത്തുമ്ബോള്‍ സ്വര്‍ണ വിലയില്‍ കാര്യമായ മുന്നേറ്റം ഈ വര്‍ഷം പ്രകടമാകില്ലെന്ന സൂചനയാണ് മാര്‍ക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 3099 രൂപയാണ്. ഒരു പവന് 24,792 രൂപയും. കേരളത്തില്‍ ഒരു പവന്റെ നിരക്ക് 24,898 രൂപയാണ്. രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്ന് വ്യത്യസ്തമായ ചിത്രമാണ് കേരളത്തില്‍ പ്രകടമാകുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ സ്വര്‍ണത്തിന്റെ ഡിമാന്റില്‍ വര്‍ധന പ്രകടമാകുന്നതിനാല്‍ വില നിലവാരം ഉയര്‍ന്നതോതില്‍ തുടരുന്നത്.