Capturing Business 360°

തൊണ്ണൂറുകളിലെ ലുലുവിന്റെ ഗൾഫ് വിജയഗാഥയെ അനുസ്മരിപ്പിച്ച് കേരള വിപണിയിൽ ബിസ്മിയുടെ കുതിപ്പ്; ദക്ഷിണേന്ത്യയിലെ വൻകിട റീട്ടെയിൽ ശൃംഖലകളുടെ മുൻനിരയിൽ സ്ഥാനം പിടിച്ച് കമ്പനി; കേരള റീട്ടെയിലിലെ ‘അജ്മൽ മാജിക്’ സംരംഭക കൂട്ടായ്മകളിൽ ചർച്ചാവിഷയമായി മാറുന്നു

ന്യൂഏജ് ന്യൂസ്

കൊച്ചി: കേരള വിപണിയിൽ സമീപകാലത്ത് നടത്തിയ വൻകുതിപ്പിലൂടെ ബിസ്മി ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ വൻകിട റീട്ടെയിൽ ശൃംഖലകളുടെ മുൻനിരയിലേക്ക്. ഹോം അപ്ലയൻസ് ഉൽപന്നങ്ങളുടെ സ്റ്റാൻഡ് എലോൺ സ്റ്റോറുകളിൽനിന്ന് സൂപ്പർ/ഹൈപ്പർ മാർക്കറ്റ്, ലൈഫ്‌സ്റ്റൈൽ, ഇലക്ട്രോണിക്‌സ് എന്നിവ ഒരുമിച്ചുള്ള ഷോപ്പിംഗ് ഔട്ട്ലെറ്റ് ശൃംഖലയിലേക്കുള്ള ചുവടുമാറ്റത്തിലൂടെ ചുരുങ്ങിയ നാളുകൾ കൊണ്ട് ബിസ്മി കൈവരിച്ചത് സമാനതകളില്ലാത്ത വളർച്ചയാണ്. വി.എ. അജ്മലും ബിസ്മി ഗ്രൂപ്പും കേരളവിപണിയിൽ സ്വാധീനമുറപ്പിച്ചതിനെ മാനേജ്‌മെന്റ് വിദഗ്ധർ ഉപമിക്കുന്നത് എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് 1990കളിൽ ഗൾഫ് മേഖലയിൽ തിരികൊളുത്തിയ റീട്ടെയിൽ വിപ്ലവത്തോടാണ്.

ഗൾഫ് മേഖലയിലെ റീട്ടെയിൽ വിപണിയുടെ പരിണാമ ഘട്ടത്തിലാണ് 1995ൽ എം.എ. യൂസഫലി ആദ്യത്തെ ലുലു സൂപ്പർമാർക്കറ്റ് അബുദാബിയിൽ ആരംഭിച്ചത്. തുടർന്നിങ്ങോട്ട് മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ വിപണിയുടെ വളർച്ചയെ നയിച്ചത് ലുലു ഗ്രൂപ്പ് ആയിരുന്നു. 2013 ൽ ലുലു കേരളത്തിൽ പ്രവർത്തനം തുടങ്ങിയത് സംസ്ഥാനത്തെ സംഘടിത റീട്ടെയിൽ മേഖലയ്ക്ക് തുടക്കമിടും ചെയ്തു.

ലുലു തുടക്കമിട്ട കേരളത്തിലെ റീട്ടെയിൽ വിപ്ലവത്തെ ജനകീയമാക്കിയത് സത്യത്തിൽ ബിസ്മിയാണ്. നന്ദിലത്ത്, പിട്ടാപ്പിള്ളിൽ എന്നിവർക്കൊപ്പം സ്റ്റാൻഡ് എലോൺ സ്റ്റോറുകളുടെ മുൻനിരക്കാരായിരുന്ന ബിസ്മി സൂപ്പർ മാർക്കറ്റുകളും ലൈഫ്‌സ്റ്റൈൽ ഷോറൂമുകളും ചേർത്തുള്ള ഔട്ട്ലെറ്റ് ശൃംഖലയിലേക്കു വഴിമാറിയത് വൻവളർച്ചയ്ക്കാണ് തുടക്കമിട്ടത്. ഗ്രൂപ്പിന്റെ റീട്ടെയിൽ ശൃംഖലയ്ക്ക് കീഴിൽ നിലവിലുള്ള15 ഔട്ട്ലെറ്റുകളുടെ വരുമാനം 900 കോടി രൂപയോളമെത്തി. ഒരു വർഷത്തിനുള്ളിൽ 25 ഔട്ട്ലെറ്റുകളും 1500 കോടി ടേണോവറുമാണ് ലക്‌ഷ്യമെന്ന് വി.എ. അജ്മൽ പറയുന്നു.

ലുലു പോലുള്ള ബ്രാൻഡുകൾ വലിയ നഗരങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ രണ്ടാംനിര നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ ഔട്ട്ലെറ്റുകൾ തുറന്ന് ബിസിനസ് വളർത്തുക എന്നതാണ് ബിസ്മിയുടെ സ്ട്രാറ്റജി. മികച്ച ഷോപ്പിംഗ് അനുഭവത്തിനും വലിയ ഓഫറുകൾക്കുമൊപ്പം കൃത്യമായ സേവനങ്ങളും നൽകുക എന്ന തന്ത്രവും. പുതിയ ശ്രേണിയിലെ ആദ്യ ഔട്ട്ലെറ്റ് തുറന്നത് ആലപ്പുഴയിലായിരുന്നു. കൊച്ചിയിലെ വിവിധ ഔട്ട്ലെറ്റുകൾക്കൊപ്പം സംസ്ഥാനത്തെ വിവിധ പട്ടണങ്ങളിൽ കൂടുതൽ ഔട്ട്ലെറ്റുകൾ ഒരുങ്ങുകയാണ്.

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ റീട്ടെയിൽ വിപണിയിൽ സംഘടിത മേഖലയ്ക്ക് വലിയ വളർച്ചയുണ്ട്. രാജ്യത്തെ വൻകിട ശൃംഖലകളിൽ പലതും സംസ്ഥാനത്ത് നഷ്ടത്തിൽ തുടരുമ്പോഴും ബിസ്മിയുടെതുപോലുള്ള തനത് മാതൃകകൾ വലിയ വിജയമാകുന്നു. 2022ഓടെ സംസ്ഥാനത്തെ വിപണിയുടെ വലിയൊരു പങ്ക് സംഘടിത റീട്ടെയിൽ മേഖലയുടെ കീഴിലാവുമെന്നാണ് നിഗമനം.

ഓൺലൈൻ ഷോപ്പിംഗിലും സജീവമാകാനാണ് ബിസ്മിയുടെ പദ്ധതി. ഉത്പാദനമേഖലയിലും ഗ്രൂപ്പ് ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. ‘ഫാംലി’ എന്നസ്വന്തം ബ്രാൻഡിൽ പാലും പാലുൽപ്പന്നങ്ങളും ഉണ്ട്. മാനേജ്‌മെന്റ് ഭാഷയിൽ ഫോർവേർഡ് ഇന്റഗ്രേഷനും ബാക്ക്‌വേർഡ് ഇന്റഗ്രേഷനും സമന്വയിപ്പിക്കുകയാണ് ബിസ്മി. അതിലൂടെ ഉറപ്പാക്കുന്നത് ബിസിനസിന്റെ വളർച്ചയും.