Capturing Business 360°

വിവാദമായ ധനകാര്യ പരിഹാര നിക്ഷേപ ഇന്‍ഷുറന്‍സ് ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; തീരുമാനം വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ

ന്യൂഏജ് ന്യൂസ്

വിവാദമായ ധനകാര്യ പരിഹാര നിക്ഷേപ ഇന്‍ഷുറന്‍സ് ബില്‍ (ഫിനാന്‍ഷ്യല്‍ റസല്യൂഷന്‍ ആന്‍റ് ഡപ്പോസിറ്റ് ഇന്‍ഷൂറന്‍സ്- എഫ്.ആര്‍.ഡി.ഐ ബില്‍) സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ലമെന്‍റ് സമിതി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കാന്‍ സമിതിയെ സന്നദ്ധത അറിയിക്കുകയായിരുന്നു.

ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്ബനികള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഓഹരി വിപണി തുടങ്ങിയവയുടെ പ്രവര്‍ത്തന മേല്‍നോട്ടത്തിന് പരിഹാര സംവിധാനം വ്യവസ്ഥ ചെയ്യുന്നതായിരുന്നു ബില്‍. നോട്ട് നിരോധനത്തിനും ചരക്കുസേവന നികുതിക്കും ശേഷം മോദി സര്‍ക്കാരിന്‍റെ മൂന്നാം സാമ്ബത്തിക വിഡ്ഢിത്തമെന്നായിരുന്നു ബില്ലിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 2017 ഓഗസ്റ്റ് 10ന് ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടുകയായിരുന്നു. വ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളുടേയും, ആസന്നമായ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പിന്‍വലിക്കുകയായിരുന്നു.

ബില്ലിലെ പല വ്യവസ്ഥകളും വിവാദങ്ങള്‍ക്കും, പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. പണമിടപാടു സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായാല്‍ അവയുടെ പ്രവര്‍ത്തനം പ്രത്യേക കോര്‍പറേഷനു കൈമാറാനായിരുന്നു ബില്ലിലെ വ്യവസ്ഥ. നിക്ഷേപകരുടെ പണമുപയോഗിച്ചാണു പ്രതിസന്ധി പരിഹരിക്കുക എന്നതും, നിക്ഷേപത്തിന് എത്ര രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതിനെക്കുറിച്ചു വ്യ‌ക്തയില്ലാത്തതും വിമര്‍ശനത്തിനിടയാക്കി. നിക്ഷേപത്തിന് സുരക്ഷയില്ലയെന്നത് ബാങ്കിന്‍റെ വിശ്വാസ്യതയില്ലാതാക്കുമെന്നത് പ്രതിഷേധത്തിന് കാരണമായി. പൊതു പണത്തിനു പകരം, നിക്ഷേപമുപയോഗി‌ച്ചുള്ള പരിഹാര ശ്രമത്തിനുള്ള വ്യവസ്ഥയുംവിവാദമായി. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും ബാങ്ക് യൂണിയനുകളും രംഗത്തുവന്നിരുന്നു.

എന്നാല്‍ പിന്മാറ്റം ബാങ്കുകളെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം കൊണ്ടു വരാനുള്ള നീക്കത്തിന് തിരിച്ചടിയല്ലെന്നും, വിമര്‍ശിക്കപ്പെട്ട എല്ലാ വ്യവസ്ഥകളിലും മാറ്റം വരുത്തി കൊണ്ട് പുതിയ ബില്‍ അവതരിപ്പിക്കുമെന്നും കേന്ദ്ര സാമ്ബത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.