Capturing Business 360°

വേണ്ടത് സര്‍ക്കാര്‍ നേതൃത്വം

പ്രളയം ഏറ്റവും അധികം നാശനഷ്ടം വിതച്ച വ്യാപാരരംഗത്തിന്റെ രക്ഷയ്ക്ക് കൂട്ടായ ശ്രമം അനിവാര്യമാണ്. വാണിജ്യമേഖല പ്രളയാനന്തരം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ‘ബാക്ക് ടു ബിസിനസ്’ എന്ന സീരീസിന്റെ അവസാന ഭാഗം.

സാലു മുഹമ്മദ്

> വാണിജ്യ വകുപ്പ് രൂപീകരിക്കുക
> രേഖകള്‍ നഷ്ടപ്പെട്ടത് പരിഗണിക്കുക

പ്രളയം കേരളത്തിന്റെ സമസ്തമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും പണമായും അല്ലാതെയും സഹായങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനാകുന്നതുകൊണ്ട് വളരെ വേഗത്തിലുള്ള ഒരു തിരിച്ചു വരവ് സാധ്യമാണ്. എന്നാല്‍ നാല്‍പതിനായിരം കോടിയിലേറെ നഷ്ടം നേരിട്ട വാണിജ്യ മേഖല അത്ര പെട്ടെന്ന് കരപറ്റും എന്ന് കരുതാനാകില്ല. വ്യാപാരമേഖലയെ സഹായിക്കാനുള്ള ബാധ്യത ആര്‍ക്കാണെന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ് എന്നതാണ് അതിന് പ്രധാന കാരണം.

കേരളത്തിന്റെ നികുതി വിഹിതത്തില്‍ നല്ലൊരു പങ്കുകൊടുക്കുന്നത് വ്യാപാര മേഖലയാണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ പ്രധാന വ്യാപാര ഇനങ്ങളില്‍ നിന്ന് മാത്രം മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ നികുതിയാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. എന്നിട്ടും വാണിജ്യമേഖലയുടെ പ്രവര്‍ത്തനത്തിന് കരുത്ത് പകരുന്നതിനായി ഒരു സ്വതന്ത്ര വകുപ്പ് രൂപീകരിക്കാന്‍ ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല. കേരളം പോലെ ഒരു ഉപഭോക്തൃസംസ്ഥാനത്ത് വാണിജ്യവകുപ്പിന്റെ ആവശ്യം വ്യാപാരിസമൂഹം ദീര്‍ഘകാലമായി ചൂണ്ടിക്കാട്ടുന്നതാണ്. ഈ സാഹചര്യത്തില്‍ വാണിജ്യമേഖലയുടെ തിരിച്ചുവരവിന് നേതൃത്വം കൊടുക്കാന്‍ നോഡല്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയോ വ്യവസായവകുപ്പിന് കീഴില്‍ ‘സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍’ രൂപീകരിക്കുകയോ ചെയ്യണം.

വ്യാപാരികള്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ ഇനി പതിന്മടങ്ങ് വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. അതില്‍ ഒന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സമര്‍പ്പിക്കേണ്ട രേഖകളാണ്. വര്‍ഷങ്ങള്‍ക്കു മുന്പുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട പല വകുപ്പുകളില്‍ നിന്നും വ്യാപാരികള്‍ക്ക് നോട്ടീസ് ലഭിക്കാറുണ്ട്. ഹാജരാക്കാന്‍ കഴിയാതിരുന്നാല്‍ ഭീമമായ പിഴയും ഈടാക്കാറുണ്ട്. ബില്ലുകളും രജിസ്റ്ററുകളും ലൈസന്‍സുകളും അടക്കം നിരവധി രേഖകള്‍ പ്രളയത്തിള്‍ നഷ്ടപ്പെട്ടുപോയിട്ടുള്ള സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ വ്യാപാരികളെ സഹായിക്കുന്ന നിലപാടുകള്‍ സ്വീകരിക്കേണ്ടതായുണ്ട്. അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നല്‍കണം.

വ്യാപാര രംഗം കരകയറുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സികള്‍ മുന്നോട്ടു വരണം. പലിശരഹിത വായ്പ പ്രഖ്യാപിക്കുന്നത് നല്ലതുതന്നെ, പക്ഷെ അത് മാത്രമല്ല സഹായം. വിവിധ മേഖലകളിലെ സാങ്കേതിക സഹായം, കൺസൾട്ടിങ് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കെഎസ്ഐഡിസി പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും. കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പരസ്പര സഹകരണത്തിലൂടെയും മാത്രമേ നഷ്ടങ്ങളിൽ നിന്ന് കരകയറാൻ കേരളത്തിനാകൂ. വാണിജ്യ മേഖല ഒരു പൊതുമേഖലയാണെന്ന കാഴ്ച്ചപ്പാടോടെ പുനരുജ്ജീവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് സര്‍ക്കാര്‍ എടുക്കേണ്ട സമീപനം.