Capturing Business 360°

സമ്പദ് ഘടന നേരിടുന്ന സങ്കീര്‍ണ്ണത – എഡിറ്റോറിയല്‍

ഇന്ത്യന്‍ സമ്പദ് ഘടന ഇന്ന് പലതരത്തിലുളള സങ്കീര്‍ണ്ണതകള്‍ക്ക് നടുവിലാണ്. രൂപ നേരിടുന്ന മൂല്യത്തകര്‍ച്ച, ഇന്ധനവിലയിലെ കുതിച്ചുകയറ്റം, ഉയരുന്ന ധനക്കമ്മി, പണപ്പെരുപ്പ ഭീഷണി, വളര്‍ച്ചാനിരക്കിലെ സന്ദേഹങ്ങള്‍… ഇങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങള്‍ സമ്പദ് ഘടനയില്‍ സജീവമാകുന്നുണ്ട്. ഉയരുന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയുമൊക്കെ ആഭ്യന്തര സാഹചര്യങ്ങളുടെ പരിണതിയായുണ്ടാകുന്നതല്ലെന്ന വാദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇവയെല്ലാം രാജ്യാന്തരതലത്തിലുളള പ്രശ്‌നങ്ങളുടെ ഭാഗമായതുകൊണ്ട് അവ നിയന്ത്രിക്കുന്നതില്‍ തങ്ങള്‍ക്ക് പരിമിതിയുണ്ടെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

രൂപയുടെ മൂല്യം 73 നോടടുക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ യുടെ ഇടപെടല്‍ ഉണ്ടാകണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ സങ്കീര്‍ണ്ണതകള്‍ക്ക് പരിഹാരം കാണേണ്ടത് ആര്‍ബിഐയുടെ ഉത്തരവാദിത്തം മാത്രമാണോയെന്ന ചോദ്യം വളരെ പ്രസക്തമാണ്. രാജ്യാന്തരവിപണിയില്‍ ക്രൂഡ് വില കുറഞ്ഞുനിന്ന സാഹചര്യത്തില്‍ ഇന്ധനനികുതി വര്‍ദ്ധിപ്പിച്ച ചരിത്രമാണ് കേന്ദ്രത്തിന്റേതെന്ന യാഥാര്‍ത്ഥ്യവും അവശേഷിക്കുകയാണ്. ഇന്ധനവിലക്കയറ്റത്തെ ചെറുത്തു നില്‍ക്കാനുളള നയങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതുണ്ട്. രൂപയുടെ തകര്‍ച്ച രാജ്യാന്തര തലത്തിലെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ട് ഉടലെടുത്തതാവാം. അമേരിക്കന്‍ ഫെഡ് റിസര്‍വ്വ് നയവും അമേരിക്ക-ചൈന വ്യാപാരയുദ്ധവുമൊക്കെ അതിന്റെ മൂലകാരണങ്ങള്‍ തന്നെയാവാം. എങ്കിലും, ഇന്നത്തെ ഇന്ത്യന്‍ സമ്പദ് രംഗത്തെ പ്രശ്‌നസങ്കീര്‍ണ്ണതകള്‍ ലഘൂകരിക്കാനുളള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും അവശ്യം ഉണ്ടാകേണ്ടതുണ്ട്.

ഇന്ധനവില പെട്രോളിന് 84–ഉം ഡീസലിന് 77-ഉം എന്നത് രാജ്യത്തെ പൊതുജീവിതത്തിനു മേല്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. ഇത് ഇനിയും ഉയരാനുളള സാദ്ധ്യതയാണ് നിലവിലുളളത്. രാജ്യത്ത് നിലവിലുളള നികുതി ചുമത്തല്‍ തന്നെയാണ് ഈ വിധത്തില്‍ വില ഉയരാന്‍ ഇടയാക്കുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം. മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വിശകലന സമിതി അഞ്ച് മുഖ്യ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഇത്തരം ഇടപെടല്‍ ഇന്നത്തെ സങ്കീര്‍ണ്ണത ലഘൂകരിക്കാന്‍ ആവശ്യമാണ്. അത ്തുടര്‍ന്നും ഉണ്ടാകുമെന്നു തന്നെ പ്രതീക്ഷിക്കാം.

സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റമുണ്ടാവണം – പി.രാധാകൃഷ്ണന്‍ നായര്‍

രാജ്യത്തെ നിലവിലെ സാമ്പത്തിക സങ്കീര്‍ണ്ണതകളില്‍ പ്രധാനമായ രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ധനവിലക്കയറ്റവുമൊക്കെ ആഗോളവിപണി സാഹചര്യങ്ങള്‍ മൂലം സംഭവിക്കുന്നതാണെന്ന വാദം ഒരു പരിധി വരെ അംഗീകരിക്കാവുന്നതാണ്. വ്യാപാരയുദ്ധവും ക്രൂഡ് വിലക്കയറ്റവുമൊക്കെ ഇന്ത്യന്‍ സമ്പദ് രംഗത്ത് ചലനമുണ്ടാക്കുന്നുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച ഡോളറിനെതിരെ 72-ന് മുകളിലെത്തിയതും പെട്രോള്‍, ഡീസല്‍ വിലയിലെ കാതിച്ചു ചാട്ടവുമൊക്കെ ഇതിന്റെ ഭാഗമാണെങ്കില്‍കൂടി കേന്ദ്രസര്‍ക്കാര്‍ ഭാഗത്തു നിന്ന് ഉണ്ടാകുന്ന നടപടികളും പ്രധാനമാണ്.

