Capturing Business 360°

മുഖ്യമന്ത്രി വിദേശത്തേക്ക് പോയതോടെ ആലസ്യത്തിൽ സെക്രട്ടേറിയറ്റ്‌; മന്ത്രിമാർ പലരും തിരുവനന്തപുരം വിട്ടു, ഉദ്യോഗസ്ഥ സംവിധാനവും നിർജ്ജീവാവസ്ഥയിൽ

ന്യൂഏജ് ന്യൂസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പന്ത്രണ്ടു ദിവസത്തെ അമേരിക്കന്‍ പര്യടനത്തിനു പോയതോടെ മന്ത്രിമാരും തിരുവനന്തപുരം വിട്ടു. മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചു ദിവസമെങ്കിലും തലസ്‌ഥാനത്തുണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശമാണ്‌ അദ്ദേഹം വിദേശത്തുപോയതോടെ കാറ്റില്‍ പറന്നത്‌. മുഖ്യമന്ത്രി അടുത്ത ചൊവ്വാഴ്‌ച മടങ്ങിയെത്തുന്നതോടെയേ ചില മന്ത്രിമാര്‍ സെക്രട്ടേറിയറ്റില്‍ തിരിച്ചെത്തൂ.

മന്ത്രിമാര്‍ ആഴ്‌ചയില്‍ അഞ്ചു ദിവസം തലസ്‌ഥാനത്തുണ്ടാകണമെന്ന്‌ ഈ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. മണ്ഡലങ്ങളിലെ കാര്യങ്ങള്‍ നോക്കേണ്ടതിനാല്‍ അതു പ്രായോഗികമല്ലെന്നു പല മന്ത്രിമാരും വാദിച്ചെങ്കിലും മുഖ്യമന്ത്രി ഉറച്ചുനിന്നു. മാസങ്ങള്‍ക്കു മുന്‍പ്‌ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചപ്പോള്‍ മന്ത്രിമാരുടെ ക്വാറം തികയാതെവന്നതോടെ പഴയ നിര്‍ദേശം മുഖ്യമന്ത്രി കര്‍ശനമായി ആവര്‍ത്തിച്ചു. അതാണ്‌ മുഖ്യമന്ത്രി വിദേശത്തു പോയതോടെ ലംഘിക്കപ്പെട്ടത്‌. കഴിഞ്ഞ അഞ്ചിന്‌ അമേരിക്കയിലേക്കു പോയ മുഖ്യമന്ത്രി 17-നു തിരിച്ചെത്തും. പിറ്റേന്നു മന്ത്രിസഭായോഗം നിശ്‌ചയിച്ചിട്ടുണ്ട്‌.

സാധാരണയായി ബുധനാഴ്‌ചകളിലാണു മന്ത്രിസഭായോഗം ചേരുന്നത്‌. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ ഇന്നലെ യോഗം ചേര്‍ന്നില്ല. ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയിലാണ്‌. മന്ത്രിമാരായ എം.എം. മണി, ടി.പി. രാമകൃഷ്‌ണന്‍, വി.എസ്‌. സുനില്‍കുമാര്‍, കെ. രാജു എന്നിവരും തിരുവനന്തപുരത്തില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌ഥലത്തില്ലാതായതോടെ സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്‌ഥര്‍ ആലസ്യത്തിലാണ്‌.
മന്ത്രി ശൈലജ ആരോഗ്യവകുപ്പിന്റെ ചുമതല വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ ഏല്‍പ്പിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിമാര്‍ വിദേശത്തു പോകുമ്ബോള്‍ വകുപ്പുകളുടെ ചുമതലയ്‌ക്കു പുറമേ, ആവശ്യം വന്നാല്‍ മന്ത്രിസഭായോഗം വിളിക്കാനുള്ള അധികാരവും ഏതെങ്കിലുമൊരു മന്ത്രിക്കു നല്‍കാറുണ്ട്‌. ചട്ടങ്ങളില്‍ അങ്ങനെ വ്യവസ്‌ഥയില്ലെങ്കിലും അതാണു സാധാരണം.

ഇ- ഫയല്‍ സംവിധാനമടക്കം ഉള്ളതിനാല്‍ ചുമതല കൈമാറിയില്ലെങ്കിലും പ്രവര്‍ത്തനത്തിനും ഭരണനിയന്ത്രണത്തിനും തടസങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടു കാണേണ്ട ഫയലുകള്‍ എത്തിച്ചുനല്‍കാന്‍ ആധുനിക സംവിധാനങ്ങളുമുണ്ട്‌. അടിയന്തര പ്രാധാന്യമുള്ള രേഖകള്‍ ഇലക്‌ട്രോണിക്‌ ഫയലുകളാക്കി അയച്ചു കൊടുക്കാനും കഴിയും.

മുഖ്യമന്ത്രിയായിരിക്കെ കെ. കരുണാകരന്‍ ചികിത്സയ്‌ക്കായി വിദേശത്തു പോയപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കി സി.വി. പത്മരാജനു ചുമതല നല്‍കിയത്‌ കോണ്‍ഗ്രസില്‍ വിവാദമായിരുന്നു. ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ ചുമതല വക്കം പുരുഷോത്തമനു നല്‍കിയാണ്‌ ദീര്‍ഘനാളത്തേക്കു വിദേശത്തു പോയത്‌. രണ്ടാംവട്ടം ഉമ്മന്‍ ചാണ്ടി ഗള്‍ഫ്‌ യാത്ര നടത്തിയപ്പോള്‍ ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല.