Capturing Business 360°

കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പിന് ‘കോകോണിക‌്സ‌്’ എന്ന് പേരിട്ടു; കേരള ലാപ‌്ടോപ്പുകള്‍ ഈ വര്‍ഷംതന്നെ വിപണിയിലെത്തും

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍റെ ഹാര്‍‌ഡ‌്‌വെയര്‍ മിഷന്‍റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന കേരളത്തിന്‍റെ സ്വന്തം ലാപ്ടോപ്പിന് ‘കോകോണിക‌്സ‌്’ (coconics) എന്ന് പേരിട്ടു. തെങ്ങിനെ പ്രതിനിധാനംചെയ്യുന്ന ‘കോകോ’ ഇലക‌്ട്രോണിക‌്സ‌ിലെ ‘ണിക‌്സ‌്’ എന്നിവ ചേര്‍ന്നതാണ‌് പുതിയ പേര‌്. ഈ പേരിലാകും കേരള ലാപ‌്ടോപ്പുകള്‍ വിപണിയിലെത്തിക്കുക. ഹാര്‍‌ഡ‌്‌വെയര്‍ മിഷന്‍റെ മേല്‍നോട്ടത്തില്‍ കെല്‍ട്രോണ്‍ ആണ‌് കേരള ലാപ‌്ടോപ് നിര്‍മിക്കുക. തിരുവനന്തപുരം മണ്‍വിളയിലുള്ള കെല്‍ട്രോണ്‍ യൂണിറ്റിലാണ‌് നിര്‍മാണം. ഇവിടെ ഉല്‍പ്പാദന യൂണിറ്റ‌് തുടങ്ങുന്നതിന‌് സൗകര്യങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങി. ഈ വര്‍ഷംതന്നെ ലാപ‌്ടോപ്‌ വിപണിയിലെത്തിക്കാനാണ‌് ശ്രമം.

കെല്‍ട്രോണ്‍, കെഎസ‌്‌ഐഡിസി, ഹാര്‍ഡ‌്‌വെയര്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഇന്റെല്‍, യുഎസ‌്ഡി ഗ്ലോബല്‍ കമ്ബനികളുമായി സഹകരിച്ചാണ‌് ലാപ‌്ടോപ‌് നിര്‍മിക്കുന്നത‌്.ഇറക്കുമതി ചെയ്യുന്ന ഘടകങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ‌് ആദ്യ ‘കോകോണിക‌്സ‌്’ ലാപ‌്ടോപ്പുകള്‍ പുറത്തിറക്കുക. തുടര്‍ന്ന‌് എല്ലാ ഘടകങ്ങളും തദ്ദേശീയമായി ഉല്‍പ്പാദിപ്പിച്ച‌് സമ്ബൂര്‍ണ കേരള ലാപ‌്ടോപ്‌ അവതരിപ്പിക്കും. തുടര്‍ന്ന‌് സെര്‍വര്‍ നിര്‍മാണത്തിനും പദ്ധതിയുണ്ട‌്.

ഇന്ത്യയില്‍ ലാപ്ടോപ്, ഡെസ്ക്ടോപ‌് എന്നിവ പൂര്‍ണമായി ഉല്‍പ്പാദിപ്പിക്കുന്ന കമ്ബനികളില്ല. ചൈന, തായ‌്‌വാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഉപകരണങ്ങള്‍ കൊണ്ടുവന്നശേഷം കൂട്ടിയോജിപ്പിക്കുകയാണ‌് പതിവ‌്. ഇന്ത്യയില്‍ ഉല്‍പ്പാദനമില്ലാത്ത ചിപ്പ്, മെമ്മറി തുടങ്ങിയവ ഇന്‍റെല്‍ കമ്ബനിയില്‍നിന്ന‌് വാങ്ങും. ബാക്കി 40 ശതമാനത്തോളം ഘടകങ്ങളും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കും. ഇതിനായി സംസ്ഥാനത്തെ ഹാര്‍ഡ‌്‌വെയര്‍ ഉല്‍പ്പാദകരായ കമ്ബനികളെ ചേര്‍ത്ത‌് കണ്‍സോര്‍ഷ്യം രൂപീകരിക്കും.