Capturing Business 360°

ഹോമിയോ ചികിത്സാ രീതിയുടെ പ്രായോഗികത – എഡിറ്റോറിയൽ

രാജ്യത്ത് പല തരത്തിലുള്ള ചികിത്സാ രീതികള്‍ സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിലേക്ക് കാലങ്ങളായി പ്രയോജനപ്പെടുത്തുന്നുണ്ട്. ജനങ്ങള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഓരോ ചികിത്സാരീതികളും തെരഞ്ഞെടുക്കാനുളള അവസരവും സ്വാതന്ത്ര്യവുമുണ്ടായിരിക്കെ ഇതില്‍ വിവേചനബുദ്ധിയോടെയുളള തെരഞ്ഞെടുക്കലാണ് ഉണ്ടാകേണ്ടത് എന്ന ചിന്തയ്ക്ക് പ്രാമുഖ്യമുണ്ട്. എന്നാല്‍ ഈ തെരഞ്ഞെടുക്കല്‍ തികച്ചും ആരോഗ്യസംരക്ഷണവും ആരോഗ്യ ജീവിതവും ഉറപ്പാക്കിക്കൊണ്ടാവണം എന്ന ചിന്തയും പ്രധാനം തന്നെയാണ്. ഏതെങ്കിലും ശാസ്ത്രീയമായ തെളിവുകളില്ലാതെ നിലവില്‍ പ്രയോഗത്തിലിരിക്കുന്ന ഒരു ചികിത്സാസമ്പ്രദായത്തെ നിഷ്പ്രയോജനകരമായി മുദ്രകുത്തുന്നതില്‍ കഴമ്പുണ്ടെന്നു തോന്നുന്നില്ല.

രാജ്യത്ത് ഏറെ പ്രചാരമുളള ഹോമിയോചികിത്സാരീതി നിരോധിക്കണമെന്ന തരത്തില്‍ ഐഎംഎയുടെ കേരളഘടകം സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫിനുഹു എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ഈ വിഷയം സജീവമാക്കുന്നത്. സംസ്ഥാനത്തുണ്ടായ പ്രളയത്തെ നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതരത്തില്‍ പ്രധാനമന്ത്രിക്ക് എഴുതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് ഡോ.നുഹു ഹോമിയോ ചികിത്സാരീതി രാജ്യത്ത് നിരോധിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള ഊര്‍ജ്ജിതശ്രമം നടക്കുന്നതിനിടെ കേരളത്തിലെ ചില ഹോമിയോചികിത്സകര്‍ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതില്‍ ഹോമിയോ മരുന്നുകള്‍ ഫലവത്താണെന്ന് പ്രചരിപ്പിച്ച് മരുന്നുവിതരണം നടത്തുകയാണെന്നും ഇത് പ്രതിരോധപ്രവര്‍ത്തനത്തെ തകിടം മറിക്കുന്നുണ്ടെന്നും അഭിപ്രായപ്പെടുന്ന കുറിപ്പില്‍ ഈ പ്രവണത വലിയ ദുരന്തത്തിനു കാരണമാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഹോമിയോ ചികിത്സ അതിന്റെ പ്രഭവകേന്ദ്രമായ ജര്‍മ്മനിയടക്കം പല വിദേശരാജ്യങ്ങളിലും നിരോധിച്ചുകഴിഞ്ഞതായും ഡോ.നുഹു പറയുന്നു.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ശരിയായ ചികിത്സ നടത്താതെ പ്രതിരോധപ്രവര്‍ത്തനത്തിനു തടസ്സം നില്‍ക്കുകയാണ് ഹോമിയോ ചികിത്സകര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തും ഹോമിയോ ചികിത്സ നിരോധിക്കാനുളള നടപടി സ്വീകരിക്കണമെന്ന് ഡോ. സുല്‍ഫി നുഹു പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. ഹോമിയോ ചികിത്സകരെ എംബിബിഎസ് പഠനത്തിലൂടെ ആധുനിക വൈദ്യശാസ്ത്രത്തില്‍ പ്രാവിണ്യം നല്‍കി അവരുടെ തൊഴില്‍ പ്രശ്‌നം പരിഹരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. ഡോ.സുല്‍ഫി നുഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ശുദ്ധഅസംബന്ധമെന്ന് വിശേഷിപ്പിച്ചുകൊണ്ടുളള ഹോമിയോ ഡോക്ടര്‍മാരുടെ സംഘടനയുടെ ദേശീയജനറല്‍ സെക്രട്ടറി ഡോ.സിന്‍സെന്‍ ജോസഫിന്റെ മറുപടിയില്‍ ഹോമിയോ ചികിത്സാരീതിയുടെ വന്‍സ്വീകാര്യതയാണ് ഐഎംഎ യുടെ അസഹിഷ്ണുതയ്ക്ക് പിന്നിലെന്ന് സമര്‍ത്ഥിക്കുന്നു. ഐഎംഎ നിലപാടിനെ മെഡിക്കല്‍ ഫാസിസമെന്നാണ് ഐഎച്ച്എം എ വിശേഷിപ്പിക്കുന്നത്. ഹോമിയോ ചികിത്സയുടെ ശാസ്ത്രീയത ലോകത്തിനു കാലങ്ങളായി ബോദ്ധ്യപ്പെട്ടിട്ടുളളതാണെന്നും ഏറ്റവും പാര്‍ശ്വഫലം കുറഞ്ഞ ചികിത്സാരീതിയെന്ന നിലയില്‍ അത് ഏറെ ജനകീയമാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഈ ചികിത്സാരീതിയെ പ്രോത്സാഹിപ്പിക്കുകയാണ്. എലിപ്പനി നിയന്ത്രിക്കുന്നതിനെക്കാള്‍ ഐഎംഎയ്ക്ക് പ്രധാനം ഹോമിയോ നിരോധിക്കുകയെന്നതിലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകം അംഗീകരിച്ച ഒരു ചികിത്സാരീതിയെ പാടെ നിരോധിക്കണമെന്ന തരത്തിലുളള അഭിപ്രായത്തോട് ഐഎംഎയ്ക്ക് അകത്ത് തന്നെ വിയോജിപ്പുയര്‍ന്നിട്ടുണ്ട്. ഈ അഭിപ്രായം അപക്വവും അനവസരത്തിലുളളതുമാണെന്ന് പല സീനിയര്‍ ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. സംഘടനയ്ക്കകത്ത് ജനാധിപത്യം ശുഷ്‌കമാണെന്ന തരത്തില്‍ ചേരിപ്പോരിന്റെ ബഹിര്‍സ്ഫുരണങ്ങളും ദൃശ്യമാവുന്നുണ്ട്. സംഘടനകളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്തൊക്കെ തന്നെയായാലും മറ്റ് ചികിത്സാരീതികളെ നിഷ്‌കാസിതമാക്കാനുളള ശ്രമങ്ങള്‍ നന്നല്ല. മറിച്ച് എല്ലാ ചികിത്സാക്രമങ്ങളെയും പ്രയോജനപ്പെടുത്തിക്കൊണ്ടുളള ആരോഗ്യസംരക്ഷണമാണ് ലക്ഷ്യമാക്കേണ്ടത്. ഓരോ ചികിത്സാരീതികളും ആരോഗ്യരംഗത്ത് അവയുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നതും ആര്‍ക്കും വിസ്മരിക്കാവുന്നതല്ല.

