Capturing Business 360°

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച … – എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രൂപയുടെ മൂല്യം ഡോളറിനെതിരെ 72.07എന്ന റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത് രാജ്യത്തെ സമ്പദ് രംഗത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത് ഡോളറിന്റെ ആവശ്യകതയുയര്‍ത്തിയിരുന്നു. ഇത് രൂപയ്ക്ക് തിരിച്ചടി തീര്‍ത്തിട്ടുണ്ട്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് ഉയര്‍ത്തിയതും രൂപയ്ക്ക് തിരിച്ചടിയായി ചൈന, അമേരിക്ക വ്യാപാരയുദ്ധം മുറുകുന്നത് ചൈനീസ് യുവാന്‍ അടക്കമുളള ഏഷ്യന്‍ കറന്‍സികള്‍ക്കെല്ലാം ആഘാതമേല്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പലവിധത്തില്‍ രൂപയുടെ മൂല്യശോഷണം ബാധിക്കുന്നതായാണ് വിലയിരുത്തല്‍.

ഇറക്കുമതിച്ചെലവില്‍ വരുന്ന വര്‍ദ്ധന, ധനകാര്യക്കമ്മിയിലുണ്ടാകുന്ന ഉയര്‍ച്ച, പണപ്പെരുപ്പം തുടങ്ങിയ സങ്കീര്‍ണ്ണതകളൊക്കെ ഇതിന് അനുബന്ധമായി സംഭവിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്കും ഐടി ഫാര്‍മ രംഗത്തുളളവര്‍ക്കും നേട്ടമാകുന്നുണ്ടെങ്കിലും സമ്പദ് ഘടനയില്‍ ഇതിന്റെ പ്രഭാവം സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണതകള്‍ ഏറെയാണ്. ഡോളറിന് കൂടുതല്‍ ശക്തി നല്‍കുന്ന നടപടിയാണ് അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്വിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

വ്യാപാരത്തിനും കരുതല്‍ ശേഖരമെന്ന നിലയ്ക്കും ഡോളറിനെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യയടക്കമുളള രാജ്യങ്ങള്‍ക്ക് ഡോളറിന്റെ മുന്നേറ്റം അത്ര ഹിതകരമല്ല. ഇന്ത്യന്‍ രൂപയടക്കം മറ്റ് കറന്‍സികളെല്ലാം നിഷ്പ്രഭമാകുന്ന സാഹചര്യമാണുളളത്. രൂപയെ താങ്ങിനിര്‍ത്താനുളള ശ്രമത്തില്‍ ആര്‍ബിഐ കഴിഞ്ഞ മാര്‍ച്ച് മുതല്‍ 24 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. രൂപ ഡോളറിനെതിരെ തകര്‍ന്നടിയുന്ന സാഹചര്യത്തില്‍ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും ക്രമാതീതമായി ഉയരാതിരിക്കാനുളള ശ്രമമാണ് നടത്തേണ്ടത്. ഇന്ധനവില പിടിവിട്ടുയരുന്ന സാഹചര്യത്തില്‍ അത് ഏറെ ദുഷ്‌കരമാകുമെന്നുതന്നെയാണ് കരുതേണ്ടത്

