Capturing Business 360°

വ്യാപാരനവീകരണത്തിന് ഫണ്ട് ഉറപ്പാക്കണം

പ്രളയം ഏറ്റവും അധികം നാശനഷ്ടം വിതച്ച വ്യാപാരരംഗത്തിന്റെ രക്ഷയ്ക്ക് കൂട്ടായ ശ്രമം അനിവാര്യമാണ്. വാണിജ്യമേഖല പ്രളയാനന്തരം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ‘ബാക്ക് ടു ബിസിനസ്’ എന്ന സീരീസിന്റെ രണ്ടാം ഭാഗം.

സാലു മുഹമ്മദ്

> പണം കണ്ടെത്താൻ സർക്കാർ ഇടപെടൽ ഉണ്ടാകണം
> ബാങ്കുകൾ ഇളവ് നൽകണം
> രണ്ട് പാദങ്ങളിലെങ്കിലും നികുതി ഇളവ് നൽകണം

കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിൽ തകർന്നടിഞ്ഞത് റോഡുകളും പാലങ്ങളും വീടുകളും മാത്രമല്ല, പതിനായിരക്കണക്കിന് ആൾക്കാരുടെ ജീവനോപാധികൾകൂടിയാണ്. പെട്ടിക്കടകൾ മുതൽ വൻകിട കച്ചവടസ്ഥാപനങ്ങളിൽ വരെ വലിയ നാശനഷ്ടമുണ്ടായി. ബിസിനസ് എന്നത് ഒരു വ്യക്തിക്ക് ലാഭമുണ്ടാക്കുന്ന ഒരു സംരംഭമല്ല. ഓരോ സ്ഥാപനത്തെയും ആശ്രയിച്ച് പ്രത്യക്ഷമായും പരോക്ഷമായും നിരവധി കുടുംബങ്ങൾ ജീവനം നടത്തുന്നുണ്ടാകും. അതുകൊണ്ടുതന്നെ, പ്രളയം ദുരിതത്തിലാക്കിയ കേരളത്തിലെ വാണിജ്യ മേഖലയെ രക്ഷിക്കാൻ സർക്കാർ മുൻകൈയിൽ ശ്രമങ്ങൾ നടക്കേണ്ടത് അനിവാര്യമാണ്.

ബിസിനസ് തുടർന്ന് നടത്തുന്നതിന് വ്യാപാരികൾക്ക് മുന്നിൽ ഇപ്പോഴുള്ള ഏറ്റവും വലിയ തടസ്സം വിപണിയല്ല, ഫണ്ടാണ്. ബിസിനസിനെ എപ്പോഴും ചലിപ്പിക്കുന്നത് ‘റോളിങ്ങ് മണി’യാണ്. സ്റ്റോക്കുകളിൽ ഉണ്ടായ നഷ്ടം റോളിങ്ങ് മണി ഇല്ലാതെയാക്കി. ഇനി മുന്നോട്ടു പോകണമെങ്കിൽ പുതിയ മൂലധനം കണ്ടെത്തണം. ഇതിന് കഴിയാത്ത സംരംഭകർ പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് നിലവിലുള്ള ലോണുകളുടെ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നത്. കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികളാണ് ഏറ്റവും കൃത്യമായി ലോണുകൾ തിരിച്ചടക്കാറുള്ളതെന്ന് ബാങ്കുകൾ തന്നെ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇപ്പോൾ സ്ഥിതി ബുദ്ധിമുട്ടിലാണ്.വ്യാപാരമേഖലയുടെ ഉണർവ്വിനായി പണം ഉറപ്പാക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടത് ഈ സാഹചര്യത്തിലാണ്. ബാങ്കുകൾ തനതു തിലയിലുള്ള പാക്കേജുകൾ വ്യാപാരികൾക്കായി തയ്യാറാക്കണം. ലോണുകൾ തിരിച്ചടയ്ക്കുന്നതിന് സാവകാശം കൊടുക്കുന്നതിനോടൊപ്പം പ്രത്യേക സ്കീമുകളും ഇളവുകളും നൽകാനും ബാങ്കുകൾ തീരുമാനമെടുക്കണം. ലോണുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് വ്യക്തത ഇനിയും വന്നിട്ടില്ലെന്നും വ്യാപാരികൾക്ക് പരാതിയുണ്ട്.

ബിസിനസിന്റെ തിരിച്ചുവരവിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ രണ്ടു തരത്തിൽ സർക്കാരിന് സഹായിക്കാം. ഒന്ന്, സർക്കാർ ഏജൻസികളിൽ നിന്നും ഫണ്ട് ലഭ്യമാക്കുകയോ സർക്കാർ ജാമ്യത്തിൽ ഫണ്ട് കണ്ടെത്തി വ്യാപാരികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാക്കുകയോ ചെയ്യുക. രണ്ട്‌, വ്യാപാരികളുടെ കയ്യിൽ നിന്ന് ഈടാക്കുന്ന പണത്തിന് ഇളവ് നൽകുക. ദുരിതാശ്വാസത്തിന് ഫണ്ട് കണ്ടെത്താൻ സർക്കാർ തലത്തിൽ പിരിവ് നടത്തുമ്പോഴും ദുരിതം ഏറ്റവും ബാധിച്ച വ്യാപാരികളെയാണ് ആദ്യം സമീപിക്കുന്നത് എന്നതാണ് തമാശ. ഇതിന് പുറമെ ജി എസ് ടി യിൽ പത്ത് ശതമാനം അധികസെസ്സ് ഏർപ്പെടുത്താനാണ് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. ഇതിന്റെ ഭാരം വ്യാപാരികളുടെയും ജനങ്ങളുടെയും മേലെയാണ് വരിക. അധിക ബാധ്യതയിലൂടെ വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ തന്നെ വേഗം കുറയ്ക്കുകയേയുള്ളൂ. നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടും മൂന്നും പാദങ്ങളിൽ നികുതി ഇളവ് നൽകുവാൻ സർക്കാർ തീരുമാനമെടുക്കണം. ഇതിന്റെ ഗുണം ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും ലഭിക്കുകയും ചെയ്യും.