വിമര്‍ശനം നന്ന്; എന്നാല്‍ കണ്‍സ്ട്രക്ടീവാകണം – ഡോ.സി.സുനില്‍രാജ്

എത്രയോ വര്‍ഷങ്ങള്‍കൊണ്ട് ലോകത്ത് ഹോമിയോ ചികിത്സാരീതി അതിന്റെ പ്രയോജനവും സാദ്ധ്യതകളും തിരിച്ചറിയുന്നുണ്ട്. ജനങ്ങള്‍ അതിന്റെ ഫലം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഏത് ചികിത്സാരീതിയാണ് പൂര്‍ണ്ണമായുളളത്. ഓരോ രീതികളും ദിവസേന പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ ചികിത്സാസമ്പ്രദായങ്ങള്‍ക്കിടയിലുളള ഈ കിടമത്സരം കേരളത്തിനു പുറത്ത് അത്രശക്തമാണെന്നു കരുതുന്നില്ല. അത്തരം കിടമത്സരത്തിന്റെ ആവശ്യം ഇല്ലെന്നതാണ് വാസ്തവം. മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് എല്ലാ ചികിത്സാരീതികളുടെയും നല്ല രീതിയിലുളള പ്രയോജനപ്പെടുത്തലാണ് വേണ്ടത്.

ഹോമിയോ ചികിത്സയ്ക്ക് യഥാര്‍ത്ഥത്തില്‍ വൈഡ്‌സ്‌കോപ്പാണുളളത്. വളരെ ശാസ്ത്രീയമായ രീതികളാണ് അനുവര്‍ത്തിക്കുന്നത്. അള്‍ട്രാ ഡയല്യൂഷന്‍സ് ഉപയോഗിച്ച് സ്‌ട്രെങ്ത് കണ്ടെത്തിയുളള ചികിത്സാരീതിയാണ് പിന്തുടരുന്നത്. പുതിയ വെറൈറ്റി ഡിസീസസിന് പുതിയതരം മെഡിസിന്‍സ് വേണമെന്നില്ല. ഇതില്‍ പാരാമീറ്റേഴ്‌സിന് തന്നെ പരിമിതിയുണ്ടെന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ ചികിത്സാ രീതികളെയും അംഗീകരിച്ച് മുന്നോട്ടുപോവുകയാണ് വേണ്ടത്. വിമര്‍ശനങ്ങള്‍ ഉണ്ടാവുന്നത് നല്ലത് തന്നെ. എന്നാല്‍ അവ കണ്‍സ്ട്രക്റ്റീവാവുകയെന്നത് പ്രധാനമാണ്.

