Capturing Business 360°

സംസ്ഥാനത്ത് ആറ് പുതിയ വാഹന രജിസ്‌ട്രേഷൻ കോഡുകൾ കൂടി പ്രാബല്യത്തിൽ; പുതുതായി അനുവദിച്ചത് കെഎൽ 74 മുതൽ കെഎൽ 79 വരെയുള്ള കോഡുകൾ

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനങ്ങളുടെ റജിസ്ട്രേഷൻ കോഡുകളിൽ ഇനി ആറെണ്ണം കൂടി. പുതുതായി രൂപീകരിച്ച ആറു സബ് ആർടി ഓഫിസുകൾക്കായി കെഎൽ 74 മുതൽ കെഎൽ 79 വരെ രജിസ്‌ട്രേഷൻ കോഡുകളും അനുവദിച്ചു. കാട്ടാക്കട 74, തൃപ്പയാർ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകൾ. ഇൗ ആറിടങ്ങളിൽ പുതിയ സബ് ആർടി ഓഫിസുകൾ ആരംഭിക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു.

കെഎൽ 15 കോഡ് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകൾക്കു മാത്രമായി റിസേർവ് ചെയ്തിട്ടുണ്ട്. 01 മുതൽ 79 വരെയുള്ളതിൽ ബാക്കി 78 കോഡുകൾ ഇതോടെ സംസ്ഥാനത്തെ 17 ആർടി ഓഫിസുകൾക്കും 61 സബ് ആർടി ഓഫിസുകൾക്കുമായിനൽകിയിരിക്കുകയാണ്. കെഎൽ 01 മുതൽ കെഎൽ 73 വരെയാണ് ഇതുവരെ വിവിധ ആർടി ഓഫിസുകൾക്കും സബ് ആർടി ഓഫിസുകൾക്കുമായി നൽകിയിരുന്നത്.

കോഡിനു ശേഷം വരുന്ന 1 മുതൽ 9999 വരെയുള്ള റജിസ്ട്രേഷൻ നമ്പറുകൾ വാഹന ഉടമ പ്രത്യേകം തിരഞ്ഞെടുക്കുകയാണെങ്കിൽ 3000 രൂപയാണു ഫീസ്. ഫാൻസി നമ്പറുകൾക്കു ഫീസ് ഉയരും. ഒരു നമ്പറിന് ഒന്നിലേറെ ആവശ്യക്കാർ വന്നാൽ ലേലത്തിലൂടെ നമ്പർ നൽകും. ഇത്തരം ലേലങ്ങളിൽ ചിലപ്പോൾ ലക്ഷങ്ങളും കോടികളും വരെ മുടക്കി തങ്ങൾക്കിഷ്ടപ്പെട്ട നമ്പർ ആളുകൾ സ്വന്തമാക്കാറുണ്ട്.