Capturing Business 360°

‘കേരളം കീഴടക്കി, ലസ്സി കടല്‍ കടക്കുന്നു’: VIDEO STORY കാണാം

ന്യൂഏജ് ന്യൂസ്

കൊച്ചി: വടക്കു നിന്നെത്തി കേരളം കീഴടക്കിയ ലസ്സി ഉയര്‍ന്നു പറക്കുകയാണ്. ഗള്‍ഫും ലസ്സിയെ ഊഷ്മളമായി സ്വീകരിച്ചു. ഗള്‍ഫിലെ ഏതു പുതിയ വിപണി പരീക്ഷണങ്ങളുടേയും തട്ടകമായ ദുബൈയില്‍ ലസ്സി ഇന്‍സ്റ്റന്റ് ഹിറ്റ്.

ഇന്ത്യയില്‍ 100 ഔട്ട്‌ലെറ്റുകള്‍ പൂര്‍ത്തിയാക്കിയ ‘ദേസ്സി കപ്പ’യാണ് ഗള്‍ഫിലേക്കുള്ള വിപണി പ്രവേശനത്തിന്റെ ആദ്യ പടിയായി ദുബൈയില്‍ ഔട്ട്‌ലെറ്റുകള്‍ തുറന്നത്. ബര്‍ദുബായില്‍ രണ്ടും കരാമ, ദെയ്‌റ ദുബായ്, ജെബെല്‍ അലി എന്നിവിടങ്ങളില്‍ ഒന്നു വീതവും ഷോപ്പുകളാണ് ആരംഭിച്ചത്. കേരളത്തേക്കാള്‍ ആവേശപൂര്‍ണമായ പ്രതികരണം ലഭിച്ചെന്നു ദേസ്സി കപ്പ.

മലയാളികള്‍ ഏറ്റവും കൂടുതലുള്ള ഗള്‍ഫ് രാജ്യമാണ് യുഎഇ. വിദേശ രാജ്യക്കാരുടെ സാന്നിധ്യം ഏറ്റവും അധികമുള്ളതും ദുബൈ ഉള്‍പ്പെടുന്ന യുഎഇ യിലാണ്. വടക്കേ ഇന്ത്യക്കാരും വലിയ തോതിലുണ്ട്. ഈ ഘടകങ്ങള്‍ വലിയ വിപണി സാധ്യതയാണ് ലസ്സിക്കു തുറക്കുന്നത്.

ഗള്‍ഫിനെ ഒരു മുഖ്യ വിപണിയായി ദേസ്സി കപ്പയും കണക്കാക്കുന്നു. ഔട്ട് ലൈറ്റുകളുടെ രൂപ ഘടന, ബ്രാന്‍ഡിംഗ്, മെനു എന്നിവയില്‍ കൂടുതല്‍ മികവോടെയാണ് ഇവര്‍ ഗള്‍ഫ് വിപണിയില്‍ എത്തിയിരിക്കുന്നത്. വലിയ മത്സരം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഗള്‍ഫിലുള്ള നോര്‍ത്ത് ഇന്ത്യന്‍ റെസ്‌റ്റോറന്റുകളിലെ പ്രിയ വിഭവങ്ങളിലൊന്നാണ് ലസ്സി. എന്നാല്‍ സംഘടിത സ്വഭാവത്തില്‍ ഇതിനെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കാന്‍ ആര്‍ക്കും ഇത് വരെ കഴിഞ്ഞിരുന്നില്ല. ഗള്‍ഫിലെ മറ്റൊരു മലയാളി സംരംഭക വിജയ ഗാഥയായി മാറാനൊരുങ്ങുകയാണ് ലസ്സിയും ‘ദേസ്സി കപ്പ’യും.