Capturing Business 360°

തീരം തേടി ബിസിനസ്സ് രംഗം

പ്രളയം ഏറ്റവും അധികം നാശനഷ്ടം വിതച്ച വ്യാപാരരംഗത്തിന്റെ രക്ഷയ്ക്ക് കൂട്ടായ ശ്രമം അനിവാര്യമാണ്. വാണിജ്യമേഖല പ്രളയാനന്തരം നേരിടുന്ന വെല്ലുവിളികളും പരിഹാരമാർഗങ്ങളും ചർച്ചചെയ്യുന്ന ‘ബാക്ക് ടു ബിസിനസ്’ എന്ന സീരീസിന്റെ ആദ്യ ഭാഗം.

സാലു മുഹമ്മദ്

പ്രളയത്തില്‍ ഏകദേശം ഇരുപതിനായിരം കോടിയുടെ നഷ്ടമുണ്ടായതിന്റെ പ്രാഥമിക കണക്കുകള്‍ സര്‍ക്കാര്‍ നിരത്തുമ്പോള്‍ നാല്‍പ്പതിനായിരം കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ താങ്ങാനാകാതെ കേരളത്തിലെ വ്യാപാര വ്യവസായ മേഖല. ഇരുപതിനായിരം കോടിയ്ക്കുമേലെ ആസ്തി നഷ്ടം തന്നെ ഈ രംഗത്ത് കണക്കാക്കുന്നുണ്ട്.

ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് ബിസിനസ് മേഖലയ്ക്കാണെങ്കിലും അവരുടെ നഷ്ടം ഏറ്റെടുക്കാനോ സഹായമെത്തിക്കാനോ ഉള്ള ശ്രദ്ധ എവിടെനിന്നും ഉണ്ടാകുന്നില്ല എന്നതാണ് വാസ്തവം. കോടിക്കണക്കിനു രൂപയുടെ നഷ്ടം നേരിട്ട അവസ്ഥയിലും സ്ഥാപനങ്ങളും ബിസിനസ്സുകാരും വ്യാപാരസംഘടനകളും സമൂഹത്തിന്റെ സഹായത്തിനായി കഴിയുന്നതെല്ലാം ചെയ്തിട്ടുമുണ്ട്. വെള്ളമിറങ്ങിത്തുടങ്ങിയെങ്കിലും ബിസിനസ്സ് മേഖലയിലുണ്ടായിട്ടുള്ള മരവിപ്പ് മാറാന്‍ മാസങ്ങളെടുത്തേക്കും.

കേരളത്തിലെ ഏറ്റവും വലിയ വ്യാപാര സീസണാണ് ഒരു ചലനവും ഉണ്ടാക്കാനാകാതെ കടന്നുപോയത്. ഓണക്കാലത്തേക്ക് സ്‌റ്റോക്ക് ചെയ്ത ഉല്‍പ്പന്നങ്ങളില്‍ പലതും വെള്ളം കയറി നശിച്ചു, ചിലത് വിറ്റഴിയാതെ കെട്ടിക്കിടക്കുന്നു. ഉണ്ടായ നാശനഷ്ടം പോലും തിട്ടപ്പെടുത്താന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല.

വ്യാപാര രംഗത്തിന്റെ നിലനില്‍പ്പിനായി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അടിന്തിര പ്രാധാന്യത്തോടെ ചെയ്യാന്‍ തയ്യാറാകണം. നഷ്ടപ്പെട്ടു പോയ ഓണം സീസണിന് പകരമായി മറ്റൊരു വ്യാപാര സീസണ്‍ സൃഷ്ടിക്കുക എന്നതാണ് അതിലൊന്ന്. ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ (ജികെഎസ്എഫ്) എന്ന പേരില്‍ സര്‍ക്കാര്‍ മുന്‍കൈയില്‍ നടത്തിയിരുന്ന വ്യാപാരോത്സവം കഴിഞ്ഞ വര്‍ഷം നടന്നിട്ടുമില്ല. ജികെഎസ്എഫ് മാതൃകയില്‍ അടുത്ത ക്രിസ്തുമസ് ന്യൂഇയര്‍ സമയത്ത് സംസ്ഥാനത്ത് വ്യാപാരോത്സവമോ വ്യാപാരത്തിന് അനുകൂലമായ അന്തരീക്ഷമോ സൃഷ്ടിക്കാനാകണം. ഡിസംബറിനുള്ളില്‍ തന്നെ പ്രളയബാധിതര്‍ക്ക് ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള പണമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ ഈ പണം മാര്‍ക്കറ്റില്‍ വിനിയോഗിക്കപ്പെടുകയും ചെയ്യും.

ജി കെ എസ് എഫ് ആരംഭിച്ചപ്പോൾ വിഭാവനം ചെയ്തതുപോലെ കേരളത്തെ ഒരു വലിയ ‘ബിസിനസ് ഹബ്’ ആയി ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിയണം. നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടേക്ക് വരുന്ന ലോകജനതയ്ക്കു മുന്നിൽ കേരളത്തിന്റെ തനത് വിഭവങ്ങൾ നിരത്തി വ്യാപാരത്തിന്റെ പുതിയ ബന്ധങ്ങൾ ഉണ്ടാക്കാനും സാധിക്കണം. കേരളം എന്ന കൊച്ചു സംസ്ഥാനം ഇത്ര വലിയ ദുരന്തത്തെ അതിജീവിക്കുന്നത് എങ്ങനെയെന്ന് ലോകരാജ്യങ്ങൾക്കു കാണിച്ചുകൊടുക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. പ്രളയക്കെടുതിയെ അതിജീവിക്കുവാനുള്ള സ്വാഭിമാനത്തോടെയുള്ള പ്രവർത്തനം എന്ന നിലയിൽ ഈ ആശയം ലോകം സ്വീകരിക്കുകതന്നെ ചെയ്യും.