Capturing Business 360°

എഫ് ആര്‍ ഡി ഐ ബില്‍ പിന്‍വലിക്കുമ്പോള്‍… എഡിറ്റോറിയല്‍

ന്യൂഏജ് ന്യൂസ്

രാജ്യത്തെ ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കാനിടയുളള എഫ് ആര്‍ ഡി എ ബില്ല് തല്‍ക്കാലത്തേക്ക് പിന്‍വലിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബാങ്കിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ബാങ്കുകള്‍ തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ ബാങ്കിലുളള നിക്ഷേപം മൊത്തമായോ ഭാഗീകമായോ തകര്‍ച്ചയെ മറികടക്കാനുളള ജാമ്യപ്പണമെന്ന നിലയില്‍ നിശ്ചിത കാലത്തേക്ക് വകമാറ്റാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥ പ്രസ്തുത ബില്ലില്‍ ഉള്‍കൊളളിച്ചിരുന്നു. ഈ വ്യവസ്ഥ സാധാരണ ബാങ്ക് നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപം ആവശ്യാനുസരണം ഉപയോഗിക്കുന്നതിന് വിഘാതമാവുമെന്നതാണ് ആശങ്കയ്ക്ക് കാരണമായത്. മാത്രമല്ല, ബാങ്കുകളില്‍ പൊതുസമൂഹത്തിനുളള വിശ്വാസം തകരുന്നത് ബാങ്കിങ് മേഖലയുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുമെന്ന ചിന്തയും വ്യാപകമായിരുന്നു.

പൊതുസമൂഹവും ബാങ്ക് ജീവനക്കാരുടെ സംഘടനകളും ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ഈ സാഹചര്യത്തിലായിരുന്നു. ബാങ്കകളുടെ ധനകാര്യ മാനേജ്‌മെന്റ് തന്നെ കീഴ്‌മേല്‍ മറിയാന്‍ കാരണമായേക്കാവുന്ന വിധത്തില്‍ വിശ്വാസ തകര്‍ച്ചയിലേക്ക് ഈ ബില്ല് ബാങ്കുകളെ കൊണ്ടെത്തിക്കുമെന്നുതന്നെയുളള വിലയിരുത്തലുകളുണ്ടായി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പല തവണ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളുടെയും ബാങ്കുകളിലെ നിക്ഷേപകരുടെയും താല്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ആശങ്ക ഉയര്‍ത്തുന്നതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ധനകാര്യ സ്ഥാപനങ്ങളെ തകര്‍ച്ചയില്‍ നിന്നും സംരക്ഷിക്കുന്നതിന് മോണിട്ടറിങ്ങിനും ഒരു സംവിധാനമൊരുക്കുകയാണ് ഈ ബില്ല് വഴി ഉദ്ദേശിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതിന് ബാങ്ക് നിക്ഷെപം ജാമ്യപ്പണമായി മാറ്റാനുളള നീക്കമാണ് എതിര്‍പ്പിനിടയാക്കിയത്. ഇത് ബാങ്കിങ് രംഗത്ത് വലിയ ഉത്കണ്ഠയ്ക്ക് കാരണമായി. 2019 – ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിയ്‌ക്കെ ഇത്തരമൊരു ബില്ലുമായി മുന്നോട്ടുപോകുന്നത് തിരിച്ചടിയാകുമെന്ന ചിന്ത സര്‍ക്കാരിനുണ്ട്. ഇത് തിരിച്ചറിഞ്ഞുതന്നെയാണ് ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വീണ്ടും ഭരണം നിലനിര്‍ത്തുന്ന പക്ഷം ഈ ബില്ല് പൊടിതട്ടിയെടുക്കാനുളള സാദ്ധ്യതയുണ്ടെങ്കിലും നിലവിലെ കേന്ദ്രനടപടി നിക്ഷേപകര്‍ക്കും ബാങ്കിങ് മേഖലയ്ക്കും ഏറെ ആശ്വാസദായകമാണ്.