ഇന്ധനവില പരിധിവിട്ടുയരുന്നതിനു പിന്നില്‍ ഉയര്‍ന്ന നികുതി നിരക്കുകളാണ്. മറ്റ് രാജ്യങ്ങളിലെ വിലയെക്കാള്‍ വില ഉയരാന്‍ കാരണമാകുന്നത് ഈ നികുതി നിരക്കുകള്‍ തന്നെയാണ്. ഇത് മാറ്റണം. രൂപ ഒരു ഷോര്‍ട്ട് ടേമില്‍ തകര്‍ച്ച തുടരാനാണ് സാദ്ധ്യത. പിന്നീട് തിരിച്ച് കയറും. അതുവരെ നിരക്കില്‍ ചാഞ്ചാട്ടം തുടരും. വ്യാപാര യുദ്ധം ഒടുവില്‍ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാവാനാണ് സാദ്ധ്യത. അമേരിക്കയിലെ ചൈനീസ് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്. 242 ബില്യണ്‍ ഡോളറിന്റെയെങ്കിലും ചൈനീസ് നിക്ഷേപം അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പിന്‍വലിക്കുന്നത് അമേരിക്കയെ സംബന്ധിച്ച് ഗുണകരമാവില്ല.

(ബിസ്സിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ് ലേഖകന്‍)

ഇന്ധനവിലക്കയറ്റം എന്തുകൊണ്ട്? – ജോസഫ് കാട്ടേത്ത്

രാജ്യത്ത് ഇന്ധനവിലക്കയറ്റം സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരിക്കുന്നു. പെട്രോള്‍ 83 രൂപയും ഡീസലിന് 77 രൂപയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ വില. പ്രാദേശിക തീരുവകളും കടത്തു കൂലിയും അനുസരിച്ച് മഹാരാഷ്ട്രയില്‍ ഇത് 90 രൂപയിലെത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് വിലക്കയറ്റവും രൂപയുടെ തകര്‍ച്ചയുമാണ് ഈ വിലവര്‍ദ്ധനവിന്റെ പ്രധാനകാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തെ ഇന്ധന ഉപയോഗത്തിന്റെ 80 ശതമാനവും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന രാജ്യത്തെ സംബന്ധിച്ച് ഡോളര്‍ കരുത്താര്‍ജ്ജിച്ചത് ധനകാര്യ മാനേജ്‌മെന്റില്‍ വലിയ വെല്ലുവിളിതന്നെതീര്‍ത്തിട്ടുണ്ട്.

ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 83.4 രൂപ. ഇറക്കുമതി ചെയ്ത് ശുദ്ധീകരിച്ച പെട്രോളിന് 40 രൂപയാണ് വില. ഇതില്‍ 19.48 രൂപ കേന്ദ്രം എക്‌സൈസ് നികുതിയായി ചുമത്തും. ഇതിനോടൊപ്പം ഡീലര്‍ കമ്മീഷനടക്കമുളള തുകയ്ക്ക് കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ചേര്‍ന്ന് 27 ശതമാനം നികുതി ചുമത്തുന്നതിലൂടെയാണ് വില 83.4 രാജ്യത്ത് നിലവിലുളള നികുതി ചുമത്തല്‍ തന്നെയാണ് ഈ വിധത്തില്‍ വില ഉയരാന്‍ ഇടയാക്കുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കണം.

ക്രൂഡ് വില കുറഞ്ഞു നിന്ന സാഹചര്യത്തിലും നികുതി വര്‍ദ്ധനയിലൂടെ വിലക്കയറ്റം സൃഷ്ടിച്ചത് സര്‍ക്കാര്‍ തന്നെയായിരുന്നുവെന്ന വസ്തുതയും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഫലപ്രദമായ രീതിയിലുളള സര്‍ക്കാര്‍ ഇടപെടല്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ അവശ്യം ഉണ്ടാകണം.

(സാമ്പത്തിക നിരീക്ഷകനാണ് ലേഖകന്‍)

ആഗോളസാഹചര്യങ്ങളും ആഭ്യന്തര സാഹചര്യങ്ങളും പ്രധാനം – കെ.ടി.ജോസഫ്

ഇന്ധനവിലയിലും രൂപയുടെ മൂല്യത്തിലുമൊക്കെ ആഗോളതലത്തിലെ സാമ്പത്തിക ഗതി വിഗതികള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. ഡോളര്‍ കരുത്തു നേടിയതും ക്രൂഡ് വില ഉയര്‍ന്നതുമൊക്കെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് മൂലകാരണങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ആഭ്യന്തര സാഹചര്യം മെച്ചപ്പെടുത്തേണ്ടതുണ്ട്. ഈ രണ്ടു സാഹചര്യങ്ങളും സമ്പദ് രംഗത്ത് പ്രധാനമാണ്.

ഇവിടെ ആഭ്യന്തര സാഹചര്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നത് പ്രധാനമാണ്. നികുതി ഘടന പരിഷ്‌കരിച്ച് ഇന്ധനവിലക്കയറ്റം തടയാന്‍ ശ്രമിക്കണം കയറ്റുമതി രംഗത്ത് വേണ്ട ശ്രദ്ധനല്‍കി ഊര്‍ജ്ജിതമാക്കുന്നത് വ്യാപാരക്കമ്മി കുറയ്ക്കാന്‍ സഹായിക്കും.

ആര്‍ബിഐയ്ക്ക് കറന്‍സി വിനിമയത്തില്‍ കൂടുതല്‍ സ്വാതന്ത്ര്യം കൊണ്ടുവരുന്നതും പ്രയോജനപ്പെടും. ആഭ്യന്തരവും ആഗോളവുമായ കാര്യങ്ങള്‍ ഇതില്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നത് പ്രതേ്യകമായി കണക്കിലെടുക്കണം.

(സാമൂഹിക നിരീക്ഷകനാണ് ലേഖകന്‍)