Capturing Business 360°

പ്രതിസന്ധിയില്‍ നിന്നും കരകയറുമ്പോള്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കൈത്താങ്ങായി കൊറിയര്‍ സര്‍വീസ്; പദ്ധതി വഴി ഇതുവരെ ലഭിച്ചത് 90.91 ലക്ഷം രൂപ, പദ്ധതി വിപുലീകരിക്കാനൊരുങ്ങി സേവനദാതാക്കള്‍

ന്യൂഏജ് ന്യൂസ്

കണ്ണൂര്‍: ‘റീച്ച്‌ ഓണ്‍ ഫാസ്റ്റ് ബസ്’ കൊറിയര്‍ സേവനത്തിലൂടെ കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം ഒരുകോടിയിലേക്ക്. ട്രാക്ക് ഓണ്‍ കൊറിയര്‍ സര്‍വീസുമായി ചേര്‍ന്ന് 2015-ല്‍ തുടങ്ങിയ പദ്ധതിവഴി ഇതേവരെ 90.91 ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിച്ചു. കൊറിയര്‍ സേവനങ്ങള്‍ക്കുള്ള തുകയില്‍ നിന്ന് നിശ്ചിതവിഹിതം കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കണമെന്ന വ്യവസ്ഥയില്‍ അഞ്ചുവര്‍ഷത്തേക്കാണ് കരാര്‍. കൂടുതല്‍ വരുമാനം കണ്ടെത്താന്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ കൊറിയര്‍ സംവിധാനത്തില്‍ എത്തിച്ചുകൊടുക്കാനുള്ള സൗകര്യം തുടങ്ങിയിട്ടുണ്ട്. കേരള-ബെംഗളൂരു വോള്‍വോ ബസ്സുകളിലാണ് നിലവില്‍ ഇതിനുള്ള സൗകര്യം. എന്നാല്‍, വാടക സ്കാനിയ ബസ്സുകളില്‍ കൊറിയര്‍ സേവനം ഒഴിവാക്കിയത് സേവനദാതാക്കള്‍ക്ക് തിരിച്ചടിയായി.

ആദ്യഘട്ടമായി 15 ഡിപ്പോകളില്‍ തുടങ്ങിയ സേവനം ഇന്ന് 49 കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഡിപ്പോകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും കൊറിയര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. മൂന്നാര്‍, വൈറ്റില, കോതമംഗലം, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ ഓപ്പറേറ്റിങ് സെന്ററുകള്‍ തുടങ്ങാനുള്ള ആലോചനകള്‍ നടക്കുകയാണെന്ന് റീച്ച്‌ ഓണ്‍ ഓപ്പറേഷന്‍ ഹെഡ് കെ.വിഷ്ണുപ്രസാദ് പറഞ്ഞു.

ഡോര്‍ ടു ഡോര്‍ ഡെലിവറി സേവനവും മലയോരത്തെ ജനങ്ങളുടെ സൗകര്യത്തിന് അത്തരം പ്രദേശങ്ങളില്‍ ഫ്രാഞ്ചൈസികളും തുടങ്ങിയത് വരുമാനം കൂടാന്‍ കാരണമായതായി അധികൃതര്‍ പറഞ്ഞു. ഓരോ സാമ്ബത്തികവര്‍ഷവും കൊറിയര്‍ വരുമാനത്തില്‍ സേവനദാതാക്കള്‍ക്കും നേട്ടമുണ്ട്. രണ്ടുകോടിയിലേറെ കഴിഞ്ഞ സാമ്ബത്തികവര്‍ഷം ലഭിച്ചു. നിലവില്‍ കോഴിക്കോട്, എറണാകുളം ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് ഇരുചക്രവാഹനങ്ങള്‍ കൊറിയര്‍ അയയ്ക്കാന്‍ സൗകര്യമുള്ളത്.

ജി.എസ്.ടി. നടപ്പാക്കിയതോടെ സേവനങ്ങള്‍ക്ക് നിരക്ക് കൂടിയിട്ടുണ്ട്. കേരളത്തിനകത്ത് 100 ഗ്രാം വരെ തൂക്കമുള്ള സാധനങ്ങള്‍ക്ക് 25 രൂപയും 250 ഗ്രാം വരെ 42 രൂപയുമാണ് നിരക്ക്. മൂന്നുകിലോ വരെയുള്ളവയ്ക്ക് 84 രൂപയാകും. അതിനുമുകളില്‍ ഓരോ കിലോയ്ക്കും 21 രൂപ അധികമായി നല്‍കണം. കേരളത്തിന് പുറത്തേക്ക് 250 ഗ്രാം വരെയുള്ളവയ്ക്ക് 127 രൂപയാകും. മൂന്നുകിലോ വരെയാണെങ്കില്‍ 211 രൂപയും.

സര്‍ക്കാര്‍സംബന്ധമായ സാമഗ്രികളും കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ വഴി അയയ്ക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ കൊറിയര്‍ സേവനദാതാക്കള്‍ ബന്ധപ്പെട്ടവര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.