Capturing Business 360°

വിനോദസഞ്ചാര മേഖലയിൽ പ്രളയം ഏൽപ്പിച്ച ആഘാതം കനത്തതെന്ന് വിലയിരുത്തൽ; അടിയന്തിര ഇടപെടലിനൊരുങ്ങി സംസ്ഥാന സർക്കാർ, പുനർജ്ജീവനത്തിന് കരുത്തുപകരാൻ കര്‍മപദ്ധതിയുമായി സർക്കാർ

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിച്ച പ്രളയ ദുരിതം വിനോദസഞ്ചാരമേഖലയില്‍ വലിയ തോതില്‍ ആഘാതമേല്‍പിച്ചുവെന്നും ആഘാതങ്ങളെ അതിജീവിക്കുന്നതിനും വിനോദസഞ്ചാരമേഖലയ്ക്ക് കരുത്തുപകരുന്നതിനും കര്‍മപദ്ധതി നടപ്പാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

പ്രതിവര്‍ഷം ശരാശരി പത്തു ലക്ഷം വിദേശ വിനോദ സഞ്ചാരികളും ഒന്നരക്കോടിയോളം ആഭ്യന്തര വിനോദ സഞ്ചാരികളും കേരളം സന്ദര്‍ശിക്കുന്നുണ്ട്. 2017ല്‍ 34,000 കോടി രൂപയാണ് ടൂറിസത്തില്‍ നിന്ന് കേരളത്തിനു ലഭിച്ച മൊത്ത വരുമാനം. മുന്‍ വര്‍ഷത്തേക്കാള്‍ 12.56 ശതമാനം കൂടുതല്‍ വരുമാനമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്.

എണ്ണായിരം കോടി രൂപയുടെ വിദേശനാണ്യമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. 15 ലക്ഷത്തോളം പേര്‍ ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ടൂറിസം രംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ദീര്‍ഘവീക്ഷണത്തോടെ പുതിയ ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിലോമകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നത്. ഓഖി സമയത്തും നിപയുടെ സമയത്തും വിനോദ സഞ്ചാരമേഖലയ്ക്ക് വന്‍ പ്രതിസന്ധിയാണുണ്ടായത.് അവയെ മറികടന്നുവന്നപ്പോഴാണ് ഇപ്പോഴത്തെ പ്രളയം. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ടൂറിസം മേഖല ഇന്ന് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

പന്ത്രണ്ടു വര്‍ഷത്തിനുശേഷം നീലക്കുറിഞ്ഞി പൂക്കുന്ന വേളയിലാണ് ദുരന്തം പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും രൂപത്തില്‍ വന്നത്. നീലക്കുറിഞ്ഞിവസന്തം സംബന്ധിച്ച്‌ വിപുലമായ പ്രചാരണപരിപാടികള്‍ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കുകയും പത്തു ലക്ഷത്തോളം വിനോദസഞ്ചാരികളെ പ്രതീക്ഷിക്കുകയും ചെയ്തു. കനത്തമഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂന്നാറിനെ കാര്യമായി ബാധിക്കുകയും അവിടേക്കുള്ള റോഡുകള്‍ തകരുകയും ചെയ്തു. ടൂറിസം വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ ടൂറിസ്റ്റുകള്‍ക്ക് അപായമുണ്ടാകാതെ ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്ന് അവരെ മാറ്റി. കഴിഞ്ഞ മാസം സംസ്ഥാനത്തേക്കു വരേണ്ടിയിരുന്ന വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗവും യാത്ര റദ്ദാക്കി. യാത്ര റദ്ദാക്കിയതുകൊണ്ടുണ്ടായ നഷ്ടം മാത്രം 500 കോടിയോളം വരും.

ഇപ്പോഴും കേരളം പ്രളയദുരിതത്തിലാണ് എന്ന വിശ്വാസത്തില്‍ ഒട്ടേറെപ്പേര്‍ വരാതിരിക്കുന്ന സാഹചര്യമുണ്ട്. ഈ പ്രതിസന്ധി മറികടക്കാന്‍ ശക്തമായ മാര്‍ക്കറ്റിംഗ് കാംപെയ്ന്‍ സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെയും റോഡ് ഷോകളിലൂടെയും പ്രചാരണം നടത്തും. വിദേശത്തും സ്വദേശത്തുമുള്ള ടൂറിസം ട്രേഡ് ഫെയറുകളില്‍ കേരളത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തും. ഡിജിറ്റല്‍ പ്രചാരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുകയും ഫാം ടൂറുകളിലൂടെയും ബ്ലോഗ് എക്‌സ്പ്രസ് പോലെയുള്ള പരിപാടികളിലൂടെയും കേരള ടൂറിസം ശക്തമായി നിലനില്‍ക്കുകയാണെന്ന് ലോകത്തെ അറിയിക്കും.

ടൂറിസം കേന്ദ്രങ്ങളൊന്നും പാടേ തകര്‍ന്നിട്ടില്ലെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിനും ശക്തമായി തിരിച്ചുവരുന്നതിനും ഒരു കര്‍മപരിപാടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍മപദ്ധതിയുടെ ഭാഗമായി, തകര്‍ന്ന റോഡുകള്‍ അടിയന്തര പ്രാധാന്യത്തോടെ പുനര്‍നിര്‍മിക്കും. ടൂറിസം സേവനങ്ങള്‍ക്ക് സംസ്ഥാനം സജ്ജമാണോ എന്നു വിലയിരുത്താന്‍ ടൂറിസം ട്രേഡ് സര്‍വേ സംഘടിപ്പിക്കും.

ലോകത്തെങ്ങുമുള്ള ടൂറിസം പങ്കാളികളില്‍ കേരളത്തെക്കുറിച്ചുള്ള വിശ്വാസം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ സെപ്റ്റംബര്‍ 27 മുതല്‍ 30 വരെ കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കും. നവംബര്‍ അഞ്ചു മുതല്‍ ഏഴു വരെ ലണ്ടനില്‍ നടക്കുന്ന ലോക ടൂറിസം മാര്‍ട്ടില്‍ സജീവമായി പങ്കെടുക്കും. യാത്രാവിവരണ കര്‍ത്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ക്കായി ഫാം ടൂറുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.