Capturing Business 360°

വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തവരെ ബോധവൽക്കരിക്കാൻ മോദിയുടെ വീഡിയോ പ്രചരണായുധമാക്കി പിഐബി; ‘വാഹനത്തിൽ കയറിയാല്‍ പ്രധാനമന്ത്രി ആദ്യം ചെയ്യുന്നത്’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

ന്യൂഏജ് ന്യൂസ്

വാഹനത്തിൽ കയറിയാൽ സീറ്റ് ബെൽറ്റ് ധരിക്കാൻ മടികാണിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ഒട്ടും കുറവല്ല. സീറ്റ് ബെൽറ്റ് ധരിക്കുന്നത് ഒരു കുറച്ചിലായി കാണുന്നവർ പോലും ധാരാളം. മറന്നു പോകുന്നവരും കുറവല്ല. ഇത്തരക്കാർക്കിടയിൽ ബോധവൽകരണം നടത്താൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വി‍‍ഡിയോ തന്നെ പ്രചരണായുധമാക്കി. “First thing the Prime Minister does when getting in his car is put his seat belt on…What’s your excuse??”എന്ന ടാഗ് ലൈനിലാണ് വിഡിയോ പ്രചരണം.

നരേന്ദ്രമോദി വാഹനത്തിൽ കയറിയാൽ ആദ്യം ചെയ്യുന്നത് സീറ്റ് ബെൽറ്റ് ധരിക്കുക എന്നുള്ളതാണെന്ന് കാണിക്കുന്നതാണ് വിഡിയോ. പലരും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കാൻ നിരവധി മുടന്തൻ ന്യായങ്ങൾ നിരത്തുവരാണ്. അവരെ ബോധവൽക്കരിക്കാനായി "സ‍‍ഡക്ക് സുരക്ഷാ ജീവൻ രക്ഷ" പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിക്കുന്ന വിഡിയോ ദേശീയ ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോയ്ക്ക് സോഷ്യൽമീ‍ഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പുതുതലമുറ വാഹനങ്ങളില്‍ എയര്‍ബാഗുകള്‍, എബിഎസ് ബ്രേക്കുകള്‍ തുടങ്ങി യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ സീറ്റ് ബെൽറ്റ് ധരിക്കുക എന്നത് ഏറ്റവും അടിസ്ഥാന ഘടകമാണ്. വാഹന സുരക്ഷയില്‍ സീറ്റ് ബെല്‍റ്റുകളുടെ സ്ഥാനം വളരെ വലുതാണ്. എയര്‍ബാഗ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം.

അപകടം മൂലമുണ്ടാകുന്ന മരണ കാരണമായേക്കാവുന്ന ക്ഷതങ്ങള്‍ സീറ്റുബെൽറ്റ് ധരിക്കുന്നതിലൂടെ 45 മുതല്‍ 50 ശതമാനം വരെയും ഗുരുതര പരുക്കുകള്‍ 45 ശതമാനം വരെയും ഒഴിവാക്കാന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, പിന്‍സീറ്റ് യാത്രക്കാരുടെ ഗുരുതരമായ പരുക്കുകള്‍ 25 ശതമാനം വരെ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.