Capturing Business 360°

ജിഎസ്ടി നിരക്ക് വർധിച്ചതോടെ കൊച്ചിയിൽനിന്നും ഇന്ധനം നിറയ്ക്കാൻ താല്പര്യം കാണിക്കാതെ കപ്പലുകള്‍; കൊച്ചിന്‍ പോര്‍ട് ട്രസ്റ്റിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്, വിദേശ കപ്പലുകള്‍ക്ക് ഇന്ധന നികുതി ഒഴിവാക്കാന്‍ ആലോചന

ന്യൂഏജ് ന്യൂസ്

കൊച്ചി കപ്പല്‍ശാലയില്‍ മൂല്യവര്‍ധിത നികുതി (വാറ്റ്) 0.5% മാത്രമുണ്ടായിരുന്ന കാലത്ത് പ്രതിമാസം ശരാശരി 25 കപ്പലുകള്‍ കൊച്ചിയില്‍നിന്ന് ഇന്ധനം നിറക്കുമായിരുന്നു. എന്നാല്‍ ജിഎസ്ടി 18% ആക്കിയതോടെ കൊച്ചിയിലെ ബങ്കറിങ് വിദേശ കപ്പലുകള്‍ക്ക് അനാകര്‍ഷകമായി.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് നികുതി കുത്തനെ കൂടിയതാണ് ബങ്കറിങ് ബിസിനസ് വന്‍ തിരിച്ചടിയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദേശ കപ്പലുകള്‍ക്ക് ഇന്ധന നികുതിയില്‍ പൂര്‍ണ ഇളവ് നല്‍കാന്‍ കൊച്ചി പോര്‍ട് ട്രസ്റ്റ് ആലോചിക്കുന്നത്. ഈ തീരുമാനത്തിലൂടെ കപ്പലുകള്‍ക്ക് ഇന്ധനം ലഭ്യമാക്കുന്ന (ബങ്കറിങ്) ബിസിനസിലെ തളര്‍ച്ച മറികടക്കാനാണ് ശ്രമം. ഒക്ടോബറില്‍ ജിഎസ്ടി കുറച്ചുവെങ്കിലും ബിസിനസ് പഴയ നിലയില്‍ എത്തിയിട്ടില്ല.

പോര്‍ട് ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരിനെയും ജിഎസ്ടി കൗണ്‍സിലിനെയും സമീപിച്ചതോടെ ജിഎസ്ടി 5 ശതമാനമായി കുറച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. കൊച്ചിയുടെ തളര്‍ച്ച മേഖലയിലെ മറ്റൊരു ബങ്കറിങ് കേന്ദ്രമായ കൊളംബോ തുറമുഖത്തിനു നേട്ടമായി. നികുതി രഹിത ബങ്കറിങ് നടപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നേടാനുള്ള ശ്രമത്തിലാണ് പോര്‍ട് ട്രസ്റ്റ്. ബിപിസിഎല്‍, എച്ച്‌പിസിഎല്‍, ഇന്ത്യന്‍ ഓയില്‍ എന്നിവയാണ് കൊച്ചി തുറമുഖത്ത് ബങ്കറിങ് സൗകര്യം ലഭ്യമാക്കുന്നത്. ഉന്നത ഗുണനിലവാരമുള്ള ഇന്ധനം, 24 മണിക്കൂര്‍ ലഭ്യത എന്നിവയാണ് കൊച്ചിയുടെ വാഗ്ദാനം.