Capturing Business 360°

യു.പി.ഐ, ഐ.എം.പി.എസ് ചാനലുകള്‍ വഴിയുള്ള ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം; ദേശീയ പെയ്‌മെന്റ് കോര്‍പ്പറേഷന്റെ നടപടി ആധാർ കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ‘പണമിടപാടുകളില്‍ ആധാർ ഉപയോഗിക്കുന്നതിനുള്ള ചട്ടക്കൂടുകള്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല’ എന്ന് വിശദീകരണം

ന്യൂഏജ് ന്യൂസ്

യു.പി.ഐ, ഐ.എം.പി.എസ് ചാനലുകള്‍ വഴിയുള്ള ആധാര്‍ അടിസ്ഥാനമാക്കിയുള്ള പണമിടപാടുകള്‍ അവസാനിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം. ദേശീയ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിര്‍ദേശം നല്‍കിയത്. ആധാറിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ആശങ്കകള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് എന്‍.പി.സി.ഐ ഇത്തരമൊരു ഉത്തരവിട്ടിരിക്കുന്നത്.

ജൂലൈ 17ന് ബാങ്കുകള്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇത്തരമൊരു നിര്‍ദേശമുള്ളത്. ‘ ആധാര്‍ നമ്ബര്‍ സെന്‍സിറ്റീവായ ഒരു വിവരമാണ്. പണമിടപാടുകാര്യങ്ങളില്‍ അത് ഉപയോഗിക്കുന്നതു സംബന്ധിച്ചുള്ള ചട്ടക്കൂടുകള്‍ ഇതുവരെ രൂപപ്പെട്ടിട്ടില്ല’ എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

സ്റ്റിയറിങ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക്, എച്ച്‌.ഡി.എഫ്.സി ബാങ്ക് എന്നിവയുള്‍പ്പെടെ 18 ബാങ്കുകളും ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങളും ഉള്‍പ്പെട്ടതാണ് യു.പി.ഐയുടെയും ഐ.എം.പി.എസിന്റെയും സ്റ്റിയറിങ് കമ്മിറ്റി.
ഗുണഭോക്താവിന്റെ ആധാര്‍ നമ്ബര്‍ ഉപയോഗിച്ച്‌ അയാള്‍ക്ക് ഫണ്ടുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്ന സംവിധാനം നിര്‍ത്തിവെക്കാനാണ് എന്‍.പി.സി.ഐ ഉത്തരവിട്ടിരിക്കുന്നത്. 2018 ആഗസ്റ്റ് 31 ഓടെ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇടപാടുകള്‍ യു.പി.ഐയില്‍ നിന്നും നിന്നും ഐ.എം.പി.എസില്‍ നിന്നും ഒഴിവാക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ആധാറിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ക്ക് ബലം പകരുന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന തീരുമാനം. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയില്ലെന്ന് യു.ഐ.ഡി.എ.ഐ ആവര്‍ത്തിച്ചു പറയുമ്ബോഴും പലതവണയായി ലക്ഷക്കണക്കിന് ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഭവന നിര്‍മ്മാണ കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ നിന്ന് 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ട് ഇതിനു ഉദാഹരണമാണ്.

കൂടാതെ ആധാര്‍ വിവരങ്ങള്‍ അഞ്ഞൂറു രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ചെന്ന ദി ട്രിബ്യൂണിന്റെ റിപ്പോര്‍ട്ടും വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം തള്ളിയ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ വിവരങ്ങള്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് എന്‍.പി.സി.ഐയുടെ ഈ ഉത്തരവ് വന്നിരിക്കുന്നത്.