Capturing Business 360°

ദോഹയില്‍ നിന്നു ലക്സംബര്‍ഗിലേക്ക് നേരിട്ടു സര്‍വീസ് ആരംഭിക്കുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയായി ഖത്തര്‍ എയര്‍വേയ്സ്; 2022ല്‍ 250 നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന പ്രഖ്യാപനവുമായി ഖത്തര്‍ എയര്‍വേയ്സ്

ന്യൂഏജ് ന്യൂസ്

ദോഹ: നാലു വര്‍ഷത്തിനുള്ളില്‍ സര്‍വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 250 ആക്കി ഉയര്‍ത്തുമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഖത്തര്‍ എയര്‍വേയ്സ് വളര്‍ച്ചാ പാതയിലാണെന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 163 ലോക നഗരങ്ങളിലേക്കാണ് സര്‍വീസ്. ദോഹയില്‍ നിന്നു ലക്സംബര്‍ഗിലേക്ക് നേരിട്ടു സര്‍വീസ് ആരംഭിക്കുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്ബനിയാണ് ഖത്തര്‍ എയര്‍വേയ്സ്. എസ്തോണിയയിലെ ടല്ലിന്‍, മാള്‍ട്ടയിലെ വല്ലേറ്റ, ഫിലിപ്പീന്‍സിലെ സെബു, ദാവോ, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ദാ നങ് എന്നീ നഗരങ്ങളിലേക്കും ഖത്തര്‍ എയര്‍വേയ്സ് വൈകാതെ സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരം അരങ്ങേറുന്ന 2022ല്‍ 220 ലക്ഷ്യങ്ങളിലേക്കാവും ഖത്തര്‍ എയര്‍വേയ്സിന്റെ യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തുക.

എയര്‍വേയ്സിന്റെ ചരക്കുവിമാനങ്ങള്‍ എത്തുന്ന നഗരങ്ങള്‍ കൂടി കൂട്ടുമ്ബോള്‍ ആകെ സര്‍വീസുകള്‍ 250 ആയി ഉയരുമെന്ന് അല്‍ ബേക്കര്‍ വിശദീകരിച്ചു. ലോകത്ത് ഏറ്റവും മികച്ച ധനശേഷിയുള്ള എയര്‍ലൈന്‍സുകളിലൊന്നാണ് ഖത്തറിന്റേത്. കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനും പണം ഒരു പ്രശ്നമാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പരിധിക്കപ്പുറം ഇന്ധനവില ഉയര്‍ന്നാല്‍ ടിക്കറ്റിന്മേല്‍ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന കമ്ബനികളുടെ രാജ്യാന്തരകൂട്ടായ്മയായ വണ്‍വേള്‍ഡിലേക്ക് ആദ്യമെത്തിയ ഗള്‍ഫ് എയര്‍ലൈന്‍സും ഖത്തര്‍ എയര്‍വേയ്സാണ്. അതിനാല്‍ 150 രാജ്യങ്ങളിലെ 1,000 വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കാന്‍ ഖത്തര്‍ എയര്‍വേയ്സിനാകുമെന്നും അദ്ദേഹം പറഞ്ഞു.