ഇത് ജേര്‍ണലിസ്റ്റിക് സെന്‍സേഷന്‍ മാത്രമാണ് – ഡോ.വി.കെ.വിജയകുമാര്‍

രൂപയുടെ മൂല്യത്തെ വിലയിരുത്തേണ്ടത് ഒരു ലോങ് ടേം പീരിയഡ് അടിസ്ഥാനത്തിലായിരിക്കണം. നിലവില്‍ ഷോര്‍ട്ട് ടേമില്‍ 9 ശതമാനത്തോളം മൂല്യത്തകര്‍ച്ച രൂപയ്ക്ക് ഉണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ മറ്റുളള പല കറന്‍സികളെയും അപേക്ഷിച്ച് രൂപ സ്റ്റേബിളാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രൂപയുടെ മൂല്യം കാര്യമായി ഇടിഞ്ഞിട്ടില്ലെന്നുതന്നെയാണ് കരുതുന്നത്. 2013 ആഗസ്റ്റില്‍ രൂപയുടെ മൂല്യം 68.85 എന്നനിലവാരത്തിലായിരുന്നു. തുടര്‍ന്നുളള വര്‍ഷങ്ങളില്‍ കാര്യമായ തകര്‍ച്ചയുണ്ടായിട്ടില്ല. 68.85 – ല്‍ നിന്നും 72 എന്ന നിരക്കിലേക്കുളള വ്യത്യാസം അത്ര വലിയ ഒരു തകര്‍ച്ചയായി കാണാനാവില്ല. വാസ്തവത്തില്‍ രൂപയ്ക്ക് കാര്യമായ മൂല്യതകര്‍ച്ചയുണ്ടായിട്ടില്ലെന്നു തന്നെ പറയാം. ഹ്രസ്വകാലയളവില്‍ ഉണ്ടായിട്ടുളള മൂല്യതകര്‍ച്ചയുടെ ഒരു കാരണം ഡോളറിന്റെ കരുത്താര്‍ജ്ജിക്കലാണ്. ഇന്ധനവിലക്കയറ്റമടക്കമുളളവ ഡോളറിന് ഊര്‍ജ്ജദായകമായിട്ടുണ്ട്. ഇക്കണോമിക് ഡെവലപ്‌മെന്റില്‍ ഇക്കണോമിസ്റ്റുകള്‍ ഒരിക്കലും എക്‌സ്‌ചേഞ്ച് റേറ്റ് ഒരു പ്രധാനസൂചകമായി പരിഗണിക്കാറില്ലെന്നതും പ്രധാനമാണ്. രൂപ തകര്‍ന്നടിഞ്ഞു.കൂപ്പുകുത്തി ഇങ്ങനെയുളള വാര്‍ത്തകള്‍ നല്‍കുന്നതിലാണ് മാധ്യമങ്ങള്‍ക്ക് താല്പര്യം. ജേര്‍ണലിസ്റ്റിക് സെന്‍സേഷന്‍ എന്നാണ് ഇതിനെ വിലയിരുത്തേണ്ടത് ഇപ്പോഴുളള രൂപയുടെ തകര്‍ച്ച ഒരു ഹൃസ്വകാലയളവിന്റെ മാത്രം അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ട കാര്യമാണ്.

(ലേഖകന്‍ പ്രമുഖ ധനകാര്യ വിദഗ്ദ്ധനും ജിയോജിത്ത് ബിഎന്‍പി പാരിഭബയുടെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമാണ്)

