Capturing Business 360°

ഇനി തുടരാം ഭയാശങ്കകളില്ലാതെ…… എഡിറ്റോറിയൽ

പല വിദേശരാജ്യങ്ങളിലും നിയമാനുസൃതമായ ഒരു ബിസ്സിനസ്സ് മാതൃകയെന്ന നിലയ്ക്ക് ശ്രദ്ധേയമാണ് ഡയറക്ട് സെല്ലിങ്ങ് മേഖല. സംസ്ഥാനത്ത് ഈ രംഗത്ത് വലിയ സാദ്ധ്യതയാണുളളതെങ്കിലും നാളുകളായി മേഖലയാകെ അനിശ്ചിതത്വത്തിനു നടുവിലാണ്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് നിയമനിര്‍മ്മാണത്തിനുളള ആവശ്യമുയര്‍ന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ നിയമസഭാസമിതിയെ നിയോഗിക്കുകയും സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിക്കൊണ്ട് ഡയറക്ട് സെല്ലിങിന് പൂര്‍ണ്ണപ്രവര്‍ത്തനാനുമതി നല്‍കുകയാണ്. രാജ്യത്ത് ഇത്തരത്തില്‍ മാര്‍ഗ്ഗരേഖ തയ്യാറാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഡയറക്ട് സെല്ലിങിലും ഓണ്‍ലൈന്‍ വിപണനത്തിലും സംസ്ഥാന സര്‍ക്കാരിനുളള തുറന്ന സമീപനം ഇവിടെ സ്പഷ്ടമാവുകയാണ്.

ഡറക്ട് സെല്ലിങ് രംഗത്തുളള യഥാര്‍ത്ഥ കമ്പനികള്‍ക്ക് ഈ നീക്കം ഏറെ ഗുണകരമാണ്. ഭയാശങ്കകളില്ലാതെ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇതോടെ സാഹചര്യമൊരുങ്ങുകയാണ്. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരാനുളള സാഹചര്യമുണ്ടാവും ഇടനിലക്കാരില്ലാതാവുന്നത് ഉല്പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ നേട്ടമാകും.

ഈ പുതിയ മാര്‍ഗ്ഗരേഖ തട്ടിപ്പ് പ്രസ്ഥാനങ്ങളുടെ രംഗപ്രവേശം തടയുന്നതിനും ലക്ഷ്യമിടുന്നുണ്ട്. എഡിജിപി റാങ്കിലുളള ഒരു ഉദ്ദേ്യാഗസ്ഥന്റെ നേതൃത്വത്തില്‍ സുശക്തമായ മോണിട്ടറിങ് സംവിധാനമാണ് നിലവില്‍ വരുന്നത്. ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ക്കും ഈ സംവിധാനത്തില്‍ പ്രാതിനിധ്യമുണ്ടാവും. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നമ്മുടെ ഇക്കോണമിയില്‍ നിലനില്‍ക്കുന്ന വലിയ സാദ്ധ്യത തിരിച്ചറിയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ രംഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചവരെല്ലാം നിര്‍ദാക്ഷണ്യം വേട്ടയാടപ്പെടുകയായിരുന്നു. ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടമാവുകയും ചെയ്തു. വ്യക്തതയുളള നിയമത്തിന്റെ അഭാവമാണ് അതിനു കാരണമായത്. ഏറെ വൈകിയെങ്കിലും, ലോകം തിരിച്ചറിഞ്ഞ ഒരു മികച്ച ബിസ്സിനസ്സ് മാതൃകയ്ക്ക് സംസ്ഥാനം ഒടുവില്‍ സര്‍വ്വാത്മനാ സ്വാഗതമോതുകയാണ്. കേരളത്തിന്റെ ബിസ്സിനസ്സ് ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണാദ്ധ്യായം തന്നെയായി ഇത് മാറട്ടെ.

മികച്ച ബിസിനസ്സ് മാതൃക, ശരിയായി പ്രയോജനപ്പെടുത്തണം – എളമരം കരിം

സംസ്ഥാനത്ത് ഡയറക്ട് മാര്‍ക്കറ്റിങ്ങിന് വലിയ വളര്‍ച്ചാസാദ്ധ്യതയുണ്ട്. എന്നാല്‍ അത് വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഒട്ടേറെ തൊഴില്‍ സാദ്ധ്യത ഈ മേഖലയിലുണ്ട്. മറ്റ് രാജ്യങ്ങളില്‍ വളരെക്കാലമായി പ്രചാരത്തിലുളള ഈ ബിസ്സിനസ്സ് രീതി നമ്മുടെ രാജ്യത്ത് അടുത്ത വര്‍ഷങ്ങളിലാണ് കൂടുതല്‍ സജീവമായി തുടങ്ങിയത്. മറ്റ് രാജ്യങ്ങളില്‍ ഇതിനായി പ്രതേ്യക നിയമം തന്നെയുണ്ട്. ഇവിടെ അതുണ്ടായിരുന്നില്ലെന്നതാണ് പ്രശ്‌നങ്ങള്‍ക്കടിസ്ഥാനം. ഇപ്പോള്‍ അതിന് നിയമപരിരക്ഷയും മോണിട്ടറിങ് സംവിധാനവും ഉണ്ടാവുകയാണ്. ഇത് ഈ മേഖലയുടെ വളര്‍ച്ചയ്ക്കും മറ്റ് തരത്തിലുളള പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും സഹായിക്കും. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്ന രീതിയില്‍ മണിചെയിന്‍ കമ്പനികള്‍ ആരംഭിച്ചിരുന്നു. ഇവയ്‌ക്കെതിരെയുളള പോലീസ് നടപടികള്‍ പലപ്പോഴും യഥാര്‍ത്ഥ കമ്പനികളുടെ പ്രവര്‍ത്തനവും തടയുന്ന തരത്തിലായിരുന്നു. പല സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. മിക്ക ട്രേഡ് യൂണിയനുകളും ഈ രംഗത്ത് പോരാട്ടത്തില്‍ അണിചേര്‍ന്നിരുന്നു. ഇപ്പോള്‍ ഈ മേഖലക്കാകെ പ്രതീക്ഷയുണരുകയാണ്. ഒരു നല്ല ബിസ്സിനസ്സ് മാതൃകയെന്ന നിലയില്‍ അതിന്റെ വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. സംസ്ഥ്ാനത്തിന്റെ സമ്പദ് രംഗത്ത് മുതല്‍ക്കൂട്ടാകാന്‍ സാധിക്കുന്ന തരത്തില്‍ ഈ മേഖലയെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

