Capturing Business 360°

കള്ളപ്പണത്തിനെതിരെ ശക്തമായ നടപടികളെന്ന് കേന്ദ്രസര്‍ക്കാര്‍; സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇപ്പോഴും കിടക്കുന്നത് ഇന്ത്യാക്കാരുടെ 300 കോടി

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടരുമ്ബോഴും സ്വിസ് ബാങ്കുകളില്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ ഇന്ത്യാക്കാരുടേതെന്ന് കരുതുന്ന 300 കോടിയുടെ സമ്ബാദ്യം. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിസ് ബാങ്ക് അവകാശികളില്ലാത്ത സമ്ബാദ്യത്തിന്റെ കണക്ക് പ്രസിദ്ധീകരിക്കുന്നത്. ആവശ്യമായ തിരിച്ചറിയല്‍ രേഖയുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ അവകാശികള്‍ക്കോ ഈ തുക കൈമാറുമെന്നാണ് സ്വിസ് അധികൃതരുടെ നിലപാട്.

ആകെയുള്ള 3500 നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ ആറെണ്ണത്തിന് ഇന്ത്യന്‍ ബന്ധമുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഇന്ത്യാക്കാരുടേതായി ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട്. ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ബാങ്കുകളില്‍ ഇല്ല. അതേസമയം ഇന്ത്യക്കാരുടേതെന്ന് സംശയിക്കുന്ന അക്കൗണ്ടുകളില്‍ ആകെകൂടി നിക്ഷേപിച്ചിരിക്കുന്ന തുക ഏകദേശം 300 കോടിയോളം വരുമെന്നാണ് ഓംബുഡ്സ്മാന്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. ഏറെക്കുറെ കൃത്യമായ വിവരങ്ങള്‍ ഉള്ള ആറ് ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ മുന്നെണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ് വിലാസം നല്‍കിയിരിക്കുന്നത്. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 2015 ല്‍ പുറത്തുവിട്ട പട്ടികയിലും ഈ വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളുടേതാണ് ഈ സമ്ബാദ്യമെന്ന് ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും സ്വിസ് അധികൃതര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം, 2017ല്‍ ഇന്ത്യാക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച സമ്ബാദ്യം 50 % വര്‍ദ്ധിച്ചതായി സ്വിസ് അധികൃതര്‍ റിപ്പോര്‍ട്ട് പുറപ്പെടുവിച്ചത് അടുത്തിടെയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ താഴ്ചക്ക് ശേഷമാണ് ഇന്ത്യാക്കാരുടെ സ്വിസ് നിക്ഷേപം 1.01 ബില്യന്‍ സ്വിസ് ഫ്രാങ്കിലെത്തിയത് (ഏകദേശം 7000 കോടി). 2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3 % വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു.