Capturing Business 360°

രൂപയുടെ മൂല്യമിടിഞ്ഞതിന് പിന്നാലെ ദുബായിലെ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; ആവേശത്തോടെ പ്രവാസികൾ, മണി എക്‌സ്‌ചേഞ്ചുകളിലും ജ്വല്ലറികളിലും കനത്ത തിരക്ക്

ന്യൂഏജ് ന്യൂസ്

ദുബായ്: ഡോളര്‍ അടിക്കടി ശക്തിപ്രാപിക്കുന്നത് രൂപയുടെ വിനിമയ നിരക്ക് ഉയര്‍ത്തുന്നതു കൂടാതെ, സ്വര്‍ണവില കുറയുന്നത് കൂടിയായതോടെ പ്രവാസികളുടെ ആഹ്ളാദം ഇരട്ടിച്ചു. വെള്ളി, ശനി ദിവസങ്ങള്‍ അവധിയും കൂടി ആയതോടെ, ഉയര്‍ന്ന എക്‌സ്‌ചേഞ്ച് നിരക്കും കുറഞ്ഞ സ്വര്‍ണ നിരക്കും പ്രയോജനപ്പെടുത്താനാകും ഇന്ന് ശ്രമം. മണി എക്‌സ്‌ചേഞ്ചുകളിലും ജ്വല്ലറികളിലുംനല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ 69.14 എന്നനിലയിലേക്കു താഴ്ന്ന രൂപ പിന്നീട് 69.09 എന്ന നിലയിലെത്തിയെങ്കിലും ഈയിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപയെത്തിയത്. ദിര്‍ഹം-രൂപ വിനിമയ നിരക്ക് ഇന്നലെ ഒരു ദിര്‍ഹത്തിന് 18.83 രൂപ എന്ന നിലയിലെത്തിയിരുന്നു. ഇന്നലെ എക്‌സ്‌ചേഞ്ചുകളില്‍ 18.75 ആണ് ലഭ്യമായ നിരക്ക്. കഴിഞ്ഞയാഴ്ച ഇത് 18.61 ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉയര്‍ന്നുനില്‍ക്കുന്ന എക്‌സ്‌ചേഞ്ച് നിരക്ക് ജൂണ്‍ അവസാന വാരത്തിനു ശേഷം കൂടുതല്‍ ഉയരുന്നത് ഇന്നലെയാണ്.
അമേരിക്ക, ചൈന വ്യാപാര യുദ്ധവും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നതും രൂപയുടെ മൂല്യം കുറയ്ക്കാന്‍ കാരണമായെന്ന് സാമ്ബത്തിക വിദഗ്ധര്‍ പറയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ 7.4 ശതമാനം ഇടിവാണ് ഇതുവരെ ഈ വര്‍ഷമുണ്ടായത്. ഇന്നലെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിനു 147.50 ദിര്‍ഹവും 22 കാരറ്റിന് 138.50 ദിര്‍ഹവും 18കാരറ്റിന് 113.25ഉം ആണ് വില. 24കാരറ്റിന് 148.25, 22കാരറ്റിന്139, 18 കാരറ്റിന് 113.75 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

സ്വര്‍ണത്തിന്‍റെ വിലയില്‍ കുറവ് വന്നത് ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുമെന്നാണ് ജ്വല്ലറി രംഗത്തുള്ളവരുടെ പ്രതീക്ഷ. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ ഗ്രാമിനു ശരാശരി രണ്ടുദിര്‍ഹത്തിന്‍റെ വിലക്കുറവാണ് സ്വര്‍ണത്തിനുണ്ടായത്. ഒരുവര്‍ഷ സമയത്തിനിടെ, ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണത്തിനിപ്പോഴുള്ളതെന്ന് ജ്വല്ലറി വൃത്തങ്ങള്‍ പറഞ്ഞു.