Capturing Business 360°

വെള്ളപൊക്ക ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു; കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരം, അടിയന്തരസഹായം ഉടന്‍ നൽകും

ന്യൂഏജ് ന്യൂസ്

ആലപ്പുഴ: വെള്ളപൊക്ക ദുരിതം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കേന്ദ്രസംഘം വിലിയിരുത്തി.

രാവിലെ 10.30 ഓടെ ആലപ്പുഴയിലെത്തിയ കേന്ദ്രസംഘത്തെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണ് സ്വീകരിച്ചത്. തുടര്‍ന്ന് റസ്റ്റ് ഹൗസില്‍ എത്തിയ കേന്ദ്രസംഘത്തിന് മുന്നില്‍ വിവിധ വകുപ്പുകള്‍ നാശനഷ്ട കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് സംഘം കോമളപുരം ലൂഥറന്‍സ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബ് സന്ദര്‍ശിച്ചു. പിന്നീട് ബോട്ടില്‍ കുട്ടനാട്ടിലേയ്ക്ക് പോയി. കുട്ടനാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ സീറോ ജെട്ടിയിലിറങ്ങിയ കേന്ദ്ര സംഘത്തിന് മുന്നില്‍ പരാതികളുമായി വീട്ടമ്മമാരെത്തി.

നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പിനും വിശദമായ വിലയിരുത്തലിനുമായി ഉന്നതതല കേന്ദ്രസംഘം വീണ്ടും കുട്ടനാട്ടിലെത്തും. കേന്ദ്രആഭ്യന്തര, ഗതാഗത, കാര്‍ഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പത്ത് ദിവസത്തിനകം എത്തുമെന്നും ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ സഹായം നല്‍കുമെന്നും കുട്ടനാട് സന്ദര്‍ശിച്ച ശേഷം കേന്ദ്രആഭ്യന്തര സഹമന്ത്രി പറഞ്ഞു.

വലിയ ദുരിതമാണ് കുട്ടനാട്ടില്‍ ഉണ്ടായത്. ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം ഉടന്‍ നല്‍കും. ദുരിതാശ്വാസ ക്യാമ്ബുകളുടെ പ്രവര്‍ത്തനം തൃപ്തികരമാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ എത്തിയതെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രി മാരായ ജി സുധാകരന്‍, വിഎസ് സുനില്‍കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം പി, തോമസ് ചാണ്ടി എംഎല്‍എ തുടങ്ങിയവരും സംഘത്തിനൊപ്പമുണ്ടായിരുന്നു. മട വീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും വിലയിരുത്തി.