Capturing Business 360°

പ്രളയദുരന്തം: ഓണാഘോഷപരിപാടികള്‍ ഒഴിവാക്കി, പ്രളയബാധിത പ്രദേശങ്ങളില്‍ ഒരുവര്‍ഷത്തേക്ക് മൊറട്ടോറിയം

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സമാനതകളില്ലാത്ത പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഘോഷങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ക്ക് അനുവദിച്ച തുക ദുരിതാശ്വാസത്തിനായി വിനിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരെ സഹായിക്കാന്‍ ഏവരും ഒറ്റമനസോടെ മുന്നോട്ട് വരണമെന്നും കഴിയുന്ന വിധത്തില്‍ എല്ലാവരും സഹായങ്ങള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിനിടയ്ക്ക് നടന്‍ മോഹന്‍ലാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. പ്രളയദുരനത്തില്‍ സംസ്ഥാനത്തൊട്ടാകെ 8,316 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 20, 000 ത്തോളം വീടുകള്‍ തകര്‍ന്നു. 10,000 കിമീ റോഡുകള്‍ നശിച്ചു.

വിവിധ ജില്ലകളിലായി 38 പേര്‍ മരിച്ചു. നാല് പേരെ കാണാനില്ല. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ 27 അണക്കെട്ടുകള്‍ തുറന്ന് വിട്ടു. ഇത് ചരിത്രത്തില്‍ ആദ്യമാണ്.