Capturing Business 360°

ലോകകപ്പ് ഫുട്ബോൾ കാഴ്ചയിൽ കേരളം ഒന്നാമത്, പ്രാദേശിക ഭാഷാ സംപ്രേക്ഷണം വലിയ വിജയം; ഇന്ത്യ വൻ മുന്നേറ്റം നടത്തി

ന്യൂഏജ് ന്യൂസ്

കൊച്ചി: ലോകകപ്പ് ഫുട്ബോൾ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന സോണി പിക്ചേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ലോകകപ്പ് ഫുട്ബോൾ കാഴ്ച്ചയിൽ കേരളം ഒന്നാമത്. 52 ശതമാനം മലയാളികളാണ് ഈ ലോകകപ്പ് കണ്ടത്. രണ്ടാം സ്ഥാനത്തുള്ളത് ബംഗാൾ ആണ്. വ്യൂവർഷിപ് 21 ശതമാനം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഫുട്‌ബോള്‍ മത്സരം ക്രൊയേഷ്യയും ഫ്രാന്‍സും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍ ആണ്. ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനല്‍. 5.12 കോടി ആളുകളാണ് ഫൈനല്‍ മത്സരം മാത്രം തത്സമയം കണ്ടതെന്നും ഇത് റെക്കോഡാണെന്നും സോണി അറിയിച്ചു.

ലോകകപ്പിലെ 64 മത്സരങ്ങള്‍ 11.05 കോടി ജനങ്ങള്‍ ഇന്ത്യയില്‍ ലൈവായി കണ്ടു. ആളുകളുടെ എണ്ണത്തിൽ ബംഗാള്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. 2.22 കോടി ആളുകളാണ് ഇവിടെ ലോകകപ്പ് കണ്ടത്. തൊട്ടുപിന്നാലെ കേരളമാണ്. 1.78 കോടി ആളുകളാണ് ഇവിടെ ഫുട്‌ബോള്‍ മത്സരങ്ങൾ കണ്ടത്.

ഹിന്ദി, മലയാളം, ബംഗാളി, തമിഴ്, തെലുങ്ക് തുടങ്ങിയ പ്രാദേശിക ഭാഷകളില്‍ കമന്ററിയുള്ള ലൈവ് ഫുട്‌ബോള്‍ മത്സരം കണ്ടത് 7.07 കോടി പേരാണ്. ഇത് ആകെ കാണികളുടെ 66 ശതമാനം വരും. ആകെ കാണികളില്‍ 47 ശതമാനം സ്ത്രീകളായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.