(തിരുവനന്തപുരം ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ലേഖകന്‍)

വ്യത്യസ്ത ചികിത്സാരീതികള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത് – ഡോ.ആര്‍ സേതുനാഥ്

നമുക്ക് ആരോഗ്യരംഗത്ത് പ്രധാനമായും ലക്ഷ്യമാക്കേണ്ടത് ജനങ്ങളുടെ ആരോഗ്യജീവിതമാണെന്നിരിക്കെ അതിലേക്ക് പലതരം ചികിത്സാരീതികളെയും വിവേചനബുദ്ധിയോടെ തെരഞ്ഞെടുത്ത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അതില്‍ ഒന്ന് മറ്റൊന്നില്‍ നിന്നും മികച്ചത് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.
ഏത് തെരഞ്ഞെടുക്കണമെന്നത് ചികിത്സ തേടുന്നവര്‍ക്ക് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിദഗ്ദ്ധ നിര്‍ദ്ദേശത്തിനും സംവിധാനമുണ്ട്.

സര്‍ക്കാര്‍ വിവിധ ചികിത്സാരീതികള്‍ക്ക് വേണ്ട പഠന-ഗവേഷണ കേന്ദ്രങ്ങളും ആതുരശുശ്രൂഷാകേന്ദ്രങ്ങളും ഒരുക്കിയിരിക്കുന്നത് ജനാരോഗ്യം മുന്നില്‍ക്കണ്ടാണ്. അതുകൊണ്ട് തന്നെ ഈ വ്യത്യസ്ത സമ്പ്രദായങ്ങള്‍ ആരോഗ്യജീവിതം മുന്‍നിര്‍ത്തി പ്രയോജനപ്പെടുത്തുകയെന്നതാണ് പ്രധാനം. അതില്‍ ഒന്ന് മികച്ചതും മറ്റൊന്ന് പ്രയോജനമില്ലാത്തതും എന്ന് പറയുന്നത് ശരിയായിരിക്കില്ല.വേണ്ടത് ശരിയായസമയം ചികിത്സ ലഭ്യമാവുകയെന്നതാണ്. അത് ഏതെന്ന് തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

(റിട്ട.ജനറല്‍ ഫിസീഷ്യനാണ് ലേഖകന്‍)

ഇതില്‍ കിടമത്സരത്തിന്റെ ആവശ്യമില്ല – അനീഷ് കുര്യന്‍

പലതരം ചികിത്സാസമ്പ്രദായങ്ങള്‍ പ്രചാരത്തിലിരിക്കുന്ന സാഹചര്യത്തില്‍ ഇവയെല്ലാം ലക്ഷ്യമിടുന്നത് ഒരേ കാര്യം തന്നെയാണ്. അതായത് ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനാണ് പ്രാധാന്യം. ഇതില്‍ ഓരോ വിഭാഗത്തിനും അവയുടെ പങ്ക് മികച്ച രീതിയില്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. ആയുര്‍വ്വേദവും, അലോപ്പതിയും ഹോമിയോയുമൊക്കെ പൊതുജനാരോഗ്യത്തില്‍ സ്തുത്യര്‍ഹമായ തരത്തിലുളള പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിട്ടുളളത്.

സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇവയ്ക്ക് പ്രതേ്യക ചികിത്സാകേന്ദ്രങ്ങളും പഠനകേന്ദ്രങ്ങളുമൊക്കെ സ്ഥാപിതമായിരിക്കുന്നതുതന്നെ അവയുടെ പ്രയോഗക്ഷമതയും സ്വീകാര്യതയും പരിഗണിച്ചുകൊണ്ടു തന്നെയാണ്. ചില പ്രതേ്യകതരം ചികിത്സകളില്‍ ഇംഗ്ലീഷ് മെഡിസിന് കൂടുതല്‍ സ്വീകാര്യതയുണ്ടായിട്ടുണ്ടെന്നത് ശരിയാവാം. എന്നാല്‍ അതുകൊണ്ട് മറ്റുളളവ നിഷ്പ്രയോജനമാണെന്ന് വരുത്തുന്നത് ശരിയല്ല.

ഹോമിയോ മെഡിസിന്‍ അധികം പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയെന്ന നിലവില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ ചികിത്സയില്‍ അതിനുളള വലിയ സ്വീകാര്യതയും യാഥാര്‍ത്ഥ്യമാണ്. പുതിയ രോഗങ്ങള്‍ക്ക് ഫലപ്രദമല്ലെന്നതിന് വ്യക്തമായ പഠനഫലങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ അത്തരം നിഗമനങ്ങളില്‍ എങ്ങനെയാണ് എത്തിച്ചേരുന്നത്. വിവിധ ചികിത്സാരീതികള്‍ തമ്മില്‍ ഒരു കിടമത്സരത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പകരം എല്ലാത്തരം ചികിത്സകളും ആരോഗ്യജീവിതത്തിന് പ്രയോജനപ്പെടുത്തുകയാണ് അഭികാമ്യം.

(സോഷ്യല്‍ വര്‍ക്കറാണ് ലേഖകന്‍)