Capturing Business 360°

ഡ്യൂയല്‍ ടോണ്‍ ലിമിറ്റഡ് എഡിഷന്‍ ലിവ വിപണിയില്‍; ടൊയോട്ടയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ മോഡൽ വിൽപ്പനയ്‌ക്കെത്തുന്നത് കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ മാത്രം

ന്യൂഏജ് ന്യൂസ്

കൊച്ചി: ടൊയോട്ടയുടെ ഏറ്റവും പുതിയ ലിമിറ്റഡ് എഡിഷന്‍ ഡ്യൂയല്‍ ടോണ്‍ ലിവ അവതരിപ്പിച്ചു. കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട വിപണികളിൽ മാത്രമാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ഡ്യൂയല്‍ ടോണ്‍ ലിവ വില്‍പ്പനക്കായി എത്തുക. പുതിയ ആകര്‍ഷകമായ സ്പോര്‍ട്ടി ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്ന വാഹനം മാറിക്കൊണ്ടിരിക്കുന്ന യുവാക്കളുടെ അഭിരുചിക്ക് അനുസൃതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിപണിയിലെ വികസിച്ചു വരുന്ന ആവശ്യങ്ങള്‍ അനുസരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ നവീകരിക്കുവാനും ടൊയോട്ടയുടെ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫീച്ചറുകള്‍ പ്രദാനം ചെയ്യുവാനും തങ്ങൾ തുടര്‍ച്ചയായി കഠിന പ്രയത്‌നം നടത്തിക്കൊണ്ടേയിരിക്കുകയാണെന്ന് പുതിയ വാഹനം പുറത്തിറക്കവെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എന്‍. രാജ വ്യക്തമാക്കി. പുതിയ ലിമിറ്റഡ് എഡിഷന്‍ ഡ്യൂയല്‍ ടോണ്‍ ലിവയുടെ ഗുണമേന്മ, കാര്യക്ഷമത, സുരക്ഷാ ഫീച്ചറുകള്‍, ഇന്ധന ക്ഷമത, യാത്രാ സുഖം, കുറഞ്ഞ പരിപാലന ചിലവ് എന്നിവയോടൊപ്പം അതിന്റെ സ്പോര്‍ട്ടി രൂപ ഭംഗിയും യുവ ഉപഭോക്താക്കളുടെ പ്രശംസ നേടാൻ ലിവയെ പ്രാപ്തമാക്കുമെന്നു വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ലാളിത്യമാർന്ന നിറങ്ങളുടെ മനോഹാരിതയാണ് ഡ്യൂയല്‍ ടോണ്‍ ലിമിറ്റഡ് എഡിഷന്‍ ലിവയെ വേറിട്ട് നിറുത്തുന്ന ഘടകം. ‘സൂപ്പര്‍ വൈറ്റ്’ നിറത്തില്‍ വിപണിയില്‍ എത്തുന്ന ലിവയുടെ ചുവപ്പും കറപ്പുംകലർന്ന ഡ്യൂവല്‍ ടോണ്‍ ഗ്രില്‍ വാഹനത്തിന് മികച്ച സ്പോര്‍ട്ടി ഭംഗി നല്‍കുന്നു. മുന്‍വശത്തെ ഫോഗ് വെസ്സലുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍, പുറകിലെയും വശങ്ങളിലെയും ഡിസൈനുകള്‍ എന്നിവയ്ക്ക് ആകര്‍ഷകമായ ചുവന്ന നിറമാണ് നല്‍കിയിരിക്കുന്നത്. പ്രീമിയം ബ്ലാക്ക് നിറത്തില്‍ തയ്യാറാക്കിയിരിക്കുന്ന വാഹനത്തിന്റെ ഉള്‍വശത്ത് ഗിയര്‍ നോബ്, എ സി വെന്റുകള്‍, 6.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ഓഡിയോ റിവേഴ്സ് ക്യാമറ എന്നിവയ്ക്ക് നല്‍കിയിരിക്കുന്ന ചുവന്ന ഡിസൈന്‍ വാഹനത്തിന് മനോഹരമായ ഡ്യുയല്‍ ടോണ്‍ ഭംഗി നല്‍കുന്നുണ്ട്. കറുപ്പ് നിറത്തിലുള്ള ലെതറില്‍ പൊതിഞ്ഞ സ്പോര്‍ട്ടി സ്റ്റിയറിങ് വീല്‍ ആണ് മറ്റൊരു പ്രധാന ആകര്‍ഷണം.

സേഫ്റ്റി ഫീച്ചറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും കാര്യം ടൊയോട്ടയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ; അതെല്ലാം വളരെ കൃത്യമായി ടൊയോട്ട പുതിയ ലിവയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്യുവല്‍ ഫ്രണ്ട് എസ്ആര്‍എസ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷനോടുകൂടിയ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, പ്രീ ടെന്‍ഷനോട് കൂടിയ മുന്‍ സീറ്റ് ബെല്‍റ്റുകള്‍, ചൈല്‍ഡ് ലോക്ക് സംവിധാനം എന്നിവ എല്ലാ മോഡലുകളിലും ലഭ്യമാണ്. ഡ്യൂവല്‍ ടോണ്‍ ലിമിറ്റഡ് എഡിഷന്‍ ലിവയുടെ പെട്രോള്‍ വേരിയന്റായ വിഎക്‌സ്‌ന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 6,50,700 രൂപ മുതലും, ഡീസല്‍ വേരിയന്റായ വിഎക്‌സ്ഡി 7,65,700 രൂപ മുതലും ആരംഭിക്കും.