Capturing Business 360°

ന്യൂഏജ് എഡിറ്റോറിയൽ: ഇടതു സർക്കാരിന്റെ ധീരമായ ചുവടുവയ്പ്; ഓഗസ്റ്റ് 8 ഡയറക്ട് സെല്ലിങ്ങിന്റെ സ്വാതന്ത്ര്യ ദിനം

മദ്യം നയം തിരുത്താൻ കാട്ടിയ ധീരത പോലെ, ഗെയിൽ പൈപ്പ് ലൈൻ വിഷയത്തിൽ എടുത്ത പുരോഗമനപരമായ നിലപാടു പോലെ, ഇടതു സർക്കാരിന്റെ മറ്റൊരു ശ്രദ്ധേയ കാൽ വയ്പാണ് ഡയറക്ട് സെല്ലിങ്ങിന് നൽകുന്ന നിയമ സാധുത. ലക്ഷക്കണക്കിന് സംരംഭകർക്ക് പ്രതീക്ഷയുടെ വെളിച്ചം ഇത് നൽകുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ബിസിനസ് മോഡൽ എന്നാണ് വികസിത ലോകം ഡയറക്ട് സെല്ലിങ്ങിനെ വിശേഷിപ്പിക്കുന്നത്. ഇടനിലക്കാരില്ല, ഉപഭോക്താക്കൾ സംരംഭകരായി മാറുന്നു, മുതൽമുടക്കില്ലാതെ സംരംഭകരാകാം തുടങ്ങി ഒട്ടേറെ സവിശേഷതകൾ ഇതിനുണ്ട്.

ഡയറക്ട് സെല്ലിങ്ങ്, നെറ്റ്വർക്ക് മാർക്കറ്റിങ്, മൾട്ടി ലെവൽ മാർക്കറ്റിങ്ങ് എന്നിവയ്ക്ക് ഒരു നൂറ്റാണ്ടിനപ്പുറം പഴക്കമുണ്ട്. ഒട്ടുമിക്ക രാജ്യങ്ങളിലും ഈ മാർക്കറ്റിങ് സമ്പ്രദായം നിലവിലുള്ളതാണ്. നിരവധി മൾട്ടിനാഷണൽ കമ്പനികൾ ഈ രംഗത്ത് പ്രവർത്തിക്കുന്നു. സാങ്കേതിക വിദ്യകൾ തൊഴിൽ സാധ്യത കുറയ്ക്കുകയും ഗൾഫ് രാജ്യങ്ങൾ സ്വദേശിവത്കരണം വ്യാപകമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കേരളം വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ പോവുകയാണ്. സംരംഭകത്വമാണ് അതിനെ അതിജീവിക്കാനുള്ള ഫലപ്രദമായ ഒരു പോംവഴി. മൂലധനം അധികം ആവശ്യമില്ലാത്ത, ഇൻഫ്രാസ്ട്രക്ചർ വേണ്ടാത്ത, പരിസ്ഥിതി പ്രശ്നങ്ങളില്ലാത്ത, നടത്തിപ്പിൽ സങ്കീർണ്ണതകളില്ലാത്ത സംരംഭങ്ങളാണ് പ്രായോഗികം. നെറ്റ്വർക്ക് ബിസിനസിന്റെ ഭാവി കേരളത്തിൽ ശോഭനമാണെന്ന് കരുതുന്നത് ഈ സാഹചര്യത്തിൽ കൂടിയാണ്.

കേരളത്തിലെ ഡയറക്ട് സെല്ലിങ് കമ്പനികൾക്കിതൊരു വലിയ തിരിച്ചുവരവിന്റെ വേളയാണ്;വിതരണക്കാർക്കും. മുൻ സർക്കാരിന്റെ കാലത്ത് വലിയ പീഡനങ്ങളാണ് ഈ വ്യവസായ രംഗം ഏറ്റുവാങ്ങേണ്ടി വന്നത്. നക്സലൈറ്റ് വേട്ടയെ അനുസ്മരിപ്പിക്കുന്ന പോലീസ് അരാജകത്വം ഡയറക്ട് സെല്ലിങ്ങിന്റെ അടിവേരിളക്കി. മണി ചെയിൻ എന്നാക്ഷേപിച്ച് ഈ രംഗത്തുണ്ടായ സകല കമ്പനികളെയും, വിതരണക്കാരെയും വേട്ടയാടി. നിരവധി പേരെ ജയിലിലടച്ചു.

കമ്പനീസ് ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്ക് ഡയറക്ട് സെല്ലിങ്ങിലൂടെ ഉല്പന്നങ്ങളോ സേവനങ്ങളോ വിപണനം നടത്താൻ ഒരു നിയമ തടസ്സവുമില്ല. എന്നാൽ ഈ അവസരം മുതലാക്കി ചിലർ മണി ചെയിൻ കെണി ഒരുക്കുന്നത് തുടരുകയാണ്. അതിന് ശക്തമായ തടയിടാനും യഥാർത്ഥ കമ്പനികൾക് സുഗമമായി പ്രവർത്തിക്കാൻ അവസരം നൽകാനുമാണ് മോണിറ്ററിങ് കമ്മിറ്റിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.ഈ സംവിധാനം കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാണ് കേരളം. കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി.
ട്രേഡ് യൂണിയനുകളുടെ ഇടപെടലാണ് ഇത് എളുപ്പമാക്കിയത്. എളമരം കരീമിന്റെ പ്രവർത്തനങ്ങൾ തീർത്തും ഗ്ലാഘനീയം. ഐഎൻടി യുസി യും സിഐടിയും മറ്റ് പ്രബല ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി പൊരുതി.

ഈ വ്യവസായത്തെ മുന്നിൽ നിന്ന് നയിച്ച് ക്രൂരമായ പോലീസ് പീഡനത്തിന് ഇരയായ സജീവ് നായരുടെ പേരും ഇവിടെ എടുത്തു പറയേണ്ടതുണ്ട്. സജീവ് നായരും അദ്ദേഹത്തോടൊപ്പം ഇക്കാലമത്രയും ത്യാഗോജ്ജലമായി പൊരുതിയ എണ്ണമറ്റ ആളുകളും ഈ വ്യവസായത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തിരിക്കുന്നു. പത്തുലക്ഷത്തിൽ പരം വ്യക്തികൾക്കും അത്ര തന്നെ കുടുംബങ്ങൾക്കും ഓഗസ്റ്റ് 8 സ്വാതന്ത്ര്യ ദിനമാണ്. അന്തസോടെ തൊഴിലെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പിണറായി സർക്കാർ അവർക്ക് നൽകിയിരിക്കുന്നത്.