മൂല്യത്തകര്‍ച്ച തുടരാനാണ് സാദ്ധ്യത – പി.രാധാകൃഷ്ണന്‍ നായര്‍

രൂപയുടെ മൂല്യത്തകര്‍ച്ച ഒരു ഹൃസ്വകാലത്തേക്കെങ്കിലും തുടരുന്നതിനാണ് സാദ്ധ്യത. അതിന് പല കാരണങ്ങള്‍ ഉണ്ട്. പ്രധാനം ഡോളറിന് കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ കഴിഞ്ഞുവെന്നത് തന്നെ. ഇന്ധനവിലക്കയറ്റവും അമേരിക്കന്‍ വ്യാപാരനയങ്ങളും ഇതില്‍ സ്വാധീനിക്കുന്നുണ്ട്. ഇവിടെ ഇന്ധന വിലക്കയറ്റത്തിന്റെ പ്രധാനശക്തികേന്ദ്രം സര്‍ക്കാരിന്റെ നയം തന്നെയാണ്. മറ്റു രാജ്യങ്ങളില്‍ പെട്രോളിന് വിലകുറയുന്ന സമയത്തും ഇവിടെ ഇരട്ടി വിലയാണ് ഈടാക്കുന്നത്. അതിന്റെ കാരണം ഉയര്‍ന്ന നികുതിനിരക്കാണ്. ഈ നയം മാറ്റണം. ഇന്നത്തെ സാഹചര്യത്തില്‍ ഷോര്‍ട്ട് ടേമില്‍ മൂല്യത്തകര്‍ച്ച തുടരും. പിന്നീട് രൂപ തിരിച്ച് കയറും. അമേരിക്കന്‍ വ്യാപാരയുദ്ധം ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസ്സിന് വിനയാകാനാണ് സാദ്ധ്യത. ചൈനീസ് നിക്ഷേപം അമേരിക്കയില്‍ നിന്ന് വലിയതോതില്‍ പിന്‍വലിക്കാനുളള സാദ്ധ്യതയുണ്ട്. 242 ബില്യണ്‍ ഡോളറിന്റെ ചൈനീസ് നിക്ഷേപം അമേരിക്കയിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം വ്യാപാരയുദധം തുടര്‍ന്നാല്‍ പിന്‍വലിക്കാനാണ് സാദ്ധ്യത. ട്രംപ് ഭരണകൂടം പ്രതീക്ഷിച്ച തരത്തില്‍ വ്യാപാരയുദ്ധം നേട്ടമാകില്ലെന്നാണ് കരുതുന്നത്. ഫെഡ് റിസര്‍വ്വ് പലിശനിരക്ക് ഉയര്‍ത്തിയ നടപടി വ്യാപാരയുദ്ധത്തിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുമെന്ന ട്രംപിന്റെ അഭിപ്രായപ്രകടനം തന്നെ ഇതിന്റെ സൂചനയായി കണക്കാക്കാം.

(ലേഖകന്‍ ബിസിനസ്സ് ലൈന്‍ അസിസ്റ്റന്റ് എഡിറ്ററാണ്)

രൂപ നേരിടുന്നത് വലിയ തകര്‍ച്ച – കെ.ടി.ജോസഫ്

രൂപ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുകയാണ്. വിനിമയ നിരക്ക് 72.07 എന്ന റെക്കോര്‍ഡിലേക്ക് വീണതോടെ സമ്പദ് രംഗത്ത് വലിയ ആശങ്കയ്ക്ക് വഴിതുറന്നിരിക്കുന്നു. രാജ്യാന്തര വിപണിയിലെ ഇന്ധനവിലക്കയറ്റവും വ്യാപാരയുദ്ധത്തിന്റെ ഭീഷണിയും ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്കില്‍ വരുത്തിയ വര്‍ദ്ധനവുമൊക്കെ ഇപ്പോഴത്തെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. എണ്ണവിലക്കയറ്റവും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വിന്റെ പലിശനിരക്ക് വര്‍ദ്ധിപ്പിച്ച നടപടിയും ഡോളറിന് കൂടുതല്‍ കരുത്തു പകര്‍ന്നിട്ടുണ്ട്. ഡോളറിന്റെ മുന്നേറ്റം തുടരുന്ന സാഹചര്യം രൂപയ്ക്കും കറന്‍സികള്‍ക്കുമൊക്കെ വലിയ ഭീഷണിയാണ്. ചൈനീസ് കറന്‍സി യുവാന്‍ അടക്കം തിരിച്ചടിയിലാണ്. രൂപയ്‌ക്കെതിരെ ഗള്‍ഫ് കറന്‍സികളും കരുത്താര്‍ജ്ജിക്കുന്നുണ്ട്. സമ്പദ് ഘടനയില്‍ ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് സൂചന. ധനകാര്യകമ്മി ഉയരുന്നു. പണപ്പെരുപ്പമുയരാനുളള സാദ്ധ്യത ഇതെല്ലാം അനുബന്ധമായി സംഭവിക്കുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് രാജ്യത്തേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്കും ഐടി, ഫാര്‍മ രംഗത്തുളളവര്‍ക്കും നേട്ടമാകുമെങ്കിലും സമ്പദ് ഘടനയെ സംബന്ധിച്ച് ഒട്ടേറെ ആശങ്കകള്‍ക്കു വഴിതെളിക്കുന്നുണ്ട്.

(ലേഖകന്‍ സാമ്പത്തിക നിരീക്ഷകന്‍ ആണ്)