Capturing Business 360°

സ്പെഷ്യൽ സ്റ്റോറി: “ഈ കഥ ത്യാഗ നിർഭരമായ ഒരു പോരാട്ടത്തിന്റേത് ” – ഇവർ സംരംഭകരുടെ സ്വാതന്ത്ര്യ പോരാളികൾ

ന്യൂഏജ് ന്യൂസ്

കൊച്ചി: ആംവേയുടെ പകരം വാക്കായിരുന്നു സജീവ് നായർ. നെറ്റ്വർക്ക് മാർക്കറ്റിങ്ങിൽ കേരളത്തിന്റെ ഐക്കൺ. ഈ വ്യവസായത്തിന്റെ സുവർണ്ണ കാലത്ത് അയിരങ്ങൾക്ക് പ്രതീക്ഷയായി ഉദിച്ചുയർന്ന താരം. പോലീസ് അരാജകത്വം വിതച്ച നാളുകളിൽ മാസങ്ങളോളം പീഡന വിധേയനായ പോരാളി. ജയിലിലും പുറത്തുമായി സജീവ് നായർ ഏറ്റു വാങ്ങിയത് പീഡന പരമ്പരകളാണ്. എന്നിട്ടും തെല്ലും പതറാതെ ലക്ഷക്കണക്കിനായ ആ സംരംഭകരുടെ സ്വാതന്ത്ര്യത്തിനായി നീണ്ട വർഷങ്ങളുടെ പോരാട്ടം. ഓഗസ്റ്റ് 8 ന് ഡയറക്ട് സെല്ലിങ്ങ് ബിസിനസിന് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആ വ്യവസായ ലോകം ഏറ്റവും കടപ്പെട്ടിരിക്കുന്ന വ്യക്തികളിലൊരാൾ സജീവ് നായരായിരിക്കും.

സംസ്ഥാനത്തുടനീളം നെറ്റ് വർക് മാർക്കറ്റിങ് കമ്പനികളെയും, വിതരണകാരെയും പോലീസ് പിന്തുടർന്ന് വേട്ടയാടുന്ന നാളുകൾ. അർത്ഥ രാത്രിയിൽ സ്വന്തം വീടിനടുത്ത് വച്ച് അദ്ദേഹത്തെ പിടികൂടുന്നത് ഒരു കൊലയാളിയെ പിടിക്കുന്ന നാടകീയതയോടെയായിരുന്നു. പിന്നെ മാധ്യമ വിചാരണയുടെ നാളുകൾ. പത്രങ്ങൾ പോലീസ് ഭാഷ്യം വിളമ്പിക്കൊണ്ടേയിരുന്നു. നിറം പിടിപ്പിച്ച കഥകൾ ചേർത്തു വച്ച പരമ്പരകൾ. ജാമ്യം കിട്ടാത്ത വകുപ്പുകൾ ചാർത്തി ജയിലിലടച്ചത് ഒരു മാസത്തിലധികം. ഒരു വേള താൻ കേരളത്തിൽ നട്ടു, നനച്ചു വട വൃക്ഷമാക്കി മാറ്റിയ കമ്പനി പോലും അദ്ദേഹത്തിന് ഒരു കൈ സഹായം നീട്ടിയില്ല.

വീട്ടിൽ നിരന്തര റെയിഡുകൾ. പീഡന വിധേയമാകുന്ന കുടുംബം. പുറത്തിറങ്ങുമ്പോൾ എന്നെന്നേക്കുമായി ഈ ബിസിനസ് അവസാനിപ്പിക്കണമെന്ന അഭ്യുദയകാംക്ഷികളുടെ കടുത്ത, സ്നേഹനിർഭരമായ സമ്മർധം. പക്ഷെ അണയാതെ മനസ്സിൽ സൂക്ഷിച്ച പോരാട്ട വീര്യം ഉറച്ചു പൊരുതണമെന്ന് മനസാക്ഷിയോട് നിരന്തരം പറഞ്ഞു കൊണ്ടേയിരുന്നു. ഒരു ഭാഗത്ത് നിയമ യുദ്ധം. മറു ഭാഗത്ത് ട്രേഡ് യൂണിയനുകളുടെ ഏകോപനം. തനിക്കൊപ്പം ഉറച്ചു നിന്ന ആയിരങ്ങളെ പുനരധിവസിപ്പിക്കുകയെന്ന മറ്റൊരു ദൗത്യവും ഇതിനൊപ്പം തുടർന്നു. ആ നിരന്തര പോരാട്ടങ്ങൾ ഒടുവിൽ ഫലപ്രാപ്തിയിൽ എത്തിയിരിക്കുന്നു.

ഓഗസ്റ്റ് 8 ഈ വ്യവസായത്തിന് സ്വാതന്ത്ര്യ ദിനം. അതിലേക്ക് അവരെ നയിച്ച സജീവ് നായരെ പോലുള്ള പോരാളികൾക്കിത് അണ പൊട്ടുന്ന ചാരിദാർത്ഥ്യത്തിന്റെ മുഹൂർത്തം. പീഡനങ്ങൾക്ക് അന്ത്യം കുറിക്കപ്പെടുന്നു. പോലീസ് പീഡിപ്പിക്കുകയും, ഭരണകൂടം വേട്ടയാടുകയും, സമൂഹം ഒറ്റപ്പെടുത്തുകയും, മാധ്യമങ്ങൾ വിചാരണ നടത്തുകയും ചെയ്ത സജീവ് നായർ അsക്കമുള്ളവർക്ക് ഇത് ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ്. ആ പീഡന പരമ്പരകൾക്ക് ആര് പരിഹാരം ചെയ്യും എന്ന ചോദ്യം ബാക്കിയാണ്. പക്ഷെ സർക്കാരിന്റെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം ഒരു മറുപടിയായും ആശ്വാസമായും ഇവർ കരുതുന്നു.

2 thoughts on “സ്പെഷ്യൽ സ്റ്റോറി: “ഈ കഥ ത്യാഗ നിർഭരമായ ഒരു പോരാട്ടത്തിന്റേത് ” – ഇവർ സംരംഭകരുടെ സ്വാതന്ത്ര്യ പോരാളികൾ

  1. വളരെ ദൈവീകതയുള്ള ഒരു വ്യക്തിത്വമാണ് ശ്രീ സജീവ് നായർ എന്ന ഇതിഹാസം. മറക്കാനാവില്ല ഒരിക്കലും. നമ്മുടെ പ്രാർത്ഥനകൾ ഫലിച്ചു. എല്ലാ പോരാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി

Comments are closed.