Capturing Business 360°

കൊലയാളി ഗെയിമുകള്‍ക്ക് മറുമരുന്നുമായി കേന്ദ്രസർക്കാർ; കളിയിലൂടെ പഠനം എന്ന ലക്ഷ്യവുമായി ‘സൈബര്‍ ട്രിവിയ’ ഗെയിം അവതരിപ്പിക്കുന്നു

ന്യൂഏജ് ന്യൂസ്

ന്യൂഡെല്‍ഹി: കുട്ടികളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള വിര്‍ച്വല്‍ ഗെയിമുകള്‍ സൈബര്‍ ലോകത്ത് വിഹരിക്കുന്നതിനാല്‍ ഇത് തടയാന്‍ മറുമരുന്നുമായി കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ ജീവന് വരെ ഭീഷണി ഉയര്‍ത്തുന്ന മോമോ, ബ്ലൂ വെയ്ല്‍ തുടങ്ങിയ ഗെയിമുകള്‍ കുട്ടികളില്‍ ഉണ്ടാക്കിയ ആഘാതത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ഗെയിം ആപ്ലിക്കേഷന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.

‘സൈബര്‍ ട്രിവിയ’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഗെയിം ആപ്ലിക്കേഷന്‍ കളിയിലൂടെ പഠനം എന്ന ഉദ്യേശത്തോടെയാണ് നിര്‍മ്മിച്ചത്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷന്റെ (എന്‍സിപിസിആര്‍) മേല്‍നോട്ടത്തിലാണ് ഇത് തയാറാക്കിയത്. ഇത് വൈകാതെ തന്നെ ആപ് സ്റ്റോറുകളില്‍ ലഭ്യമാകും.

ഇന്റര്‍നെറ്റില്‍ അപരിചിതര്‍ ചിത്രങ്ങള്‍ക്കോ അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനോ ആവശ്യപ്പെട്ടാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വളരെ രസകരമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് സൈബര്‍ ട്രിവിയയുടെ ലക്ഷ്യം. ഇതില്‍ കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ സ്വാദീനിക്കുന്ന വിഭവങ്ങളുമുണ്ട്.