Capturing Business 360°

സില്‍വര്‍ ജൂബിലിയുടെ നിറവിൽ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്; പുതിയ ലോഗോ പുറത്തിറക്കി

ന്യൂഏജ് ന്യൂസ്

ഇന്ത്യയിലെ വലിയ ഓഹരി വിപണിയായ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ലോഗോ പുറത്തിറക്കി. 25 വര്‍ഷത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ലോഗോ പുറത്തിറക്കിയത്. മഞ്ഞ, ചുവപ്പ്, നീല എന്നീ നിറങ്ങള്‍ അടങ്ങിയതാണ് പുതിയ ലോഗോ.

സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇന്ന് നടന്ന ചടങ്ങിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ലോഗോയിലെ നിറങ്ങള്‍ ബിസിനസിന്റെ വിവിധ മേഖലകളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് എന്‍എസ്‌ഇ വ്യക്തമാക്കി.

ചുവപ്പ് ബിസിനസിന്റെ കരുത്തേറിയ അടിത്തറയെയും മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങള്‍ സമൃദ്ധിയുടെ പുഷ്പങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. മാരിഗോള്‍ഡ് നന്മയ്ക്കുള്ളതാണ്. ലോഗോയിലെ നീല നിറത്തിലുള്ള ത്രികോണം ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് സൂചിപ്പിക്കുന്നതെന്നും എന്‍എസ്‌ഇ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, നീതി ആയോഗ് ഡെപ്യൂട്ടി ചെയര്‍മാന്‍ രാജീവ് കുമാര്‍, ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്‍എസ്‌ഇ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗായിരുന്നു ധനമന്ത്രി.