Capturing Business 360°

വ്യാജ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ട്വിറ്റർ; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്ന ഇടിവ്‌ കണ്ട് ഞെട്ടി ലോക നേതാക്കൾ, മോദിക്ക് മാത്രം നഷ്ടമായത് നാല് ലക്ഷത്തിലധികം ഫോളോവെഴ്സിനെ

ന്യൂഏജ് ന്യൂസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍ ഇടിവ്. വ്യാജവും നിഷ്‌ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്റര്‍ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില്‍ 2.84 ലക്ഷവും, ഔദ്യോഗിക അക്കൗണ്ടില്‍ 1.40 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്.

ഇതോടെ, മോദിയെ പിന്തുടരുന്നവര്‍ 4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ടില്‍ നിന്നും 17,503 പേരെയാണ് നഷ്ടമായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കേജ്രിവാള്‍ 9155, സുഷമ സ്വരാജ് 74132, അമിത് ഷാ 33363 എന്നിങ്ങനെ നീളുന്നു ഫോളോവേഴ്‌സിന്റെ എണ്ണം കുത്തനെ ഇടിഞ്ഞവരുടെ പട്ടിക.

ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രത്തലവനായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവസ്ഥയും മറിച്ചല്ല. 5.3 കോടി ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ടില്‍ നിന്നും ഒരു ലക്ഷം പേരെയാണു ട്വിറ്റര്‍ ഒഴിവാക്കിയത്.

യുഎസ് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് (10.4 കോടി) നാലു ലക്ഷം പേരെ നഷ്ടപ്പെട്ടു. നേരത്തേ പുറത്തുവന്ന ട്വിറ്റര്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ത്തന്നെ പ്രമുഖരുടെ അക്കൗണ്ടിലെ വ്യാജന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.