Capturing Business 360°

ഗൂഗിളിന് വൻതുക പിഴ വിധിച്ച് യൂറോപ്യന്‍ യൂണിയന്‍; ഗൂഗിളിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം, 500 കോടി രൂപ പിഴ ഒടുക്കാൻ നിർദ്ദേശം, അപ്പീൽ നൽകുമെന്ന് ഗൂഗിൾ

ന്യൂഏജ് ന്യൂസ്

ഗൂഗിളിന് 500 കോടി ഡോളറിന്റെ ഭീമമായ തുക പിഴ വിധിച്ച്‌ യൂറോപ്യന്‍ യൂണിയന്‍. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗൂഗിള്‍ സെര്‍ച്ച്‌ എന്‍ജിനും ക്രോമും ആപ്പുകളും നിര്‍ബന്ധപൂര്‍വം ഉള്‍പ്പെടുത്താന്‍ മൊബൈല്‍ കമ്പനികളെ സ്വാധീനിച്ചെന്ന കാരണത്താലാണ് ഗൂഗിളിനെതിരെ യൂറോപ്യന്‍ യൂണിയന്‍ നടപടി.

‘ ഗൂഗിളിന്റെ ആധിപത്യം സ്ഥാപിക്കാന്‍ ആന്‍ഡ്രോയിഡ് ഫോണുകളെ അവര്‍ ദുരുപയോഗം ചെയ്യുകയാണ്, ഗൂഗിളിന്റെ ഈ പ്രവര്‍ത്തി അവരുടെ എതിരാളികളുടെ വളര്‍ച്ചയ്ക്ക് തടയിടുന്നതാണ് ‘. യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ മാര്‍ഗ്രെത് വെസ്റ്റഗര്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ ഒരു സ്ഥാപനത്തിന് ഇത്രയധികം തുക ഇതാദ്യമായാണ് പിഴ വിധിക്കുന്നത്. ഗൂഗിള്‍ അതിന്റെ സെര്‍ച്ച്‌ എന്‍ജിനും ക്രോം ആപ്പുകളും ഓപ്പറേറ്റിങ് സിസ്റ്റവുമായി ബന്ധപ്പെടുത്തി നിര്‍ബന്ധപൂര്‍വം ഉപയോക്താക്കളില്‍ എത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഗൂഗിള്‍ സ്വന്തം പരസ്യങ്ങള്‍ ആന്‍ഡ്രോയ്ഡിലെ പ്രധാന ആപ്പുകളില്‍ കാണിച്ചു പരസ്യവരുമാനം സ്വന്തമാക്കുന്നുവെന്നും യൂണിയന്‍ ആരോപണം ഉന്നയിക്കുന്നു. അമേരിക്കന്‍ കമ്ബനികളെ നിയന്ത്രിക്കുക ലക്ഷ്യമിട്ടാണ് യൂറോപ്യന്‍ യൂണിയന്റെ നടപടി. തങ്ങള്‍ക്കു താല്‍പര്യമുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചുവെന്നതും ഗൂഗിളിനെതിരായ ആരോപണമാണ്. അതേസമയം, നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികള്‍ 90 ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് ഗുഗിളിനോട് യൂണിയന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഒരു വര്‍ഷം മുന്‍പും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ. ഗൂഗിളിന്റെ സ്വന്തം ഷോപ്പിങ് സര്‍വീസുകള്‍ക്കു മുന്‍ഗണന നല്‍കി എന്നതായിരുന്നു കാരണം. യൂറോപ്പിലെ 90% ആന്‍ഡ്രോയിഡ് ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലൂടെയാണു ടെലിവിഷന്‍ ഷോകള്‍, സിനിമകള്‍, ആപ്പുകള്‍, ഇ – ബുക്കുകള്‍ തുടങ്ങിയവ ഡൗണ്‍ലോഡ് ചെയ്യുന്നത്.