(പ്രമുഖ സിഐടിയു നേതാവും മുന്‍വ്യവസായ മന്ത്രിയുമാണ് ലേഖകന്‍)

ഡയറക്ട് സെല്ലിങ്ങില്‍ നിയമപരിരക്ഷ ഉണ്ടാകുന്നത് സ്വാഗതാര്‍ഹം – തമ്പി കണ്ണാടന്‍

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് അഥവാ ഡയറക്ട് സെല്ലിങ് മേഖലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കാനുളള സര്‍ക്കാര്‍ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയാണ്. മറ്റ് വിദേശ രാജ്യങ്ങളിലും മറ്റും വിജയകരമായി നടപ്പാക്കിയ ഒരു ബിസ്സിനസ്സ് മാതൃകയെന്ന നിലയില്‍ ഇവിടെയും വലിയ സാദ്ധ്യത ഈ രംഗത്തുണ്ട്. എന്നാല്‍ അതില്‍ പല വിധത്തിലുളള മണിച്ചെയിന്‍ കമ്പനികളും കടന്നുകയറുകയാണുണ്ടായത്. നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമമില്ലാത്ത സാഹചര്യമുണ്ടായിരുന്നു. ഇതില്‍ മാറ്റം വരുന്നത് ഗുണകരമാവും. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരാനുളള സാഹചര്യമുണ്ടാവും. പല പൊതുമേഖലാ കമ്പനികളും തെറ്റായ കേന്ദ്രനയം വഴി വിറ്റ് തുലയ്ക്കുകയാണ്. പല കമ്പനികളും സംസ്ഥാനം ഏറ്റെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ നിലവിലുളള കമ്പനികള്‍ സംരക്ഷിക്കുകയും തൊഴിലവസരം സൃഷ്ടിക്കുകയും വേണം. മുന്‍സര്‍ക്കാരിന്റെ കാലത്തും നിയമപരിരക്ഷക്കുളള തുടക്കമിട്ടിരുന്നു. ഇപ്പോള്‍ ഇടതുസര്‍ക്കാരും അതില്‍ ശ്രദ്ധചെലത്തുന്നതില്‍ സന്തോഷമുണ്ട്. ഇത് ഫലവത്താവട്ടെയെന്ന് ആശംസിക്കുന്നു.

(ഐഎന്‍ടിയുസി അഖിലേന്ത്യാവര്‍ക്കിങ് കമ്മറ്റി അംഗവും സംസ്ഥാന വൈസ്പ്രസിഡന്റുമാണ് ലേഖകന്‍)

കമ്പനികള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും – കെ.ഒ.ഹബീബ്

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ വ്യക്തമായ നിയമപരിരക്ഷ ഉണ്ടാകണമെന്നത് നാളുകളായി ആവശ്യപ്പെടുന്നകാര്യമാണ്. അതില്‍ ഇപ്പോള്‍ നടപടിയുണ്ടാവുകയാണ്. വ്യക്തമായ മാര്‍ഗ്ഗരേഖയും മോണിറ്ററിങ് സംവിധാനവും കൊണ്ടുവരുകയാണ്. ഇത് മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകമാകും. നിലവില്‍ ഈ രംഗത്തെ അനിശ്ചിതത്വം മൂലം ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്നത് പ്രധാനമാണ്. ഈ രംഗത്ത് നില്‍ക്കുന്നവരുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായാണ് ഇതുണ്ടായത്. ഒരു മികച്ച ബിസ്സനസ്സ് മാതൃകയെന്ന നിലയില്‍ ഈ മേഖലപരിഗണിക്കപ്പെട്ടിരിക്കുന്നു. സുഗമമായി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങുന്നുവെന്നത് പ്രധാനമാണ്. മറ്റ് തെറ്റായ പ്രവണതകള്‍ക്ക് തടയിടാന്‍ സാധിക്കുകയെന്നതും പ്രധാനമാണ്. ഒരു മികച്ച ബിസ്സിനസ്സ് മാതൃക സംസ്ഥാനത്തിന് അന്യമാക്കപ്പെടാതിരിക്കുകയെന്നതും പരമപ്രധാനമാണ്.

(മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റാണ് ലേഖകന്‍)

One thought on “ഇനി തുടരാം ഭയാശങ്കകളില്ലാതെ…… എഡിറ്റോറിയൽ

Comments are closed.